Quantcast

'ഭയമോ പക്ഷപാതമോ ഇല്ലാതെ പ്രവര്‍ത്തനം തുടരൂ': ഇന്ത്യയിലെ ജീവനക്കാരോട് ബിബിസി

ബിബിസിക്ക് പ്രത്യേകമായ ഒരു അജണ്ടയുമില്ലെന്ന് ബിബിസി ഡയറക്ടർ ജനറല്‍ ടിം ഡേവി

MediaOne Logo

Web Desk

  • Updated:

    2023-02-24 05:49:42.0

Published:

24 Feb 2023 5:45 AM GMT

Report Without Fear or Favour BBC Director General says
X

ഡല്‍ഹി: ഭയമോ പക്ഷപാതമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് ബിബിസി ഡയറക്ടർ ജനറലും ചീഫ് എഡിറ്ററുമായ ടിം ഡേവി. ബിബിസിയുടെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ടിം ഡേവി ഇക്കാര്യം പറഞ്ഞത്. ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ബിബിസിയുടെ വിശദീകരണം.

ജീവനക്കാരുടെ ധൈര്യത്തിന് ടിം ഡേവി നന്ദി പറഞ്ഞു. ബിബിസിയെ സംബന്ധിച്ച് നിഷ്പക്ഷമായി റിപ്പോർട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം ഇ മെയിലില്‍ വ്യക്തമാക്കി- "ഭയമോ പക്ഷപാതമോ ഇല്ലാതെ റിപ്പോര്‍ട്ട് ചെയ്യാനുള്ള നമ്മുടെ കഴിവിനേക്കാള്‍ പ്രാധാന്യം മറ്റൊന്നിനുമില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ വാര്‍ത്തകള്‍ എത്തിക്കുക എന്നതാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരോടുള്ള നമ്മുടെ കടമ. ആ ചുമതലയിൽ നിന്ന് നമ്മള്‍ പിന്മാറുകയില്ല. ബിബിസിക്ക് പ്രത്യേകമായ ഒരു അജണ്ടയുമില്ലെന്ന് ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. നമ്മള്‍ ലക്ഷ്യത്താൽ നയിക്കപ്പെടുന്നു. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാന്‍ ആളുകളെ സഹായിക്കുന്നതിന് നിഷ്പക്ഷമായ വാർത്തകളും വിവരങ്ങളും നൽകുക എന്നതാണ് ലക്ഷ്യം".

ഗുജറാത്ത് വംശഹത്യ പരാമര്‍ശിക്കുന്ന 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി നിരോധിച്ചതിനു പിന്നാലെയാണ് ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടന്നത്. ഫെബ്രുവരി 14നായിരുന്നു ഇത്. എന്നാല്‍ നടന്നത് റെയ്ഡല്ല, സര്‍വേ ആണെന്നായിരുന്നു വിശദീകരണം. മൂന്നു ദിവസമായി 60 മണിക്കൂറോളം പരിശോധന നീണ്ടുനിന്നു. 10 വര്‍ഷത്തെ കണക്കുകളാണ് പരിശോധിച്ചത്.

അന്താരാഷ്ട്ര വിനിമയം, മാതൃകമ്പനിയും ഉപകമ്പനിയും തമ്മിലുള്ള ഇടപാടുകളിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. നോട്ടീസ് നൽകിയിട്ടും ബിബിസിയുടെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമുണ്ടായതാണ് പരിശോധനകൾക്ക് കാരണമെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ബിബിസി ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. റെയ്ഡിനു ശേഷമാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനം വിശദീകരിച്ച് ബിബിസി ഡയറക്ടർ ജനറല്‍ ജീവനക്കാര്‍ക്ക് ഇ മെയില്‍ അയച്ചത്.

Summary- BBC director general Tim Davie said in an email to staff in India that the BBC will not be put off from reporting without fear or favour

TAGS :

Next Story