ഭാര്യയുടെ സുഹൃത്തിനെ കൊന്ന് 15 കഷ്ണങ്ങളാക്കി; യുവാവ് അറസ്റ്റില്‍
വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ ഖോഡ കോളനിയുടെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയും ചെയ്തു
ഗാസിയാബാദ് പൊലീസ് അക്ഷയ് കുമാറിന്‍റെ ശരീരഭാഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നു
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവാവ് ഭാര്യയുടെ സുഹൃത്തിനെ കൊന്ന് മൃതദേഹം 15 കഷ്ണങ്ങളാക്കി. വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ ഖോഡ കോളനിയുടെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയും ചെയ്തു. സംഭവത്തില്‍ റിക്ഷാ വലിക്കാരനായ മിലാൽ പ്രജാപതി(40)യെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജസ്ഥാന്‍ സ്വദേശിയായ അക്ഷയ് കുമാറാണ്(23) കൊല്ലപ്പെട്ടത്. അക്ഷയുമായ തന്‍റെ ഭാര്യക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു."വ്യാഴാഴ്‌ച കുമാറിനെ വീട്ടിലേക്ക് വിളിക്കാൻ പ്രജാപതി ഭാര്യയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം അക്ഷയ് വീട്ടിലെത്തി. ഈ സമയം പൊള്ളലേറ്റ മകളുമായി ഭാര്യ ഡല്‍ഹിയിലുള്ള ആശുപത്രിയിലേക്ക് പോയി. ഈ തക്കം നോക്കി പ്രജാപതി കുമാറിന് എന്തോ പാനീയം കുടിക്കാന്‍ നല്‍കുകയും കോടാലി പോലുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കുകയുമായിരുന്നു'' ഡെപ്യൂട്ടി കമ്മീഷണര്‍ ദിക്ഷ ശര്‍മ പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്തയാളാണ് പ്രജാപതിയെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിനു ശേഷം വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഇയാൾ ശരീരഭാഗങ്ങള്‍ അടങ്ങിയ മൂന്ന് ബാഗുകളും റിക്ഷയിൽ എടുത്ത് യുപി ഗേറ്റ് മേൽപ്പാലത്തിന് സമീപമുള്ള ഖോഡ പുഷ്ത പ്രദേശത്ത് തള്ളുകയായിരുന്നു.ശനിയാഴ്ച വൈകിട്ട് തെരുവ് നായകള്‍ ബാഗുകൾക്ക് സമീപം കൂട്ടംകൂടി നിൽക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ഗാസിയാബാദ് പൊലീസിൽ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തി ബാഗുകള്‍ തുറന്നപ്പോഴാണ് ഛിന്നഭിന്നമായ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെക്കുറിച്ചുള്ള അന്വേഷണമാണ് ഒടുവില്‍ പ്രജാപതിയിലെത്തിയത്.
''കൊലപാതകം നടക്കുമ്പോൾ പ്രജാപതിയുടെ ഭാര്യ മകളോടൊപ്പം ആശുപത്രിയിലായിരുന്നു.കുറ്റകൃത്യത്തിൽ ഇവരുടെ പങ്കാളിത്തം സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.പ്രജാപതിയുടെ വീട്ടുടമയുടെ പരാതിയിൽ കൊലപാതകത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കുമാറിന്‍റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്'' അസിസ്റ്റന്‍റെ പൊലീസ് കമ്മീഷണർ (ഇന്ദിരാപുരം) സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു.യുവതി പ്രജാപതിയുടെ രണ്ടാം ഭാര്യയാണെന്നും പ്രജാപതിക്ക് പ്രായപൂർത്തിയാകാത്ത ഒരു മകളും ആദ്യ വിവാഹത്തിൽ മൂന്നു മക്കളും ഉണ്ടെന്നും പൊലീസ് പറഞ്ഞു.നാല് കുട്ടികളും ദമ്പതികൾക്കൊപ്പം ഖോഡയിലെ വീട്ടിലാണ് താമസിക്കുന്നത്.
കൊലപാതകം നടന്ന മുറിയിൽ തന്നെയാണ് കുട്ടികളും ഉണ്ടായിരുന്നതെന്ന് ഖോഡ എസ്എച്ച്ഒ യോഗേന്ദ്ര മാലിക് വിശദീകരിച്ചു. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി യുവതിക്ക് അക്ഷയിനെ അറിയാമായിരുന്നു. ഒരിക്കല്‍ യുവാവിനൊപ്പം ഒളിച്ചോടിയെങ്കിലും പിന്നീട് തിരിച്ചെത്തി.തുടര്‍ന്നും ഭാര്യയും അക്ഷയും ബന്ധമുണ്ടായിരുന്നുവെന്നും പ്രജാപതി വീട്ടിലില്ലാത്ത സമയങ്ങളിൽ അക്ഷയ് അവിടെയത്താറുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ശരീരഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
Adjust Story Font
16