രേണുകാസ്വാമി കൊലപാതകം; ദർശൻ്റെ ജാമ്യത്തിനെതിരെ ബെംഗളൂരു പൊലീസ് സുപ്രിംകോടതിയിലേക്ക്
ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ദർശന് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശനും മറ്റു പ്രതികൾക്കും ജാമ്യം നൽകിയതിനെതിരെ ബെംഗളൂരു പൊലീസ്. ജാമ്യത്തിനെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിലെ രണ്ടാം പ്രതിയായ ദർശന് കർണാടക ഹൈക്കോടതി വെള്ളിയാഴ്ചയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ദർശൻ്റെ സുഹൃത്ത് പവിത്ര ഗൗഡ, മറ്റ് പ്രതികളായ ആർ. നാഗരാജു, അനു കുമാർ, ലക്ഷ്മൺ എം, ജഗദീഷ്, പ്രദൂഷ് എസ് റാവു എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ദർശന് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്.
ദർശന്റെ ആരാധകനായിരുന്ന രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദർശനും പവിത്ര ഗൗഡയും അടക്കം 15 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ചാണ് പ്രതികൾ രേണുകാസ്വാമിയെ കടത്തിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ക്രൂരമർദനങ്ങൾക്കൊടുവിലാണ് രേണുകസ്വാമി കൊല്ലപ്പെട്ടതെന്നും കുറ്റപത്രത്തിൽ പറയുന്നു.
Adjust Story Font
16