Quantcast

ഉദയനിധിയുടെ മുഖത്തടിച്ചാല്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുസംഘടന

സനാതന ധര്‍മത്തെക്കുറിച്ചുള്ള ഉദയനിധിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് സംഘടന രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Published:

    7 Sep 2023 7:03 AM GMT

Udhayanidhi Stalin
X

ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍റെ മുഖത്തടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടനയായ ജന ജാഗരണ സമിതി. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ സംഘടന പോസ്‌റ്ററുകൾ പതിച്ചിട്ടുണ്ട്. സനാതന ധര്‍മത്തെക്കുറിച്ചുള്ള ഉദയനിധിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് സംഘടന രംഗത്തെത്തിയത്.

അതിനിടെ ഉദയനിധിക്കെതിരെ പ്രകോപന ആഹ്വാനം നടത്തിയ അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യക്കെതിരെ മധുര പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഉദയനിധിയുടെ തല വെട്ടുന്നവര്‍ക്ക് 10 കോടി പാരിതോഷികം നല്‍കുമെന്നായിരുന്നു പരമഹംസയുടെ പ്രഖ്യാപനം. പ്രതീകാത്മകമായി ഫോട്ടോയിലെ ഉദയനിധിയുടെ തല വാളുകൊണ്ട് മുറിക്കുന്ന വീഡിയോയും പങ്കുവെച്ചിരുന്നു.


ശനിയാഴ്ച തമിഴ്‌നാട്ടിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു."ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്," എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. വംശീയ ഉന്‍മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി നടത്തിയതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സുപ്രിംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലിന്‍റെ പരാതിയില്‍ ഡല്‍ഹി പൊലീസ് ഉദയനിധിക്കെതിരെ കേസെടുത്തിരുന്നു. സമാന വിഷയത്തില്‍ യുപി പൊലീസും കേസെടുത്തിട്ടുണ്ട്.

TAGS :

Next Story