രാജ്യത്തെ പണപ്പെരുപ്പം എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ
7.8 ശതമാനമാണ് ഏപ്രിൽ മാസത്തെ പണപ്പെരുപ്പം. ഭക്ഷ്യ വസ്തുക്കളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിലവര്‍ധനയും സർക്കാർ നികുതി കുറയ്ക്കാത്തതുമാണ് പണപ്പെരുപ്പം ഉയരാൻ കാരണം
ഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 7.8 ശതമാനമാണ് ഏപ്രിൽ മാസത്തെ പണപ്പെരുപ്പം. ഭക്ഷ്യ വസ്തുക്കളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിലവര്‍ധനയും സർക്കാർ നികുതി കുറയ്ക്കാത്തതുമാണ് പണപ്പെരുപ്പം ഉയരാൻ കാരണം. പണപ്പെരുപ്പം നിയന്ത്രിക്കാൻ വായ്പകളുടെ പലിശ നിരക്ക് ഉയർത്താനാണ് റിസർവ് ബാങ്കിന്‍റെ നീക്കം.
റഷ്യ-യുക്രൈൻ യുദ്ധവും ഭക്ഷ്യ സാധനങ്ങളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും അനിയന്ത്രിത വില വർദ്ധനവുമാണ് രാജ്യത്ത് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം. ധാന്യങ്ങളുടെ വിലക്കയറ്റം കഴിഞ്ഞ 21 മാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന തോതിലാണ്. പച്ചക്കറി വില 17 മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ്. ഇവയെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പമാണ് ഇപ്പോൾ 7.8 ആയി ഉയര്‍ന്നിരിക്കുന്നത്.
കുറഞ്ഞ വരുമാനമുള്ള, വാങ്ങല്‍ ശേഷി കുറഞ്ഞ ജനങ്ങളെ പണപ്പെരുപ്പം ബാധിക്കില്ലെന്നാണ് ധനമന്ത്രാലയത്തിന്‍റെ അവകാശവാദം. പണപ്പെരുപ്പം പിടിച്ചുനിർത്താൻ നികുതി നിയന്ത്രിക്കണമെന്ന് റിസർവ് ബാങ്ക് നേരത്തെയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിരുന്നില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളില്‍ ജിഎസ്ടി വരുമാനം റെക്കോർഡിലെത്തിയിരുന്നു. ഇക്കാലയളവിലെ സർക്കാരിന്റെ പ്രത്യക്ഷ - പരോക്ഷ നികുതി വരുമാനവും ഉയര്‍ന്നു. എന്നിട്ടും പെട്രോളിയം ഉത്പനങ്ങളുടെ എക്സൈസ് നികുതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ പണപ്പെരുപ്പം പിടിച്ചു നിർത്താൻ പലിശ നിരക്കുകൾ ഉയർത്തുക മാത്രമാണ് റിസർവ് ബാങ്കിന്‍റെ മുന്നിലുള്ള മാർഗം.
ഈ മാസം പലിശ നിരക്ക് 0.4 ശതമാനം ഉയർത്തിയിരുന്നു. അടുത്ത മാസം ചേരുന്ന പണനയ സമിതി പലിശ നിരക്ക് 0.35 ശതമാനം മുതൽ 0.4 ശതമാനം വരെ വീണ്ടും വർധിപ്പിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഭവന, വാഹന വായ്പകൾ എടുത്തവരുടെ പലിശ ബാധ്യത കൂടും.
Adjust Story Font
16