ഉദയ്പൂർ കൊല: പ്രതികൾ മൂന്നു വർഷമായി ബി.ജെ.പി പ്രവർത്തകർ; പാർട്ടി പരിപാടികളിൽ സ്ഥിരംസാന്നിധ്യം-തെളിവുകൾ പുറത്ത്
രാജസ്ഥാൻ പ്രതിപക്ഷ നേതാവും മുതിർന്ന ബി.ജെ.പി നേതാവുമായ ഗുലാബ് ചന്ദ് കഠാരിയക്കൊപ്പമുള്ള മുഖ്യപ്രതി റിയാസിന്‍റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പിയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം റിയാസ് തന്നോട് പറഞ്ഞ കാര്യം ന്യൂനപക്ഷ മോര്‍ച്ച നേതാവ് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്
ജയ്പൂർ: ഉദയ്പൂരിൽ തയ്യൽതൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ ബി.ജെ.പി പ്രവർത്തകരെന്ന് റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ മൂന്നുവർഷത്തോളമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയ മാധ്യമമായ 'ഇന്ത്യാ ടുഡേ'യാണ് ഇതു സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടിരിക്കുന്നത്.
കൊലയാളികളിൽ ഒരാളായ റിയാസ് അത്താരി പാർട്ടിയുടെ വിശ്വസ്തർ മുഖേന നിരവധി പാർട്ടി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 2019ൽ സൗദി അറേബ്യയിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ച നേതാവായ ഇർഷാദ് ചെയിൻവാല സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി പരിപാടികളില്‍ നേതാക്കള്‍ക്കൊപ്പമുള്ള റിയാസിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
'ബി.ജെ.പിയിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചു; പാർട്ടി പരിപാടികളിലെ സ്ഥിരംസാന്നിധ്യം'
ഒരു പതിറ്റാണ്ടിലേറെയായി ബി.ജെ.പി പ്രാദേശിക നേതൃത്വത്തിൽ സജീവസാന്നിധ്യമാണ് ഇർഷാദ്. ഉദയ്പൂരിലെ ബി.ജെ.പി പരിപാടികളിൽ റിയാസ് പങ്കെടുക്കാറുണ്ടെന്ന് ഇർഷാദ് സമ്മതിച്ചതായി 'ഇന്ത്യാ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാൻ പ്രതിപക്ഷ നേതാവും മുതിർന്ന ബി.ജെ.പി നേതാവുമായ ഗുലാബ് ചന്ദ് കഠാരിയയുടെ അടക്കം പരിപാടികളെ സ്ഥിരംസാന്നിധ്യമാണ് റിയാസ്. കഠാരിയയ്ക്കൊപ്പമുള്ള റിയാസിന്‍റെ ചിത്രവും പ്രചരിക്കുന്നുണ്ട്. പാർട്ടിയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം തന്നോട് പറഞ്ഞ കാര്യവും ഇർഷാദ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സ്വകാര്യ സംഭാഷണങ്ങളിൽ ബി.ജെ.പിയെ വിമർശിക്കാറുണ്ടെന്നും ഇർഷാദ് ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പി പ്രവർത്തകനായ മുഹമ്മദ് താഹിറിനൊപ്പമാണ് റിയാസ് പാർട്ടി പരിപാടികൾക്കെത്താറുള്ളത്. താഹിറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് റിയാസ്. കൊലപാതകത്തിനു പിന്നാലെ താഹിറിനെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇദ്ദേഹം താമസിച്ചിരുന്ന വാടകവീടിൽനിന്ന് ഒഴിഞ്ഞുപോയിട്ടുണ്ടെന്ന് അയൽവാസികളും പറയുന്നു. താഹിറിന്റെ മൊബൈലും നിലവിൽ സ്വിച്ച്ഓഫാണ്.
അതേസമയം, കനയ്യലാലിന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിലെ ഗൂഢാലോചനയിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാജസ്ഥാൻ ഭീകരവിരുദ്ധ സ്‌ക്വാഡ്(എ.ടി.എസ്) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം എ.ടി.എസിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Summary: Riyaz Attari and Mohammad Ghaus, the main accused in the murder case of tailor Kanhaiya Lal, are BJP workers for 3 years, national media including India Today reports
Adjust Story Font
16