മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങിയ ശ്യാം രംഗലീലയുടെ നാമനിര്‍ദേശ പത്രിക തള്ളി
സത്യപ്രതിജ്ഞ ചൊല്ലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
ലക്‌നൗ: വാരാണസിയില്‍ നരേന്ദ്രമോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങിയ ഹാസ്യ താരം ശ്യാം രംഗലീലയുടെ നാമനിര്‍ദേശ പത്രിക തള്ളി. സത്യപ്രതിജ്ഞ ചൊല്ലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മണ്ഡലത്തില്‍ 36 പേരുടെ പത്രിക തള്ളിയതായി തെരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന വാരാണസിയില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ശ്യാം രംഗ്‌ലീല നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി പത്രിക തള്ളിയതായി ഇന്നലെ അധികൃതര്‍ വിവരം അറിയിക്കുകയായിരുന്നു. ജില്ല മജിസ്‌ട്രേറ്റിന് മുന്നില്‍ പത്രിക നല്‍കാന്‍ എത്തുന്നഘട്ടത്തില്‍ അഭിഭാഷകനെ അകത്ത് കടത്തിവിടാന്‍ അനുവദിച്ചിരുന്നില്ലെന്ന് ശ്യാം ആരോപിച്ചു. പത്രികാ സമര്‍പ്പണത്തിന്റെ സാങ്കേതിക നടപടികളില്‍ ബോധ്യമില്ലാതിരുന്നതിനാല്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. എന്നാല്‍ ഇക്കാര്യം പത്രികാസമര്‍പ്പണഘട്ടത്തില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നില്ലെന്നും ശ്യാം രംഗ്‌ലീല പറഞ്ഞു.
'വാരാണസിയില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. ഹൃദയം തകര്‍ന്നിരിക്കുകയാണെങ്കിലും തീരുമാനത്തില്‍ മാറ്റമില്ല. മാധ്യമങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലയെന്നും രംഗ്‌ലീല വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാകാതെ എന്തിനാണ് വരണാധികാരി പത്രിക കൈപ്പറ്റിയതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. എന്നാല്‍ ശ്യാമിന്റെ സാന്നിധ്യത്തില്‍ സൂക്ഷമ പരിശോധന നടത്തി പത്രികയിലെ പോരായ്മകള്‍ ബോധ്യപ്പെടുത്തിയിരുന്നുവെന്നാണ് വരണാധികാരി പറയുന്നത്. ഇത് പരിഹരിക്കാത്തതിനാലാണ് പത്രിക തള്ളിയതെന്നും ജില്ല മജിസ്‌ട്രേറ്റ് വ്യക്തമാക്കി. 55 പേര്‍ പത്രിക തള്ളിയെങ്കിലും മോദിയും, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായുമടക്കം 15 പേര്‍ മാത്രമാണ് വാരാണസിയില്‍ മത്സരരംഗത്ത് ബാക്കിയുള്ളത്.
Adjust Story Font
16