Quantcast

പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ചില്ലെങ്കില്‍ ഷഹീന്‍ബാഗ് ആവര്‍ത്തിക്കും: ഉവൈസി

'എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കിയാല്‍ ഞങ്ങള്‍ വീണ്ടും തെരുവിലിറങ്ങും'

MediaOne Logo

Web Desk

  • Published:

    22 Nov 2021 6:10 AM GMT

പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ചില്ലെങ്കില്‍ ഷഹീന്‍ബാഗ് ആവര്‍ത്തിക്കും: ഉവൈസി
X

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മറ്റൊരു ഷഹീന്‍ബാഗ് ഇവിടെയുണ്ടാകുമെന്നും ഉവൈസി പറഞ്ഞു.

"വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതുപോലെ പൌരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി സര്‍ക്കാരിനോടും ആവശ്യപ്പെടുന്നു. കാരണം ഭരണഘടനാവിരുദ്ധമാണത്. എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കിയാല്‍ ഞങ്ങള്‍ വീണ്ടും തെരുവിലിറങ്ങും. മറ്റൊരു ഷഹീന്‍ബാഗ് ഇവിടെയുണ്ടാകും"- ഉവൈസി ബാരാബങ്കിയില്‍ പറഞ്ഞു.

സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരെ ആയിരക്കണക്കിന് സ്ത്രീകള്‍ മാസങ്ങളോളം സമരം ചെയ്ത സ്ഥലമാണ് ഷഹീന്‍ബാഗ്. 2019 ഡിസംബർ 15 നു തുടങ്ങിയ സമരം സമാധാനപരമായാണ് മുന്നേറിയത്. സി‌എ‌എ-എൻ‌ആർ‌സി-എൻ‌പി‌ആറിനെതിരെ ഏറ്റവും ദൈർഘ്യമേറിയ പ്രതിഷേധമായി ഷഹീന്‍ബാഗ് സമരം മാറി.

നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചതെന്ന് ഉവൈസി പറഞ്ഞു. സ്വയം ഒരു 'ഹീറോ' ആയി മാറാനുള്ള ഒരു അവസരവും മോദി നഷ്ടപ്പെടുത്തില്ല. പ്രതിഷേധത്തിനിടെ മരിച്ച 750ഓളം കര്‍ഷകരുടെ പ്രയത്‌നമാണ് യഥാര്‍ത്ഥത്തില്‍ വിജയം കണ്ടതെന്നും ഉവൈസി പറഞ്ഞു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എഐഎംഐഎം 100 സീറ്റില്‍ മത്സരിക്കുമെന്നും ഉവൈസി പറഞ്ഞു. 403 നിയമസഭാ സീറ്റുകളാണ് യു.പിയിലുള്ളത്. സഖ്യം രൂപീകരിക്കാൻ മറ്റ് പാര്‍ട്ടികളുമായി എഐഎംഐഎം ചര്‍ച്ച നടത്തുന്നുണ്ട്.

2017ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 403ൽ 312 സീറ്റുകളില്‍ ജയിച്ചാണ് ബിജെപി അധികാരത്തിലേറിയത്. സമാജ്‌വാദി പാർട്ടി 47 സീറ്റുകൾ നേടി. ബിഎസ്പി 19 സീറ്റുകളില്‍ വിജയിച്ചു. കോൺഗ്രസിന് നേടാനായത് ഏഴ് സീറ്റുകൾ മാത്രമാണ്.

TAGS :

Next Story