ഭാര്യ അറിയാതെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് 'സ്വകാര്യതയുടെ ലംഘനം'
ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു
ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. 2020ലെ ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ലിസ ഗില്ലിന്റെ ഉത്തരവ്. പരാതിക്കാരിയും ഭർത്താവും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത സിഡി ഉപയോഗിച്ചു കുറ്റകൃത്യം തെളിയിക്കാൻ ഭർത്താവിനു ബതിൻഡ കുടുംബ കോടതി അനുവാദം നൽകിയിരുന്നു. എന്നാൽ, ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു.
യുവതിയിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് 2017ലാണ് ഭർത്താവ് ഹർജി നൽകിയത്. 2009ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് ഒരു മകളുണ്ട്. കേസിന്റെ ക്രോസ് വിസ്താരത്തിനിടെ, മെമ്മറി കാർഡിലോ മൊബൈൽ ഫോണിലെ ചിപ്പിലോ റെക്കോർഡ് ചെയ്ത സംഭാഷണങ്ങളുടെ സിഡിയും ട്രാൻസ്‌ക്രിപ്റ്റുകളും സഹിതം സപ്ലിമെന്ററി സത്യവാങ്മൂലം സമർപ്പിക്കാൻ അനുമതി തേടി 2019 ജൂലൈയിൽ ഭർത്താവ് അപേക്ഷ സമർപ്പിച്ചു. 2020ൽ, കുടുംബ കോടതി അതിനു അനുവാദം നൽകി. തുടർന്നാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
'പ്രസ്തുത സിഡികൾ ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ ലംഘനവും കടന്നുകയറ്റവുമാണ്. ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 21ന്റെ ലംഘനമാണ്. ഹർജിക്കാരന്റെ സമ്മതമോ അറിവോ കൂടാതെ റെക്കോർഡ് ചെയ്തിരിക്കുന്നതിനാൽ അവ തെളിവായി സ്വീകാര്യമല്ല' ഭാര്യയുടെ അഭിഭാഷകൻ വാദിച്ചു. പിന്നാലെയാണ് ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
Adjust Story Font
16