Quantcast

ഇന്ത്യയെ ഭയം ഭരിച്ച കാലം; അടിയന്തരാവസ്ഥയുടെ അമ്പത് വർഷങ്ങൾ

1975 ജൂണ്‍ 25 നാണ് ഇന്ദിരാ ഗാന്ധിയുടെ നിർദേശ പ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 Jun 2024 9:03 AM GMT

ഇന്ത്യയെ  ഭയം ഭരിച്ച കാലം; അടിയന്തരാവസ്ഥയുടെ അമ്പത് വർഷങ്ങൾ
X

ഭരണകൂട ഭീകരത പൗരാവകാശങ്ങളും മൗലികാവകാശങ്ങളും റദ്ദാക്കി സ്വതന്ത്ര ഇന്ത്യയെ ​സേച്ഛാധിപത്യത്തിൻ കീഴിലമർത്തിയിട്ട് അമ്പതാണ്ടാകുന്നു. 1975 ജൂണ്‍ 25 ന് അർദ്ധരാത്രിയിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശ പ്രകാരം പ്രസിഡൻറ് ഫക്രുദ്ദീന്‍ അലി അഹ്‌മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1977 മാര്‍ച്ച് 21 വരെ 635 ദിവസങ്ങൾ ഇന്ത്യയെ ഭരിച്ചത് ഇന്ദിരയുടെ ഫാസിസവും ഏകാധിപത്യവുമാണ്.

1971 ലെ തെരഞ്ഞെടുപ്പിൽ റായ് ബറേലിയിൽ ഇന്ദിരാ ഗാന്ധിയുടെ എതിർ സ്ഥാനാർഥിയായിരുന്ന രാജ് നാരായൺ നൽകിയ ഹരജിയായിരുന്നു അടിയന്തരാവസ്ഥയിലേക്ക് ഇന്ദിരക്ക് വഴിവെട്ടിയത്. ക്രമക്കേടും ജനപ്രാതിനിധ്യ നിയമം-1951-ന്റെ ലംഘനവും ആരോപിച്ചായിരുന്നു ഹരജി. ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുവെന്നും ആരോപണം ഉയർന്നു.

സർക്കാർ സംവിധാനങ്ങൾ ഇന്ദിരാ ഗാന്ധി ദുരുപയോഗം ചെയ്തെന്ന കണ്ടെത്തിയ അലഹബാദ് ഹൈക്കോടതി 1975 ജൂൺ 12 ന് ആറ് വർഷത്തേക്ക് അവരെ ലോക്‌സഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അയോഗ്യയാക്കി വിധിപുറപ്പെടുവിച്ചു. ഇതിനെതിരെ സുപ്രിം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അവിടെയും തിരിച്ചടി നേരിട്ടു.1975 ജൂൺ 24 ന് മലയാളിയായ ജ. കൃഷ്ണയ്യറുടെ ബെഞ്ചിന്റെ ഇടക്കാല വിധി ഇന്ദിരയുടെ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചു. ബദൽ സംവിധാനം ഒരുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരാമെന്നും ഉത്തരവിട്ടു. ഈ​ കേസും വിധിയും വരുന്ന കാലത്ത് തന്നെ പുറത്ത് കേന്ദ്ര സർക്കാരിനും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരി​നുമെതിരെ സമരങ്ങളും ​പ്രക്ഷോഭങ്ങളും നടക്കുന്നുണ്ടായിരുന്നു. ഹോസ്റ്റൽ മെസ് ഫീ വർധനക്കെതിരെ ബിഹാറിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾക്കെതിരായ ജനകീയ പ്രക്ഷോഭവും കരുത്താർജ്ജിച്ചു.

തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നതോടെ ഇന്ദിര സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടിരിന്നു. ഇതിന് പിന്നാലെ ജനസംഖ്യാനിയന്ത്രണവും വ്യാപക വന്ധ്യംകരണ ശസ്ത്രക്രിയകൾക്കുമെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങൾ അലയടിക്കുന്ന സന്ദർഭത്തിലാണ് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുന്നത്. ഇതോടെ പ്ര​ക്ഷോഭങ്ങൾ കനക്കുമെന്ന് തിരിച്ചറിഞ്ഞ ഇന്ദിര നേരം ഇരുട്ടിവെളുക്കും മുന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്വതന്ത്ര ഇന്ത്യയെ ഏകാധിപത്യത്തിന് കീഴിലാക്കി. അവരുടെ നിർദേശങ്ങളെയെല്ലാം ഒരു എതിർപ്പുമില്ലാതെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് നടപ്പാക്കി. ഭരണഘടനയുടെ 352 ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് അനുസരിച്ചായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനൊപ്പം പൗരന്മാർക്ക് മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയിലെ 14,21,22 വകുപ്പുകളും അവർ മരവിപ്പിച്ചു.

രാജ്യത്ത് ആഭ്യന്തര കലാപാവസ്ഥ നിലനിൽക്കുന്നു, രാജ്യം സുരക്ഷാ ഭീഷണിയിലു​മാണെന്നായിരുന്നു ഇന്ദിര ഗാന്ധിയുടെ വാദം. ഭരണകൂട ഭീകരത ഇന്ത്യയെ ഭരിക്കുകയായിരുന്നു പിന്നീട്. സകല അധികാരങ്ങളും ഇന്ദിരയിൽ കേന്ദ്രീകൃതമായി. തെരഞ്ഞെടുപ്പുകൾ റദ്ദാക്കപ്പെട്ടു. മൗലികാവകാശങ്ങള്‍ അസാധുവായിപത്രങ്ങൾക്ക് സെൻസർഷിപ്പ്. രാഷ്ട്രീയ എതിരാളികളെ തടവിലാക്കി. പലരെയും​ പൊലീസ് ക്രൂരമായി വേട്ടയാടി. കേരളത്തിലും വിദ്യാർഥി നേതാക്കളെയും സ്ത്രീകളെയും രാഷ്ട്രിയ പ്രവർത്തകരെയും പൊലീസ് വേട്ടയാടി.

അടിയന്തരാവസ്ഥ പിൻവലിച്ച് 1977 ജനുവരി 18 ഇന്ദിര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ ജനരോഷം ബാലറ്റായി പെട്ടിയിൽ വീണതോടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു. വോട്ടെടുപ്പ് ദിവസം ജനങ്ങൾ പോളിങ്ങ് ബൂത്തുകളി​ലേക്ക് ഒഴുകുകയായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ​ഇന്ദിരക്കും കോൺ​ഗ്രസിനുമെതിരെ ജനത്തിന്റെ വിധിയെഴുത്തായിരുന്നു അത്. വോട്ടെണ്ണിയപ്പോൾ പ്രതിപക്ഷ സഖ്യമായ ജനതാപാർട്ടിക്കായിരുന്നു വൻ ഭൂരിപക്ഷം. കോൺഗ്രസ് 153ലൊതുങ്ങി . ഹിന്ദി ബെൽറ്റിൽ കോൺഗ്രസ് സമ്പൂർണ പരാജയം നേരിട്ടു. റായ്ബറേലിയിൽ ഇന്ദിരാഗാന്ധി രാജ് നരായണിനോടും സഞ്ജയ് ഗാന്ധി അമേഠിയിൽ രവീന്ദ്ര പ്രതാപ് സിംഗിനോടും പരാജയപ്പെട്ടു. അടിയന്തരാവസ്ഥ​​യോട് ഒപ്പം നിന്ന ഭൂരിപക്ഷം പേരെയും ജനങ്ങൾ ​പരാജയപ്പെടുത്തി. ജനതാപാർട്ടിയുടെ നേതൃത്വത്തിൽ 1977 മാര്‍ച്ച് 24 ന് മൊറാർജി ദേശായി ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രി ഇന്ത്യയുടെ അധികാരത്തിലെത്തി.

TAGS :

Next Story