Quantcast

കെസിആർ ജയിലിലടച്ച പോരാളി; തെലങ്കാനയിൽ ഇനി രേവന്ത് റെഡ്ഢി യുഗം

119 അംഗ സഭയിൽ 65ലേറെ സീറ്റുകൾ നേടിയാണ് രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേറുന്നത്.

MediaOne Logo

Web Desk

  • Published:

    3 Dec 2023 7:45 AM GMT

revanth reddy telangana
X

ഹൈദരാബാദ്: തുടർച്ചയായി മൂന്നാമൂഴം കൊതിച്ച കെ ചന്ദ്രശേഖർ റാവുവിന്റെ സ്വപ്‌നങ്ങളെ തച്ചുടച്ച് തെലങ്കാനയിൽ രേവന്ത് റെഡ്ഢിയുടെ തേരോട്ടം. 119 അംഗ സഭയിൽ 65ലേറെ സീറ്റുകൾ നേടിയാണ് റെഡ്ഢിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് അധികാരമേറുന്നത്.

രേവന്ത് റെഡ്ഢി എന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിപരമായ വിജയം കൂടിയാണ് തെലങ്കാനയിലേത്. കെസിആർ അധികാരത്തിലിരുന്ന കാലത്ത് ജയിലിലടയ്ക്കപ്പെട്ട കോൺഗ്രസ് നേതാവു കൂടിയാണ് ഇദ്ദേഹം. സ്വന്തം മകളുടെ വിവാഹത്തിന് മാത്രമാണ് ഗവൺമെന്റ് ഇദ്ദേഹത്തിന് പരോൾ നൽകിയിരുന്നത്.

നിയമസഭാ പോരാട്ടത്തില്‍ കാമറെഡ്ഢി മണ്ഡലത്തിൽ കെസിആറിനെതിരെ മത്സരിക്കാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും റെഡ്ഢി കാണിച്ചു. ഒടുവിൽ ഫലം വരുമ്പോൾ ബിജെപി സ്ഥാനാർത്ഥി കെവിആർ റെഡ്ഢിക്കും താഴെ മൂന്നാമതാണ് കെസിആർ നിൽക്കുന്നത്.

സ്‌കൂൾ പഠനകാലത്ത് എബിവിപിയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന വിദ്യാർത്ഥി നേതാവായിരുന്നു റെഡ്ഢി. പിന്നീട് സംഘ്പരിവാർ ആശയം വിട്ട് തെലുങ്കുദേശം പാർട്ടിയിലേക്കും പിന്നീട് കോൺഗ്രസിലേക്ക് ചേക്കേറി. 2009, 2014 വർഷങ്ങളിൽ രണ്ടു തവണ ടിഡിപി ടിക്കറ്റിൽ ആന്ധ്ര നിയമസഭയിലെത്തിയിട്ടുണ്ട്. 2017ൽ കോൺഗ്രസിലെത്തി. അടുത്ത വർഷം കോൺഗ്രസ് ടിക്കറ്റിലും മത്സരിച്ചു ജയിച്ചു. തെലങ്കാന രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവായി രാഷ്ട്രീയ വിദഗ്ധർ ഇതിനെ വിലയിരുത്തിയിരുന്നു. 2019ൽ മൽകാജ്ഗിരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം പാർലമെന്റിലുമെത്തി.

'കോൺഗ്രസാണ് തെലങ്കാന സമ്മാനിച്ചത്. അതിനെ വികസിപ്പിക്കാൻ ആ പാർട്ടിക്കു മാത്രമേ കഴിയൂ. തെലങ്കാനയ്ക്കു വേണ്ടി പൊരുതി മരിച്ച രക്തസാക്ഷികളുടെ ആഗ്രഹങ്ങൾ സഫലമാക്കുന്നതിനു വേണ്ടിയാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്. രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകും. ഞങ്ങളൊന്നിച്ച് തെലങ്കാനയുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കും' - എന്നായിരുന്നു കോൺഗ്രസിൽ ചേർന്നയുടൻ അദ്ദേഹത്തിന്റെ വാക്കുകൾ.

2021ലാണ് തെലങ്കാന പിസിസി അധ്യക്ഷായി ചുമുതലയേറ്റത്. ടിആർഎസ് (ഇപ്പോൾ ബിആർഎസ്) സർക്കാറിന്റെ നയങ്ങളുടെ നിരന്തര വിമർശകൻ കൂടിയായിരുന്നു രേവന്ത് റെഡ്ഢി.

TAGS :

Next Story