ചൈത്രയിൽനിന്ന് രണ്ടു കോടിയുടെ സ്വർണാഭരണങ്ങളും 76 ലക്ഷവും പിടികൂടി
ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം ചെയ്ത് 17 പേരിൽനിന്ന് ചൈത്ര കുന്ദാപുര കോടികൾ തട്ടിയിട്ടുണ്ടെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വക്താവ് എം. ലക്ഷ്മണ വെളിപ്പെടുത്തിയിരുന്നു
ചൈത്ര കുന്ദാപുര
ബംഗളൂരു: ബി.ജെ.പി നിയമസഭാ ടിക്കറ്റ് തട്ടിപ്പുകേസിൽ മുഖ്യപ്രതിയും സംഘ്പരിവാർ യുവനേതാവുമായ ചൈത്ര കുന്ദാപുരയുടെ വീട്ടിൽനിന്ന് രണ്ടു കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തെന്ന് പൊലീസ്. ഇതിനു പുറമെ 76 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. ബംഗളൂരു പൊലീസ് കമ്മിഷണർ ബി. ദയാനന്ദയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളാണു പിടിച്ചെടുത്തത്. ഇതിനു പുറമെയാണ് മുക്കാൽ കോടി രൂപയുടെ കറൻസി നോട്ടുകളും പിടികൂടിയത്. കേസിൽ അറസ്റ്റിലായ പുരോഹിതൻ അഭിനവ ഹാലാശ്രീയുടെ മഠത്തിൽനിന്ന് 56 ലക്ഷവും ഇയാളുമായി ബന്ധമുള്ള മറ്റൊരാളിൽനിന്ന് 20 ലക്ഷം രൂപയും പിടിച്ചെടുത്തതായി കമ്മിഷണർ അറിയിച്ചു.
കൃഷിഭൂമി പാട്ടത്തിനെടുക്കാനായി അഭിനവ മറ്റൊരാൾക്കു നൽകിയ 20 ലക്ഷം രൂപയും കണ്ടെടുത്തു. കേസിൽ കുറ്റാരോപിതരുടെ ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിട്ടുണ്ട്. ഇവരെല്ലാം ആഡംബരജീവിതം നയിക്കുകയായിരുന്നുവെന്നും അടുത്തിടെയാണ് ഇവരുടെ ജീവിതശൈലിയെല്ലാം മാറിയതെന്നും പൊലീസ് പറഞ്ഞു. കേസിൽ എട്ടുപേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ചോദ്യംചെയ്യാനായി ഹാജരാകാൻ ആവശ്യപ്പെട്ടു നാലുപേർക്ക് നോട്ടിസും നൽകിയിട്ടുണ്ട്.
185 കോടി രൂപയുടെ ബി.ജെ.പി ടിക്കറ്റ് തട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ചതായി വെളിപ്പെടുത്തിയ മൈസൂരുവിൽനിന്നുള്ള കോൺഗ്രസ് നേതാവ് എം. ലക്ഷ്മണിന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു. ഇത്തരത്തിൽ ടിക്കറ്റ് വാഗ്ദാനം ചെയ്ത് 17 പേരിൽനിന്ന് ചൈത്ര കുന്ദാപുര കോടികൾ തട്ടിയതായാണ് ഇദ്ദേഹം ആരോപിക്കുന്നത്. ആരോപണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനാണ് ഇദ്ദേഹത്തോട് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗോവിന്ദ് ബാബു പൂജാരി എന്ന ഉഡുപ്പി സ്വദേശിയായ വ്യവസായിയിൽനിന്നു നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ തട്ടിയെന്നാണ് ചൈത്രക്കെതിരായ കേസ്. ഉഡുപ്പി ബിന്ദൂർ സ്വദേശിയാണ് ഗോവിന്ദ് ബാബു. ചെഫ്താൽക് ന്യൂട്രി ഫുഡ്‌സ് എന്ന പേരിലുള്ള പോഷകാഹാര ശൃംഖലയുടെ ഉടമയാണ്. ഇതോടൊപ്പം ബംഗളൂരുവിൽ ഇവന്റ് മാനേജ്‌മെന്റ്, കാറ്ററിങ് ബിസിനസും നടത്തുന്നുണ്ട്. ബംഗളൂരുവിലെ ബന്ദേപാളയ പൊലീസ് സ്റ്റേഷനിലാണ് അഞ്ചു കോടി രൂപ തട്ടിയ സംഘത്തിനെതിരെ ഇദ്ദേഹം പരാതി നൽകിയത്.
വരലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ബിന്ദൂരിൽ കഴിഞ്ഞ ഏഴു വർഷമായി സാമൂഹികപ്രവർത്തനം നടത്തുന്നുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരു ബി.ജെ.പി പ്രവർത്തകൻ തന്നെ ചൈത്രയ്ക്കു പരിചയപ്പെടുത്തുന്നതെന്നും പരാതിയിൽ പറയുന്നു. ഈ പരിചയത്തിന്റെ ബലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിന്ദൂരിൽനിന്ന് ബി.ജെ.പി അക്കൗണ്ടിൽ മത്സരിപ്പിക്കാമെന്ന് ചൈത്ര ഉറപ്പുനൽകുന്നത്. ഡൽഹിയിലെ ഉന്നത ബി.ജെ.പി നേതാക്കളുമായി പരിചയപ്പെടുത്താമെന്നും ഉന്നത പദവികൾ നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു.
Summary: Rs 2 cr worth valuables, Rs 76L cash seized from Hindutva activist Chaitra Kundapura in BJP ticket scam
Adjust Story Font
16