Quantcast

'ചരിത്രം തിരുത്തിയെഴുതൂ, സര്‍ക്കാര്‍ പിന്തുണയ്ക്കും': ചരിത്രകാരന്മാരോട് അമിത് ഷാ

'നമ്മുടെ ചരിത്രം ശരിയായി അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നും വളച്ചൊടിക്കപ്പെട്ടെന്നും ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്'

MediaOne Logo

Web Desk

  • Updated:

    2022-11-25 06:12:25.0

Published:

25 Nov 2022 6:04 AM GMT

ചരിത്രം തിരുത്തിയെഴുതൂ, സര്‍ക്കാര്‍ പിന്തുണയ്ക്കും: ചരിത്രകാരന്മാരോട് അമിത് ഷാ
X

ഡൽഹി: ഇന്ത്യൻ പശ്ചാത്തലത്തിൽ ചരിത്രം തിരുത്തിയെഴുതാന്‍ ചരിത്രകാരൻമാരോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം ശ്രമങ്ങൾക്ക് സർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

"ഞാനൊരു ചരിത്ര വിദ്യാർഥിയാണ്. നമ്മുടെ ചരിത്രം ശരിയായി അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നും വളച്ചൊടിക്കപ്പെടുന്നുവെന്നും ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്. അത് ശരിയായിരിക്കാം. ഇപ്പോൾ നമ്മളിത് തിരുത്തേണ്ടതുണ്ട്"- ഡല്‍ഹിയില്‍ അസം സർക്കാരിന്റെ ഒരു പരിപാടിയില്‍ അമിത് ഷാ പറഞ്ഞു.

"ചരിത്രം ശരിയായ രീതിയിൽ അവതരിപ്പിക്കുന്നതിൽ നിന്ന് ആരാണ് നിങ്ങളെ തടയുന്നത്? ഞാൻ നിങ്ങളോട് ചോദിക്കുകയാണ്. ഇവിടെ ഇരിക്കുന്ന എല്ലാ വിദ്യാർഥികളും യൂണിവേഴ്‌സിറ്റി പ്രൊഫസർമാരും ഇക്കാര്യത്തില്‍ ഗവേഷണം നടത്തണം. രാജ്യം ഭരിച്ച 30 രാജവംശങ്ങളെ കുറിച്ച് നിങ്ങൾ പഠിക്കണം. സ്വാതന്ത്ര്യത്തിനായി സമരം ചെയ്ത 300 പ്രധാനപ്പെട്ട വ്യക്തികളെ കുറിച്ചും പഠനം നടത്തണം"- അമിത് ഷാ പറഞ്ഞു.

യഥാർഥ ചരിത്രം എഴുതപ്പെട്ടാൽ പിന്നീട് തെറ്റായ പ്രചാരണങ്ങൾക്ക് സ്ഥാനമുണ്ടാവില്ലെന്നും അമിത് ഷാ പറഞ്ഞു- "മുന്നോട്ട് വരൂ. ഗവേഷണം നടത്തി ചരിത്രം തിരുത്തിയെഴുതൂ. ഇങ്ങനെയാണ് ഭാവി തലമുറയ്ക്ക് പ്രചോദനമാവുക".

മുഗള്‍ രാജവംശത്തിന്റെ മുന്നേറ്റം തടഞ്ഞ ലച്ചിത് ബര്‍ഫുകനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കുറഞ്ഞത് 10 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയോട് അമിത് ഷാ ആവശ്യപ്പെട്ടു. ലച്ചിതിന്റെ മാഹാത്മ്യം രാജ്യത്തെ ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു. ലച്ചിത് ബര്‍ഫുകന്റെ 400 ജന്മദിനാഘോഷത്തിന്റെ ഭാഗമായി അസം സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വിടവ് നികത്തിയെന്നും അമിത് ഷാ അവകാശപ്പെട്ടു. സര്‍ക്കാരിന്റെ ശ്രമഫലമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുനസ്ഥാപിക്കപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു.

Summary- Union Home Minister Amit Shah has asked historians to rewrite history in the Indian context and assured them that the government will support their efforts.

TAGS :

Next Story