Quantcast

യു.പിയിൽ വീണ്ടും ബുൾഡോസർരാജ്; എഐഎംഐഎം നേതാവിന്റെ ഭാര്യയുടെ റെസ്റ്റോറന്റ് തകർത്തു

ഡൽഹി- ലഖ്നൗ ദേശീയപാതയോരത്ത് 700 ചതുരശ്ര മീറ്റർ സ്ഥലത്താണ് റെസ്റ്റോറന്റ് നിർമിച്ചിരുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-11-12 12:44:39.0

Published:

12 Nov 2022 12:25 PM GMT

യു.പിയിൽ വീണ്ടും ബുൾഡോസർരാജ്; എഐഎംഐഎം നേതാവിന്റെ ഭാര്യയുടെ റെസ്റ്റോറന്റ് തകർത്തു
X

ബറേയ്‌ലി: ഉത്തർപ്രദേശിൽ എഐഎംഐഎം നേതാവിന്റെ ഭാര്യയുടെ റെസ്റ്റോറന്റിന് നേരെയും ബുൾഡോസർരാജ്. മുഹമ്മദ് തൗഫീഖെന്ന നേതാവിന്റെ ഭാര്യ ന​ഗിന ബീ​ഗത്തിന്റെ ബറേയ്‌ലി ബിത്രി ചൈൻപൂർ പ്രദേശത്തെ ഹോട്ടലാണ് അധികൃതർ തകർത്തത്. ​ഗ്രീൻ ബെൽറ്റിലാണ് നിർമാണമെന്ന് ആരോപിച്ചാണ് ബറേയ്ലി ഡെവലപ്മെന്റ് അതോറിറ്റിയുടെ നടപടി.

ഡൽഹി- ലഖ്നൗ ദേശീയപാതയോരത്ത് 700 ചതുരശ്ര മീറ്റർ സ്ഥലത്താണ് റെസ്റ്റോറന്റ് നിർമിച്ചിരുന്നത്. രജിസ്ട്രേഷൻ രേഖകൾ ഉണ്ടായിട്ടും യാതൊരു മുൻകൂർ നോട്ടീസും നൽകാതെയാണ് ഇരുനില കെട്ടിടം പൊളിച്ചതെന്ന് ന​ഗിന ബീ​ഗം പറഞ്ഞു. 'കെട്ടിടമൊഴിയാൻ ഞങ്ങൾക്ക് സമയം നൽകിയതുമില്ല. 60 ലക്ഷത്തിന്റെ നഷ്ടമാണ് അധികൃതരുടെ അപ്രതീക്ഷിത നടപടിയിലൂടെ ഞങ്ങൾക്കുണ്ടായത്'- അവർ വ്യക്തമാക്കി.

'2016ലാണ് ഈ റെസ്റ്റോറന്റ് ഞങ്ങൾ നിർമിച്ചത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ബി.ഡി.എ അധികൃതരെത്തി കെട്ടിടം പൊളിക്കുകയായിരുന്നു. ഞങ്ങൾ തടയാൻ ശ്രമിച്ചപ്പോൾ അവർ 2015ൽ പുറത്തിറക്കിയ ഒരു നോട്ടീസ് കാണിച്ചു. അന്ന് ഈ സ്ഥലത്ത് ഒരു റെസ്റ്റോറന്റ് ഉണ്ടായിരുന്നില്ല. ചട്ടങ്ങൾക്ക് വിരുദ്ധമായി ഞങ്ങളൊന്നും നിർമിച്ചിട്ടില്ല. മാത്രമല്ല ദേശീയപാതാ അതോറിറ്റിക്ക് ആവശ്യമായ ഫീസും നൽകിയിരുന്നു'- മുഹമ്മദ് തൗഫീഖ് പറഞ്ഞു.

'രാഷ്ട്രീയ വിരോധമാണ് ഇത്തരമൊരു നടപടിക്ക് കാരണം. ബി.ഡി.എ ഉദ്യോ​ഗസ്ഥർ എന്റെ ഭാര്യയോട് മോശമായി പെരുമാറുകയും ചെയ്തു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഞങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്'- അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിത്രി ചൈൻപൂർ മണ്ഡലത്തിലെ എഐഎംഐഎം സ്ഥാനാർഥിയായിരുന്നു മുഹമ്മദ് തൗഫീഖ്.

അതേസമയം, ഗ്രീൻ ബെൽറ്റായി നിശ്ചയിക്കപ്പെട്ട പ്രദേശത്ത് അനധികൃതമായാണ് നിർമാണമെന്ന് ചൂണ്ടിക്കാട്ടി കുടുംബത്തിന് പലതവണ നോട്ടീസ് നൽകിയിരുന്നു എന്നാണ് ബി.ഡി.എ ഉദ്യോ​ഗസ്ഥനായ ​ഗൗതം സിങ്ങിന്റെ വാദം. ​യു.പി ന​ഗരാസൂത്രിത- വികസന നിയമം 1973 പ്രകാരമാണ് റെസ്റ്റോറന്റിനെതിരായ നടപടിയെന്നും ​ഗൗതം സിങ് അവകാശപ്പെട്ടു.

TAGS :

Next Story