Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മോദിയുടെ മുഖത്തേറ്റ അടി; ഡോ. പരകാല പ്രഭാകർ

മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികകാലം നിലനിൽക്കില്ലെന്നും മുൻ ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് കൂടിയായ പരകാല പ്രഭാകർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-06-08 15:51:41.0

Published:

8 Jun 2024 3:50 PM GMT

Results A Very Clear Tight Slap on PM’s Face and New Govt Won’t Last Long Says Dr Parakala Prabhakar
X

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖത്തേറ്റ അടിയാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. മോദിക്കും ബിജെപിക്കുമേറ്റ ശക്തിയായ അടിയാണ് തെരഞ്ഞെടുപ്പ് ഫലം. മോദി ചെയ്യുന്നത് ഇഷ്ടമല്ലെന്ന് രാജ്യത്തെ ജനങ്ങൾ വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ഇത് മോദിക്കുള്ള സന്ദേശമാണെന്നും പ്രഭാകർ ചൂണ്ടിക്കാട്ടി. ദ വയറിന് നൽകിയ അഭിമുഖത്തിലാണ് പ്രഭാകറിന്റെ പരാമർശം.

മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികകാലം നിലനിൽക്കില്ല. മോദി സർക്കാർ വിശ്വാസവോട്ടെടുപ്പിനെ അതിജീവിക്കുമോയെന്നതിലും തനിക്ക് സംശയമുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രിയെ മാറ്റുമെന്നാണ് ​തനിക്ക് തോന്നുന്നത്. സ്വന്തം പാർട്ടിക്കുള്ളിലെ സമ്മർദമോ ആർഎസ്എസിന്റെ തീരുമാനപ്രകാരമോ പ്രധാനമന്ത്രിയെ മാറ്റാം. നിതീഷ് കുമാറോ ചന്ദ്രബാബു നായിഡുവോ മുന്നണി വിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സാഹചര്യത്തിൽ തന്റെ ശൈലിയിൽ മാറ്റംവരുത്താൻ മോദിക്ക് സാധിക്കില്ല. രാഷ്ട്രീയ പ്രവർത്തനരീതി, സ്വഭാവം, വ്യക്തിത്വം എന്നിവയിൽ സമഗ്രമായ മാറ്റം വരുത്താൻ മോദിക്ക് ഒരിക്കലും സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പരകാല പ്രഭാകർ കൂട്ടിച്ചേർത്തു.

മുമ്പും നിരവധി തവണ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് പരകാല പ്രഭാകർ. വികസന കാര്യങ്ങളൊന്നും പറയാതെ ക്ഷേത്രം നിർമിച്ച് വോട്ട് തേടുകയാണ് ബിജെപിയെന്നും കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ലോകത്തിൽ തന്നെ ആദ്യത്തെ സംഭവമാണിതെന്നും അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിൽ പറഞ്ഞിരുന്നു.

ഗുജറാത്തല്ല, കേരളമാണ് വികസന മാതൃകയെന്നും വികസനമല്ല വർഗീയതയും വിഭാഗീയതയുമാണ് കേന്ദ്ര സർക്കാരിന്റെ മുദ്രാവാക്യങ്ങളെന്നും അദ്ദേഹം വിമർശിച്ചിരുന്നു. പാർലമെന്റിൽ ഒരു മുസ്‌ലിം പ്രതിനിധി പോലുമില്ലാത്തത്തിൽ ആശങ്കയില്ലാത്ത ബിജെപിക്ക് എങ്ങനെയാണ് നീതിയെക്കുറിച്ച് സംസാരിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തുന്നതായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. എൻഡിഎ 350ലേറെ സീറ്റുകൾ നേടുമെന്നായിരുന്നു മിക്ക പ്രവചനങ്ങളും. 400 സീറ്റുകൾ പിടിക്കുമെന്ന് അവകാശവാദമുന്നയിച്ച എൻഡിഎയ്ക്ക് 300 സീറ്റുകൾ പോലും നേടാനായില്ല. 292 സീറ്റുകളാണ് സഖ്യം നേടിയത്. ഇതിൽ 240 സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.

മറുവശത്ത് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി ഞെട്ടിക്കുന്ന കുതിപ്പാണ് നടത്തിയത്. 100-180 സീറ്റുകൾ വരെ നേടുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ 234 സീറ്റുകളാണ് മുന്നണി നേടിയത്. കോൺ​ഗ്രസ് ഒറ്റയ്ക്ക് 100 സീറ്റുകളും സ്വന്തമാക്കി.




TAGS :

Next Story