ഓൺലൈനിൽ ലഹരിവിരുദ്ധ പോരാളി, പുറത്ത് മയക്കുമരുന്ന് റാക്കറ്റിന്റെ നേതാവ്; ഗുജറാത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച 'ഹിന്ദു യുവവാഹിനി'യുടെ സംസ്ഥാന തലവനാണ് താനെന്നും ഇയാളുടെ സോഷ്യൽമീഡിയ പ്രൊഫൈലിൽ പറയുന്നു.
അഹമ്മദാബാദ്: ഗുജറാത്തിൽ ആർ.എസ്.എസ് പ്രവർത്തകന്റെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് റാക്കറ്റ് വലയിൽ. സൂറത്തിലെ ആർ.എസ്.എസ് പ്രവർത്തകനും ബിജെപി യുവമോർച്ചാ അംഗവുമായ വികാസ് അഹിർ, കൂട്ടാളികളായ ചേതൻ കുമാർ സാഹു, അനീഷ് എന്നിവരാണ് അറസ്റ്റിലായത്. സോഷ്യൽമീഡിയകളിലൂടെ നിരന്തരം മയക്കുമരുന്നിനെതിരെ 'പോരാടുന്ന' വികാസ്, ഐസ്ക്രീം പാർലറിന്റെ മറവിലാണ് മാരക ലഹരിമരുന്നുകൾ വിറ്റിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
രാജസ്ഥാനിൽ നിന്ന് കടത്തിയ എം.ഡി (മെഫെഡ്രോൺ) മയക്കുമരുന്നാണ് ഇയാൾ ഐസ്ക്രീം പാർലറിന്റെ മറവിൽ കച്ചവടം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൂറത്തിലെ റിങ് റാവുഡിലെ ഉദ്‌ന ദർവാജയ്ക്ക് സമീപമുള്ള ഗ്രാൻഡ് വില്ല ഹോട്ടലിൽ എസ്.ഒ.ജി സംഘം നടത്തിയ റെയ്ഡിലാണ് വൻതോതിൽ മയക്കുമരുന്നുകളുമായി അഹിറിനെയും സംഘത്തേയും പിടികൂടിയത്.
ഹോട്ടലിലെ 704-ാം നമ്പർ മുറിയിൽ നിന്ന് 35,49,100 രൂപ വിലമതിക്കുന്ന 354.910 ഗ്രാം എം.ഡി മയക്കുമരുന്നും രണ്ട് മൊബൈൽ ഫോണുകളും ഒരു കാറും 11,350 രൂപയുമടക്കം 44,75,000 രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പ്രത്യേക പൊലീസ് സംഘം പിടിച്ചെടുത്തത്. സ്‌നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഓർഡർ ചെയ്ത ലഹരിവസ്തുക്കളാണ് ഐസ്ക്രീം പാർലറുകളിലൂടെ വിൽക്കാനായി സൂറത്തിൽ എത്തിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
മുമ്പ്, കവർച്ചയടക്കം നിരവധി കേസുകളിൽ പ്രതിയായ വികാസ് അഹിറിനെതിരെ അംരോലി പൊലീസ് സ്റ്റേഷനിലടക്കം എഫ്.എഫ്.ആർ രജിസ്റ്റർ ചെയ്യുകയും തോക്കുകളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ സംസ്ഥാന തലവനാണ് താനെന്നും ഇയാളുടെ സോഷ്യൽമീഡിയ പ്രൊഫൈലിൽ പറയുന്നു.
അറസ്റ്റിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്‌വി, സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീൽ, എം.പിയും യുവമോർച്ചാ ദേശീയ അധ്യക്നുമായ തേജസ്വി സൂര്യ, സൂറത്ത് പൊലീസ് ഓഫീസർ ജയരാജ് ഗാധ്വി എന്നിവരുൾപ്പെടെ നിരവധി ബി.ജെ.പി പ്രമുഖർക്കൊപ്പം നിൽക്കുന്ന പ്രതിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ലഹരിമരുന്ന് മാഫിയയ്ക്കെതിരെ നിരന്തരം സോഷ്യൽമീഡിയകളിലൂടെ പ്രതികരിക്കുന്നയാൾ തന്നെയാണ് ഇപ്പോൾ ലഹരി കേസിൽ അറസ്റ്റിലായിരിക്കുന്നത്. ലഹരി മാഫിയയെ തുടച്ചുനീക്കാൻ യു.പിയിൽ യോഗി ആദിത്യനാഥ് വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ലഹരിമാഫിയയുടെ പേടിസ്വപ്നമാണെന്നുമുള്ള ഇയാളുടെ മുൻ എക്സ് പോസ്റ്റുകളും ഇപ്പോൾ വീണ്ടും പ്രചരിക്കുന്നുണ്ട്.
Adjust Story Font
16