സംസ്ഥാന ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയും സ്വതന്ത്രവേഷത്തില്‍; ഹിമാചലിൽ വിമതപ്പടയില്‍ പകച്ച് ബി.ജെ.പി-ഇന്ന് നിർണായകം
മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലിനു പുറമെ മുൻ പാർലമെന്റ് അംഗം മഹേശ്വർ സിങ്ങും മകനും മുൻ രാജ്യസഭാംഗം കിർപാൽ സിങ് പാർമറും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ രാം സിങ്ങുമെല്ലാം സ്വതന്ത്രരായി മത്സരരംഗത്തുണ്ട്
ധർമശാല: ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിപ്പിക്കാനിരിക്കെ വിമതശല്യത്തിൽ വലഞ്ഞ് ബി.ജെ.പിയ. 15ഓളം വിമതരാണ് ഇത്തവണ പത്രിക സമർപ്പിച്ചിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും ബി.ജെ.പിക്കാരാണ്. സംസ്ഥാന ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, ഇവരെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് പാർട്ടി നേതാക്കൾ.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സ്വന്തം സംസ്ഥാനമാണ് ഹിമാചൽപ്രദേശ്. അതിനാൽ, ഭരണം നിലനിർത്തൽ ബി.ജെ.പിയെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ്. എന്നാൽ, നദ്ദയ്ക്കും പരിഹരിക്കാനാകാത്ത തരത്തിൽ കാര്യങ്ങൾ കൈവിട്ടുപോകുകയാണ്.
തിരശ്ശീലയ്ക്കു പിന്നില്‍ ധുമൽ?
പുതുമുഖങ്ങൾക്കാണ് ഇത്തവണ ബി.ജെ.പി കൂടുതലും അവസരം നൽകിയത്. മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമൽ അടക്കം 11 സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് ലഭിച്ചിട്ടില്ല. ഇതിനു പിന്നാലെ നേരത്തെ തന്നെ പാർട്ടിയിൽ അസ്വാരസ്യങ്ങളും ഉൾപ്പോരും ഉടലെടുത്തിരുന്നു. ഒടുവിലാണ് ടിക്കറ്റ് നിഷേധിക്കപ്പെട്ട 13 ബി.ജെ.പി വിമതർ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചത്.
പ്രേംകുമാർ ധുമലിനു സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് പാളയത്തിൽ പടയുമായി നേതാക്കൾ രംഗത്തെത്തിയത്. മത്സരരംഗത്തില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമായുണ്ടാകുമെന്ന് ധുമൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിമതനീക്കത്തിനു പിന്നിൽ ചരടുവലിക്കുന്നത് ധുമലാണെന്ന് പാർട്ടി നേതൃത്വം സംശയിക്കുന്നുണ്ട്.
മുൻ പാർലമെന്റ് അംഗം മഹേശ്വർ സിങ്ങും മകൻ ഹിതേശ്വർ സിങ്ങുമാണ് വിമതശബ്ദവുമായി ആദ്യം രംഗത്തെത്തിയത്. മഹേശ്വർ കുളുവിലും ഹിതേശ്വർ തൊട്ടടുത്തുള്ള ബഞ്ചാറിലും സ്വതന്ത്രരായി നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ രാം സിങ്ങും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ധർമശാല ജില്ലാ ബി.ജെ.പി എസ്.ടി മോർച്ച പ്രസിഡന്റ് വിപിൻ നെഹ്‌റിയയാണ് മറ്റൊരു പ്രമുഖ വിമതൻ. ധർമശാലയിൽ ബി.ജെ.പി സ്ഥാനാർത്ഥി രാകേഷ് ചൗധരിക്കെതിരെയാണ് മത്സരിക്കുന്നത്. ബി.ജെ.പി ബ്ലോക്ക് പ്രസിഡന്റ് അനിൽ ചൗധരിയും മത്സരരംഗത്തുണ്ട്.
കംഗ്രയിൽ ബി.ജെ.പിയുടെ ജില്ലാ പഞ്ചായത്ത് അംഗമായ കുൽബാഷ് ചൗധരിയും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഫത്തെഹ്പൂരിൽ വിമതനായി മത്സരിക്കുന്നത് മുൻ രാജ്യസഭാംഗം കിർപാൽ സിങ് പാർമർ ആണ്.
68 മണ്ഡലങ്ങളാണ് ഹിമാചല്‍പ്രദേശിലുള്ളത്. ബി.ജെ.പി എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കൂടുതലും ഒരു ലക്ഷത്തിന് താഴെ വോട്ടർമാരുള്ള ചെറു മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ വോട്ട്ബാങ്കിലെ ചെറിയ വിള്ളല്‍ പോലും ഫലത്തെ ബാധിക്കുമെന്നുറപ്പാണ്.
കോൺഗ്രസിനും വിമതഭീഷണി
കോൺഗ്രസും വിമതഭീഷണി നേരിടുന്നുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി ഭുവനേശ്വർ ഗൗർ അടക്കമുള്ള നേതാക്കളാണ് വിമതരായി മത്സരരംഗത്തുള്ളത്. മണാലിയിലാണ് ഗൗർ വിമതനായി പോരിനിറങ്ങുന്നത്. മുൻ ഹിമാചൽ കോൺഗ്രസ് അധ്യക്ഷൻ കുൽദീപ് കുമാർ ചിന്ത്പുർണിയിലും സ്വതന്ത്രനായി നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
630 പേരാണ് ഇത്തവണ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. നവംബർ 12നാണ് വോട്ടെടുപ്പ്. ബി.ജെ.പിക്കും കോൺഗ്രസിനും പുറമെ എ.എ.പിയും മത്സരരംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമായത് ഗുണമാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനായി സംസ്ഥാനത്തെത്തുന്നുണ്ട്.
Summary: Rebels on over a dozen seats throwing challenge to BJP in Himachal Pradesh assembly polls 2022 as JP Nadda rush in to try for peace in last attempt
Adjust Story Font
16