Quantcast

ഡോ. കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിന്‍വലിക്കുന്നുവെന്ന് യു.പി സര്‍ക്കാര്‍ കോടതിയില്‍

കഫീല്‍ ഖാനെ നാല് വര്‍ഷത്തിലേറെയായി സസ്‌പെന്‍ഡ് ചെയ്തതിനെ എങ്ങനെ ന്യായീകരിക്കുമെന്ന് ജൂലൈ 29ന് അലഹബാദ് ഹൈക്കോടതി ചോദിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    8 Aug 2021 5:57 AM GMT

ഡോ. കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിന്‍വലിക്കുന്നുവെന്ന് യു.പി സര്‍ക്കാര്‍ കോടതിയില്‍
X

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഡോ. കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിന്‍വലിച്ചെന്ന് യു.പി സര്‍ക്കാര്‍. അലഹബാദ് ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കഫീല്‍ ഖാന്‍റെ സസ്പെന്‍ഷന്‍ സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കഫീല്‍ ഖാനെ നാല് വര്‍ഷത്തിലേറെയായി സസ്‌പെന്‍ഡ് ചെയ്തതിനെ എങ്ങനെ ന്യായീകരിക്കുമെന്ന് ജൂലൈ 29ന് അലഹബാദ് ഹൈക്കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിന്നാലെയാണ് പുനരന്വേഷണം പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

2017ലാണ് ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 60 കുഞ്ഞുങ്ങള്‍ മരിച്ചത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനെ പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു. 9 മാസം ജയിലിലിടയ്ക്കുകയും ചെയ്തു. 2019ല്‍ കഫീല്‍ഖാനെ കുറ്റമുക്തനാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുറത്തുനിന്ന് ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

2019ല്‍ കഫീല്‍ ഖാനെതിരെ യോഗി സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 24നാണ് പുനരന്വേഷണം തുടങ്ങിയത്. തുടരന്വേഷണം പ്രഖ്യാപിച്ചതിലെ കാലതാമസവും നാല് വര്‍ഷത്തിലേറെയായി സസ്‌പെന്‍ഷന്‍ തുടരുന്നതും വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വീണ്ടും വാദം കേട്ടപ്പോഴാണ് കഫീല്‍ ഖാനെതിരായ തുടരന്വേഷണം പിന്‍വലിച്ചെന്ന് കോടതിയെ അറിയിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രസംഗത്തിന്‍റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കഫീല്‍ ഖാനെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സുരക്ഷാ നിയമം ചുമത്തിയായിരുന്നു അറസ്റ്റ്. കോടതി ഇടപെട്ടാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

TAGS :

Next Story