വിശ്വാസ വോട്ടെടുപ്പിന് മുമ്പ് എം.എൽ.എമാരെ ഭയപ്പെടുത്താനാണ് സി.ബി.ഐ റെയ്ഡ്: ആർ.ജെ.ഡി
ആർ.ജെ.ഡി നേതാക്കളായ എം.എൽ.സി സുനിൽ സിങ്, എം.പി അഷ്ഫാഖ് കരീം എന്നിവരുടെ വീടുകളിൽ ഇന്ന് രാവിലെയാണ് സിബിഐ റെയ്ഡ് നടന്നത്
പട്‌ന: ബിഹാർ നിയമസഭയിൽ മഹാസഖ്യ സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാനായി വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ, ആർ.ജെ.ഡി നേതാക്കളുടെ വീടുകളിൽ സിബിഐ നടത്തുന്ന റെയ്ഡ് കേന്ദ്രത്തിന്റെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്ന് ആർ.ജെ.ഡി നേതാവ് സുനിൽ സിങ്. സിബിഐ ഇപ്പോൾ മനഃപൂർവം റെയ്ഡ് നടത്തുകയാണെന്നും എം.എൽ.എമാരെ ഭയപ്പെടുത്തി തങ്ങൾക്കൊപ്പം നിർത്താമെന്ന ചിന്തയിലാണ് കേന്ദ്ര സർക്കാർ സി.ബി.ഐയെ അയച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ആർ.ജെ.ഡി നേതാക്കളായ എം.എൽ.സി സുനിൽ സിങ്, എം.പി അഷ്ഫാഖ് കരീം എന്നിവരുടെ വീടുകളിൽ ഇന്ന് രാവിലെയാണ് സിബിഐ റെയ്ഡ് നടന്നത്. ലാലു പ്രസാദ് യാദവിന് എതിരായ റെയിൽവേ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സുനിൽ സിങ്ങിന്റെ വസതിയിൽ റെയ്ഡ്. റെയിൽവേയിൽ ജോലിക്കായി ഭൂമി കോഴയായി നൽകി എന്നതാണ് ആരോപണം. ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായിയായ സുനിൽ സിങ് പാർട്ടിയുടെ സംസ്ഥാന ട്രഷററുമാണ്. കഴിഞ്ഞദിവസം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാനത്തെ മദ്യനയത്തിലെ അഴിമതി ആരോപണം സംബന്ധിച്ച കേസിലായിരുന്നു റെയ്ഡ്.
Adjust Story Font
16