കർണാടകയിലെ ഒരു ബൂത്തിൽ ഏപ്രിൽ 29ന് വീണ്ടും വോട്ടെടുപ്പ്
സംഘർഷത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നശിപ്പിച്ചതിനെ തുടർന്നാണ് നടപടി
ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ലോക്‌സഭാ മണ്ഡലത്തിലുള്ള ഹനൂരിലെ ഒരു പോളിങ് കേന്ദ്രത്തിൽ ഏപ്രിൽ 29ന് വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 26ന് ബൂത്തിൽ നടന്ന വോട്ടെടുപ്പ് അസാധുവാക്കാൻ കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. കമ്മിഷന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്.
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണോ വേണ്ടയോ എന്നതിനെ ചൊല്ലി ചാമരാജനഗര ജില്ലയിലെ ഇൻഡിഗനാഥ ഗ്രാമത്തിലെ രണ്ട് സംഘങ്ങൾ തമ്മിൽ വെള്ളിയാഴ്ച സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിനിടെ സംഘം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നശിപ്പിച്ചതിനെ തുടർന്നാണ് നടപടി.
മതിയായ അടിസ്ഥാന സൗകര്യ വികസനമില്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പ്രാദേശിക ഉദ്യോഗസ്ഥരുടെ ഉറപ്പിനും ശ്രമങ്ങൾക്കും ശേഷമാണ് വോട്ടെടുപ്പ് നടന്നത്. പ്രാഥമിക വിവരമനുസരിച്ച് ഒരു സംഘം വോട്ടുചെയ്യാനും മറ്റൊന്ന് ബഹിഷ്‌കരിക്കാനും തീരുമാനിച്ചു. ഇത് അവർ തമ്മിൽ സംഘർഷത്തിലേക്ക് നയിച്ചു. ഈ സമയം അവർ ഇ.വി.എമ്മുകൾ നശിപ്പിക്കുകയും കല്ലെറിയുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Adjust Story Font
16