Quantcast

മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനാവില്ല: സുപ്രിംകോടതി

പശ്ചിമ ബംഗാളില്‍ ഒബിസി പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹരജി പരിഗണിക്കവെയാണ് നിരീക്ഷണം

MediaOne Logo

Web Desk

  • Published:

    9 Dec 2024 2:05 PM GMT

മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനാവില്ല: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാനാവില്ലെന്ന് സുപ്രിംകോടതി. പശ്ചിമ ബംഗാളില്‍ ഒബിസി പട്ടിക റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2010ന് ശേഷം 77 വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ ഭൂരിപക്ഷവും മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. പിന്നാക്ക വിഭാഗ കമ്മീഷന്റെ 1993ലെ നിയമത്തെ മറികടന്നാണ് 2010ന് ശേഷം എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും നല്‍കിയതെന്ന് ആരോപിച്ച് നല്‍കിയ ഹരജിയിലായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല തങ്ങള്‍ പട്ടിക തയ്യാറാക്കിയതെന്നും വിവിധ വിഭാഗങ്ങളുടെ പിന്നാക്ക അവസ്ഥയുടെ അടിസ്ഥാനത്തിലാണ് സംവരണം അനുവദിച്ചതെന്നും ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 12 ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയെന്നും അതിനാല്‍ ആ വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപില്‍ സിബല്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. പശ്ചിമബംഗാളില്‍ 27-28 ശതമാനമാണ് ന്യൂനപക്ഷ ജനസംഖ്യയെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംകൾക്കുള്ള നാലു ശതമാനം സംവരണം റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധിയെ ആശ്രയിച്ചാണ് കൊല്‍ക്കത്ത ഹൈക്കോടതി ഒബിസി പട്ടിക റദ്ദാക്കിയതെന്നും ആന്ധ്ര ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും സിബല്‍ ചൂണ്ടിക്കാട്ടി. വിശദമായി വാദം കേള്‍ക്കാനായി കേസ് ജനുവരി ഏഴിലേക്ക് മാറ്റി.

TAGS :

Next Story