Quantcast

''ഭരണഘടന ഭേദഗതി ചെയ്യുമെന്ന് പറഞ്ഞത് കാണിക്കൂ, രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാം': ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാർ

''അങ്ങനെയൊക്കെ പറയാൻ എനിക്ക് ഭ്രാന്താണോ. ഈ വിഷയം ഉന്നയിക്കുന്നവർക്കാണ് ഭ്രാന്ത്. ഭരണഘടന മാറ്റുമെന്നൊക്കെ പറയുന്നത് ബിജെപിക്കാരാണ്''

MediaOne Logo

Web Desk

  • Published:

    26 March 2025 6:42 AM

ഭരണഘടന ഭേദഗതി ചെയ്യുമെന്ന് പറഞ്ഞത് കാണിക്കൂ, രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാം: ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാർ
X

ബെംഗളൂരു: മതാധിഷ്ഠിത സംവരണം അനുവദിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാൻ നിർദേശിച്ചുവെന്ന ആരോപണങ്ങളില്‍ ബിജെപിയെ വെല്ലുവിളിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവരകുമാര്‍. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുമെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു.

തന്റെ രാഷ്ട്രീയ നിലപാട് സഹിക്കാൻ കഴിയാത്തതിനാൽ ബിജെപി തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ ഇക്കാര്യം പരിശോധിച്ചെന്നും വീഡിയോ പരിശോധിച്ച ശേഷം അത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതായും ഡി.കെ ശിവകുമാർ വ്യക്തമാക്കി.

'' അങ്ങനെയൊക്കെ പറയാന്‍ എനിക്ക് ഭ്രാന്താണോ. ഈ വിഷയം ഉന്നയിക്കുന്നവർക്കാണ് ഭ്രാന്ത്. എന്റെ രാഷ്ട്രീയ നിലപാടുകള്‍ ബിജെപിക്ക് സഹിക്കാനാവുന്നില്ല. ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് ഞാൻ എവിടെയാണ് സംസാരിച്ചത്? അതിനെക്കുറിച്ച് സംസാരിച്ചത് അവരുടെ പാർട്ടി അംഗങ്ങളാണ്''- ഡി.കെ വ്യക്തമാക്കി. "ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് ഞാൻ പറയുന്നതിന്റെ വീഡിയോ ബിജെപിക്കാര്‍ക്ക് ഹാജരാക്കാനാകുമോ? അങ്ങനെയുണ്ടെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തം തന്നെ അവസാനിപ്പിക്കും.- ഡി.കെ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ നിര്‍മാണ കരാറുകളിൽ മുസ്‌ലിം സംവരണത്തിനുള്ള നിയമഭേദഗതിയാണ് സര്‍ക്കാറിനെതിരെ ബിജെപി ഉപയോഗിക്കുന്നത്. ഇതിന്റെ ചുവട്പിടിച്ച് നടന്ന ചര്‍ച്ചകളിലാണ് സംവരണം അനുവദിക്കുന്നതിനായി ഡി.കെ ശിവകുമാര്‍ ഭരണഘടന ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചുവെന്ന് ബിജെപി പ്രചരിപ്പിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ വരെ പ്രചാരണം ഏറ്റുപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി.കെ തന്നെ നേരിട്ട് രംഗത്ത് എത്തിയത്.

TAGS :

Next Story