സ്‌കൂളുകളിൽ ഇപ്പോൾ ഹിജാബ് അല്ലാത്ത എല്ലാ മതചിഹ്നങ്ങളും അനുവദനീയമാണ്: ഉവൈസി
പൊലീസ് സ്റ്റേഷനുകളിൽ ദീപാവലി പൂജകൾ നടക്കുന്നില്ലേ? പൊലീസ് സ്റ്റേഷൻ അങ്ങനെയൊരു സ്ഥലമാണോ? എത്രയോ ജഡ്ജിമാർ തിലകം ചാർത്തി കോടതികളിലെത്താറുണ്ട്. അതൊരു പ്രശ്‌നമല്ലേ?-ഉവൈസി ചോദിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീവ് ഉവൈസി. ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ഒഴികെ മറ്റെല്ലാ മതചിഹ്നങ്ങളും അനുവദനീയമാണെന്ന് ഉവൈസി പറഞ്ഞു.
''രാം മന്ദിർ വിധിയിൽ വിയോജിച്ചതുപോലെ ഈ കോടതിവിധിയോടും ഞാൻ വിയോജിക്കുന്നു. കോടതിവിധിയോട് വിയോജിക്കാൻ എനിക്ക് അവകാശമുണ്ട്. ഇപ്പോൾ ഹിജാബ് ഒഴികെ മറ്റെല്ലാ മതചിഹ്നങ്ങളും സ്‌കൂളുകളിൽ അനുവദനീയമാണ്. സിന്ദൂരം ചാർത്തി സ്‌കൂളിലെത്തുന്ന കുട്ടികളെ തടയരുതെന്ന് നേരത്തെ കർണാടകയിലെ ഒരു ബിജെപി മന്ത്രി പറഞ്ഞിരുന്നു''- ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിൽ ഉവൈസി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് മേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പറ്റുന്ന സ്ഥലങ്ങളെക്കുറിച്ച് വിധിന്യായത്തിൽ പറയുന്നുണ്ട്. ജയിലുകൾ, സൈനിക ക്യാമ്പുകൾ, സ്‌കൂളുകൾ എന്നിവയാണ് ഇത്തരം സ്ഥലങ്ങളായി പറയുന്നത്. കോടതി എന്തടിസ്ഥാനത്തിലാണ് സ്‌കൂളുകളെയും ജയിലുകളെയും തമ്മിൽ താരതമ്യപ്പെടുത്തുന്നതെന്നും ഉവൈസി ചോദിച്ചു.
പൊലീസ് സ്റ്റേഷനുകളിൽ ദീപാവലി പൂജകൾ നടക്കുന്നില്ലേ? പൊലീസ് സ്റ്റേഷൻ അങ്ങനെയൊരു സ്ഥലമാണോ? എത്രയോ ജഡ്ജിമാർ തിലകം ചാർത്തി കോടതികളിലെത്താറുണ്ട്. അതൊരു പ്രശ്‌നമല്ലേ?-ഉവൈസി ചോദിച്ചു.
''ഹിജാബ് നിർബന്ധിത മതാചാരമാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണോ അതോ മതപണ്ഡിതൻമാരാണോ? ഹിജാബ് നിർബന്ധിത മതാചാരമാണെന്ന് പറഞ്ഞ് ഒരു മൗലാനയും സത്യവാങ്മൂലം നൽകിയിട്ടില്ലെന്നാണ് കോടതി പറയുന്നത്. ഞങ്ങൾ അറിഞ്ഞിരുന്നെങ്കിൽ മുഴുവൻ മൗലാനമാരെക്കൊണ്ടും അവരുടെ അഭിപ്രായം അറിയിക്കാൻ കഴിയുമായിരുന്നു''- ഉവൈസി പറഞ്ഞു.
Adjust Story Font
16