Quantcast

മോദിയുടെ പേരിലുള്ള ക്ഷേത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രതിമ മാറ്റി; 'നിരാശാജനകമെന്ന്' എന്‍.സി.പി

പൂനെയിലെ ഔധ് ഡി.പി റോഡില്‍ നമോ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ മയൂര്‍ മുണ്ടെയാണ് മോദിയുടെ പേരില്‍ ക്ഷേത്രം പണിത് വിഗ്രഹം സ്ഥാപിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതിന്റെ ആദരസൂചകമായാണ് പ്രധാനമന്ത്രിയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചതെന്നാണ് മയൂര്‍ പറഞ്ഞിരുന്നത്.

MediaOne Logo

Web Desk

  • Published:

    19 Aug 2021 9:50 AM GMT

മോദിയുടെ പേരിലുള്ള ക്ഷേത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രതിമ മാറ്റി; നിരാശാജനകമെന്ന് എന്‍.സി.പി
X

പൂനെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള ക്ഷേത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രതിമ മാറ്റി. വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍ തന്നെയാണ് പ്രതിമ മാറ്റിയത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിമ മാറ്റിയതെന്നാണ് സൂചന.

അതേസമയം പ്രതിമ മാറ്റിയത് നിരാശാജനകമാണെന്ന് എന്‍.സി.പി നേതാക്കള്‍ പരിഹസിച്ചു. ഞങ്ങള്‍ ക്ഷേത്രം സന്ദര്‍ശിച്ച് എക്കാലത്തെയും ഉയര്‍ന്ന വിലയിലുള്ള പെട്രോള്‍, എല്‍.പി.ജി, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ സമര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. അവശ്യസാധനങ്ങളുടെ വിലകുറക്കാനും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും ജനകീയപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനും വേണ്ടി പ്രാര്‍ത്ഥിക്കാനും ആഗ്രഹിച്ചിരുന്നു. പക്ഷെ പ്രധാനമന്ത്രിയുടെ പ്രതിമ ഒഴിവാക്കിയെന്ന് കേട്ടപ്പോള്‍ വലിയ നിരാശ തോന്നുന്നു-പൂനെയിലെ എന്‍.സി.പി നേതാവായ പ്രശാന്ത് ജഗ്താപ് പറഞ്ഞു.

പൂനെയിലെ ഔധ് ഡി.പി റോഡില്‍ നമോ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ മയൂര്‍ മുണ്ടെയാണ് മോദിയുടെ പേരില്‍ ക്ഷേത്രം പണിത് വിഗ്രഹം സ്ഥാപിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതിന്റെ ആദരസൂചകമായാണ് പ്രധാനമന്ത്രിയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചതെന്നാണ് മയൂര്‍ പറഞ്ഞിരുന്നത്.

പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. പ്രാദേശിക ബി.ജെ.പി നേതൃത്വവും മയൂരിന്റെ നടപടിയെ വിമര്‍ശിച്ചതോടെയാണ് അദ്ദേഹം പ്രതിമ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. പ്രതിമ മാറ്റിയതിനെ കുറിച്ച് പ്രതികരിക്കാന്‍ മയൂര്‍ തയ്യാറായിട്ടില്ല.

പ്രധാനമന്ത്രിയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ച് പ്രതിമ സ്ഥാപിച്ചു എന്നുള്ളത് സത്യമാണ്. അദ്ദേഹത്തിന് പ്രധാനമന്ത്രിയോടുള്ള അടുപ്പത്തിന്റെ ഭാഗമായാണ് അത് ചെയ്തത്. പാര്‍ട്ടിക്ക് അതിനെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇത്തരം നടപടികളെ പാര്‍ട്ടി പിന്തുണക്കുന്നില്ല. വിമര്‍ശനം ഉയര്‍ന്നത് മൂലമാണ് അദ്ദേഹം പ്രതിമ നീക്കം ചെയ്തതെന്നാണ് കരുതുന്നതെന്നും ശിവാജിനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആയ സിദ്ധാര്‍ത്ഥ് ശിരോലെ പറഞ്ഞു.

TAGS :

Next Story