സോണിയാഗാന്ധി ഔദ്യോഗിക വസതിയുടെ വാടക അവസാനമായി നൽകിയത് ഒന്നര കൊല്ലം മുമ്പ്; വിവരാവകാശ രേഖ
കോൺഗ്രസ് പാർട്ടി ആസ്ഥാനമടക്കം നേതാക്കളുടെ പല കെട്ടിടങ്ങൾക്കും വാടക ഇനത്തിൽ വൻ കുടിശ്ശികയെന്നും റിപ്പോർട്ട്
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ കൈവശം വച്ചിരുന്ന നിരവധി കെട്ടിടങ്ങൾക്ക് വാടക നൽകുന്നില്ലെന്ന് വിവരാവകാശ രേഖകൾ. വിവരാവകാശ പ്രവർത്തകൻ സുജിത് പട്ടേൽ സമർപ്പിച്ച അപേക്ഷയിലാണ് പല വസ്തുക്കളുടെയും വാടക കെട്ടിക്കിടക്കുന്നതായി മറുപടി ലഭിച്ചത്. അക്ബർ റോഡിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് 12,69,902 രൂപ വാടക കെട്ടിക്കിടക്കുന്നുണ്ടെന്നും 2012 ഡിസംബറിലാണ് അവസാനമായി വാടക അടച്ചതെന്നും കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയത്തിന്റെ വിവരാവകാശ മറുപടിയിൽ പറയുന്നു.
10 ജൻപഥ് റോഡിലുള്ള സോണിയാ ഗാന്ധിയുടെ വസതിക്ക്, 4,610 രൂപ വാടക കെട്ടിക്കിടക്കുന്നുണ്ട്, 2020 സെപ്റ്റംബറിലാണ് അവസാനമായി വാടക ലഭിച്ചത്. സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി വിൻസെന്റ് ജോർജ് താമസിക്കുന്ന ഡൽഹിയിലെ ചാണക്യപുരിയിലെ C-ll/109 ബംഗ്ലാവിൽ 5,07,911 രൂപ വാടക കുടിശ്ശികയുണ്ട്. ഇതിന് അവസാനമായി വാടക അടച്ചത് 2013 ആഗസ്റ്റിലാണ്. ഭവന ചട്ടം അനുസരിച്ച് എല്ലാ പാർട്ടികൾക്കും സ്വന്തമായി ഓഫീസ് നിർമ്മിക്കാൻ മൂന്ന് വർഷത്തെ സമയം നൽകിയിട്ടുണ്ട്. അതിന് ശേഷം സർക്കാർ ബംഗ്ലാവ് ഒഴിയേണ്ടിവരും.
2010 ജൂണിൽ 9 എ റൂസ് അവന്യൂവിൽ പാർട്ടി ഓഫീസ് പണിയാൻ കോൺഗ്രസിന് സ്ഥലം അനുവദിച്ചു. 2013 ഓടെ കോൺഗ്രസ് പാർട്ടിയുടെ അക്ബർ റോഡിലെ ഓഫീസും രണ്ട് ബംഗ്ലാവുകളും ഒഴിയേണ്ടതായിരുന്നു. 2020 ജൂലൈയിൽ ഒരു മാസത്തിനുള്ളിൽ ലോധി റോഡിലെ താമസസ്ഥലം ഒഴിയണമെന്ന് കാണിച്ച് സർക്കാർ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
അതേസമയംഅഴിമതികൾ ചെയ്യാൻ കഴിയാത്തതിനാലാണ് സോണിയ ഗാന്ധിക്ക് വാടക നൽകാൻ കഴിയാത്തതെന്ന് ബി.ജെ.പി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗ പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റതോടെ വാടക കൊടുക്കാൻ സോണിയാ ഗാന്ധിക്ക് കഴിയാതെ വന്നത്. പക്ഷേ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒരു മനുഷ്യനെന്ന നിലയിൽ അവരെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സോണിയാഗാന്ധി റിലീഫ് ഫണ്ട് എന്ന കാമ്പയിൻ ആരംഭിക്കുന്നതായും ഞാൻ അതിലേക്ക് 10 രൂപ അയച്ചതായും അദ്ദേഹം ട്വിറ്ററിലൂടെ പരിഹസിച്ചു.
Adjust Story Font
16