Quantcast

അരിക്കും ഗോതമ്പിനും പയറുവര്‍ഗങ്ങള്‍ക്കും വില കൂടും

അഞ്ച് ശതമാനം വില വർധിപ്പിച്ച് ജി.എസ്.ടി നിയമത്തിൽ ഭേദഗതി വരുത്തിയതാണ് കാരണം

MediaOne Logo

Web Desk

  • Updated:

    17 July 2022 5:27 AM

Published:

17 July 2022 5:05 AM

അരിക്കും ഗോതമ്പിനും പയറുവര്‍ഗങ്ങള്‍ക്കും വില കൂടും
X

തിരുവനന്തപുരം: രാജ്യമാകെ നാളെ മുതൽ അരി, ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും വില കൂടും. അഞ്ച് ശതമാനം വില വർധിപ്പിച്ച് ജി.എസ്.ടി നിയമത്തിൽ ഭേദഗതി വരുത്തിയതാണ് കാരണം.

കഴിഞ്ഞ മാസം 28നും 29നും ചേർന്ന ജിഎസ്ടി കൗൺസിൽ തീരുമാനം അനുസരിച്ച് ലേബൽ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയിൽ താഴെ തൂക്കമുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കുമാണ് നികുതി ഏർപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോയെന്ന പരിധി സർക്കാർ എടുത്തു കളഞ്ഞതോടെയാണ് ചില്ലറയായി തൂക്കി വാങ്ങുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും അടക്കം നികുതി ബാധകമായത്. ഇതുവരെ പാക്കറ്റിൽ വിൽക്കുന്ന ബ്രാൻഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതിയുണ്ടായിരുന്നത്.

നികുതി ചുമത്തുന്നതോടെ കിലോയ്ക്ക് 50 രൂപ വിലയുള്ളവയ്ക്ക് രണ്ടര രൂപ വരെ വിലക്കയറ്റം ഉറപ്പായി. കിലോയ്ക്ക് 100 രൂപയിലധികം വിലയുള്ള ബസ്മതി അരിക്കും മറ്റും 5 രൂപ വരെ വില ഉയരാം. 5 വർഷം മുൻപ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോൾ അരി, പച്ചക്കറി, മുട്ട, മൽസ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരുന്നു. പാക്കറ്റിലല്ലാതെ കോഴിയിറച്ചി വിൽക്കുമ്പോൾ പോലും ഈടാക്കാത്ത നികുതി അടിസ്ഥാന ഭക്ഷണമായ ധാന്യങ്ങൾക്കു മേൽ ചുമത്തിയിട്ട് സംസ്ഥാന സർക്കാരുകൾ മൗനം പാലിക്കുകയാണ്. കാരണം സംസ്ഥാനങ്ങളുടെ നികുതി വരുമാനവും വർധിക്കുമെന്നതു തന്നെ.

ഇന്ധനവില വർധന കാരണം രൂക്ഷമായ വിലക്കയറ്റം നിലനിൽക്കെ അരിക്കും ധാന്യങ്ങൾക്കും കൂടി വിലയേറുമ്പോൾ ഹോട്ടൽ ഭക്ഷണത്തിനും വില ഉയരാം. പുതിയ നികുതിയിലൂടെ രാജ്യത്താകെ നിന്ന് 25,000 കോടിയിലേറെ രൂപ പിരിച്ചെടുക്കാനാകുമെന്നാണു കണക്കുകൂട്ടൽ. ഇതിന്റെ വിഹിതം സംസ്ഥാനങ്ങൾക്കും ലഭിക്കും. മില്ലുകളിൽ നിന്നു ലേബൽ ചെയ്ത് എത്തിക്കുന്നതിനാൽ റേഷനരിക്കു വരെ നികുതി ബാധകമായേക്കും. ഇത് ഒഴിവാക്കണമെങ്കിൽ കേന്ദ്ര സർക്കാർ പ്രത്യേക ഇടപെടൽ നടത്തേണ്ടി വരും.

നികുതി നടപ്പാക്കിയ (വളഞ്ഞ) വഴി

∙ ജിഎസ്ടി കൗൺസിലിന്റെ പത്രക്കുറിപ്പ്

ലീഗൽ മെട്രോളജി നിയമം അനുസരിച്ച് പാക് ചെയ്തതും ലേബൽ‌ പതിച്ചതുമായ ധാന്യങ്ങളുടെയും പയറു വർഗങ്ങളുടെയും ചില്ലറ വിൽപനയ്ക്ക് ഇനി 5% നികുതി. ലീഗൽ മെട്രോളജി നിയമ പ്രകാരം ചില്ലറ വിൽപനയെന്നാൽ 25 കിലോയിൽ താഴെ. അതിനാൽ 25 കിലോയിൽ താഴെയുള്ള പാക്കറ്റുകൾക്കു മാത്രമാണ് പുതിയ 5% നികുതി.

∙ 13ന് വിജ്ഞാപനം വന്നപ്പോൾ

പാക്ക് ചെയ്തതും ലേബൽ പതിച്ചതുമായ ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും 5% നികുതി. ''ലീഗൽ മെട്രോളജി നിയമം അനുസരിച്ച് ചില്ലറയായി വിൽക്കുമ്പോൾ'' എന്ന വാചകം ഉപേക്ഷിച്ചതോടെ ഏതു തൂക്കത്തിലുമുള്ള ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും 5% നികുതി ബാധകമായി. ഇതോടെ മില്ലുകളിൽ നിന്ന് 50 കിലോ ചാക്കുകളിൽ മൊത്ത വ്യാപാരിക്ക് നൽകുന്ന അരിക്ക് 5% നികുതി അടയ്ക്കേണ്ടി വരും. ഇത് 5% വിലക്കയറ്റത്തിനും ഇടയാക്കും. ഈ അരി ചില്ലറയായി തൂക്കി വിൽക്കുന്നമ്പോഴും വിലക്കയറ്റം പ്രതിഫലിക്കും.

TAGS :

Next Story