Quantcast

കര്‍ഷകരുടെ തല തല്ലിപ്പൊളിക്കണമെന്ന ആഹ്വാനം; ഉദ്യോഗസ്ഥനെതിരെ നടപടിയെന്ന് ഹരിയാന ഉപമുഖ്യമന്ത്രി

ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    29 Aug 2021 1:17 PM GMT

കര്‍ഷകരുടെ തല തല്ലിപ്പൊളിക്കണമെന്ന ആഹ്വാനം; ഉദ്യോഗസ്ഥനെതിരെ നടപടിയെന്ന് ഹരിയാന ഉപമുഖ്യമന്ത്രി
X

കര്‍ണാലില്‍ കർഷകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ അപലപിച്ച് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. കര്‍ണാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയ്ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്ന കർഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉന്നതവൃത്തം പൊലീസുകാർക്ക് ആയുഷ് സിന്‍ഹ നിര്‍ദേശം നല്‍കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.

കാര്യം വളരെ വ്യക്തവും ലളിതവുമാണ്. ആരായാലും എവിടെനിന്നു വന്നവരായാലും ഒരുത്തനെയും യോഗസ്ഥലത്ത് എത്താൻ അനുവദിക്കരുത്. ഇത് ലംഘിക്കാൻ എന്തു വിലകൊടുത്തും അനുവദിക്കില്ല. ശക്തമായി തന്നെ അവരെ ലാത്തികൊണ്ട് അടിക്കുക. ഒരു നിർദേശത്തിനും കാത്തിരിക്കേണ്ട. നന്നായി തന്നെ പെരുമാറുക. ഏതെങ്കിലും സമരക്കാരൻ ഇവിടെയെത്തിയിട്ടുണ്ടെങ്കിൽ അവന്റെ തല അടിച്ചുപൊട്ടിച്ചിരിക്കണം- വീഡിയോയിൽ സിൻഹ പൊലീസുകാർക്ക് നിർദേശം നൽകുന്നത് വ്യക്തമാണ്.

ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും തീര്‍ച്ചയായും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും ദുഷ്യന്ത് ചൗട്ടാല മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയാണ് കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയില്‍ കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാര്‍ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു സംഭവം. വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾ മൂന്നാംഘട്ട സമരം പ്രഖ്യാപിക്കുകയും ഈ യോഗത്തിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇവിടേക്കെത്തിയ കർഷകരെ പൊലീസ് തടഞ്ഞു. ബി.ജെ.പി നേതാക്കളുടെ വാഹനം തടയാനും കരിങ്കൊടി കാട്ടാനും ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേല്‍ക്കുകയും ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story