ജയ്പൂര്‍ യോജന ഭവനില്‍ റെയ്ഡ്; 2.31 കോടി രൂപയും സ്വര്‍ണ ബിസ്ക്കറ്റുകളും കണ്ടെടുത്തു
അഡീഷണൽ ഡയറക്ടർ മഹേഷ് ഗുപ്തക്ക് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജയ്പൂർ സിറ്റി പൊലീസാണ് പണം കണ്ടെടുത്തത്
പ്രതീകാത്മക ചിത്രം
ജയ്പൂര്‍: രാജസ്ഥാൻ സർക്കാർ സ്ഥാപനമായ യോജന ഭവനിൽ നിന്ന് രേഖകളില്ലാത്ത 2.31 കോടി രൂപയും ഒരു കിലോ സ്വർണക്കട്ടിയും കണ്ടെത്തി.ഡിപ്പാർട്ട്‌മെന്‍റില്‍ നിന്നുള്ള 7-8 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഡീഷണൽ ഡയറക്ടർ മഹേഷ് ഗുപ്തക്ക് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജയ്പൂർ സിറ്റി പൊലീസാണ് പണം കണ്ടെടുത്തത്.ചീഫ് സെക്രട്ടറി ഉഷാ ശർമ്മ, ഡിജിപി എന്നിവർക്കൊപ്പം രാത്രി വൈകി നടത്തിയ വാർത്താ സമ്മേളനത്തിൽ ജയ്പൂർ പൊലീസ് കമ്മീഷണർ ആനന്ദ് ശ്രീവാസ്തവ, ഐടി ഡിപ്പാർട്ട്‌മെന്‍റ് അഡീഷണൽ ഡയറക്ടർ തങ്ങളുടെ ബേസ്‌മെന്‍റിൽ നിന്ന് പണവും സ്വർണ്ണക്കട്ടിയും കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചതായി പറഞ്ഞു.''ജയ്പൂരിലെ ഗവൺമെന്റ് ഓഫീസ് യോജന ഭവന്‍റെ ബേസ്‌മെന്‍റിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് 2.31 കോടി രൂപയിലധികം പണവും ഒരു കിലോ സ്വർണ്ണ ബിസ്‌ക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. സിആർപിസി 102 പ്രകാരം പൊലീസ് ഈ നോട്ടുകൾ പിടിച്ചെടുത്തു'' ജയ്പൂർ പോലീസ് കമ്മീഷണർ ആനന്ദ് കുമാർ ശ്രീവാസ്തവയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ആനന്ദ് കുമാർ ശ്രീവാസ്തവ വ്യക്തമാക്കി.
Adjust Story Font
16