ചരൺ സിങ്ങിന്റെ ഭാരത രത്‌നയ്ക്കു പിന്നാലെ ആർ.എൽ.ഡി ഇൻഡ്യ വിട്ട് എൻ.ഡി.എയിലേക്ക്
കഴിഞ്ഞ തവണ തിരിച്ചടി നേരിട്ട പടിഞ്ഞാറൻ യു.പിയിൽ കൂടി വിജയമുറപ്പിക്കുകയാകും ആർ.എൽ.ഡിയെ മുന്നണിയിലെത്തിക്കുക വഴി ബി.ജെ.പി ലക്ഷ്യമിടുന്നത്
ജയന്ത് ചൗധരി
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ ഇൻഡ്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. പടിഞ്ഞാറൻ യു.പിയിൽ സ്വാധീനമുള്ള രാഷ്ട്രീയ ലോക്ദൾ(ആർ.എൽ.ഡി) സഖ്യം വിട്ട് എൻ.ഡി.എയ്‌ക്കൊപ്പം ചേരുന്നു. മുൻ പ്രധാനമന്ത്രിയും മുത്തച്ഛനുമായ ചരൺ സിങ്ങിന് കേന്ദ്രം ഭാരത രത്‌ന പ്രഖ്യാപിച്ചതിനു നന്ദി പറയാനായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ആർ.എൽ.ഡി തലവൻ ജയന്ത് ചൗധരിയാണ് ഇതേക്കുറിച്ചുള്ള സൂചന നൽകിയത്.
എൻ.ഡി.എയ്‌ക്കൊപ്പം ചേരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ജയന്ത് ചൗധരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ആ ഓഫർ എങ്ങനെയാണ് ഇപ്പോൾ നിരസിക്കാനാകുക? ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? മറ്റൊരു പാർട്ടിക്കും സർക്കാരിനും ഇതുവരെ ചെയ്യാനാകാത്തത് മോദിജിയുടെ കാഴ്ചപ്പാടിലൂടെ യാഥാർത്ഥ്യമായി. മുഖ്യധാരയുടെ ഭാഗമല്ലാത്ത ജനങ്ങൾക്കു പ്രോത്സാഹനം നൽകുന്ന മോദി സർക്കാരിനു നന്ദി പറയുകയാണ്. മൂന്ന് പുരസ്‌കാരങ്ങളാണു നൽകിയത്. ജനങ്ങളുടെ വൈകാരികതയെ സ്പർശിക്കുന്നതാണ് ഈ തീരുമാനങ്ങൾ..''-അദ്ദേഹം പ്രതികരിച്ചു.
സീറ്റ് വിഭജനത്തെക്കുറിച്ചു ചോദിച്ചപ്പോൾ അതു പറയേണ്ട ദിവസമല്ല ഇതെന്ന് ജയന്ത് ചൗധരി പ്രതികരിച്ചു. ഇപ്പോൾ സീറ്റിനെയും വോട്ടിനെയും കുറിച്ചെല്ലാം സംസാരിക്കുന്നത് ഈ ദിവസത്തിന്റെ വില കുറയ്ക്കുന്ന പരിപാടിയാകും. രാഷ്ട്രത്തിന്റെ അടിസ്ഥാന വികാരവും സ്വഭാവവും മനസിലാക്കുന്നയാളാണ് പ്രധാനമന്ത്രി മോദിയെന്നു വ്യക്തമാക്കുന്നതാണു പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശും രാജസ്ഥാനുമാണ് ആർ.എൽ.ഡിയുടെ സ്വാധീന മേഖലകൾ. എൻ.ഡി.എ യു.പിയിൽ രണ്ട് സീറ്റുകൾ പാർട്ടിക്കു നൽകുമെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം രാജ്യസഭാ സീറ്റ് ഓഫറും ലഭിച്ചിട്ടുണ്ട്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പിയിൽ 16 സീറ്റുകളിലായിരുന്നു ബി.ജെ.പിക്ക് പരാജയമേറ്റത്. ഇതിൽ ഏഴും പടിഞ്ഞാറൻ യു.പിയിലായിരുന്നു. മൊറാദാബാദ് മേഖലയിലെ ആറ് സീറ്റിലും തോറ്റു. ആർ.എൽ.ഡിയെ മുന്നണിയിലെത്തിച്ച് ജാട്ട് സമുദായത്തിന്റെ തട്ടകമായ പടിഞ്ഞാറൻ യു.പിയിൽ കൂടി വിജയമുറപ്പിക്കുകയാകും ബി.ജെ.പി ലക്ഷ്യമിടുന്നത്.
മറുവശത്ത് ഇൻഡ്യ സഖ്യത്തിൽ സീറ്റ് വിഭജനം ഇനിയും കീറാമുട്ടിയായി നിൽക്കുകയാണ്. സമാജ്‌വാദി പാർട്ടിയും(എസ്.പി) കോൺഗ്രസും തമ്മിലുള്ള ചർച്ചയിൽ തന്നെ ഇതുവരെ തീരുമാനമായിട്ടില്ല. അതിനിടെ, 16 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് എസ്.പി. ആർ.എൽ.ഡിക്ക് ഏഴ് സീറ്റ് നൽകുമെന്ന് ജനുവരിയിൽ അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ചർച്ചയിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. ഏതൊക്കെ സീറ്റുകളാണ് അനുവദിക്കുക എന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് എൻ.ഡി.എയിലേക്കുള്ള ആർ.എൽ.ഡിയുടെ ചുവടുമാറ്റം.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ എസ്.പിയും ആർ.എൽ.ഡിയും സഖ്യമായാണു മുന്നോട്ടുപോകുന്നത്. ബി.ജെ.പി തൂത്തുവാരിയ 2019ൽ ആർ.എൽ.ഡി മത്സരിച്ച മൂന്ന് സീറ്റിലും പരാജയപ്പെട്ടിരുന്നു. എസ്.പിക്ക് ജയിക്കാനായത് അഞ്ച് സീറ്റിലും. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 347 സീറ്റിൽ 111 ഇടത്ത് എസ്.പി വിജയിച്ചെങ്കിലും അധികാരം പിടിക്കാനായില്ല. സഖ്യത്തിലുണ്ടായിരുന്ന ആർ.എൽ.ഡി 33 മത്സരിച്ച് ഒൻപതിടത്തു മാത്രമാണു ജയിക്കാനായത്.
Summary: Jayant Chaudhary's RLD to tie-up with BJP leaving INDIA bloc after Bharat Ratna for the former PM Chaudhary Charan Singh
Adjust Story Font
16