ദേശസ്നേഹികള്‍ ജനിക്കാന്‍ ആര്‍.എസ്.എസിന്‍റെ 'ഗര്‍ഭ സംസ്കാര്‍' ക്യാമ്പെയിന്‍; നേതൃത്വം നല്‍കുക ഡോക്ടര്‍മാര്‍
ഗര്‍ഭിണികള്‍ ഭഗവദ്ഗീതയും രാമായണവും സംസ്കൃത മന്ത്രങ്ങളും പാരായണം ചെയ്താല്‍ ദേശസ്നേഹികളായ കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് അവകാശവാദം
ഡല്‍ഹി: ദേശസ്നേഹികളും സംസ്കാര സമ്പന്നരുമായ കുട്ടികൾ ജനിക്കാൻ 'ഗർഭ സംസ്കാർ' ക്യാമ്പെയിനുമായി ആർ.എസ്.എസ് സംഘടനയായ സംവർധിനി ന്യാസ്. ഗര്‍ഭിണികള്‍ ഭഗവദ്ഗീതയും രാമായണവും സംസ്കൃത മന്ത്രങ്ങളും പാരായണം ചെയ്താല്‍ ദേശസ്നേഹികളായ കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് അവകാശവാദം.
"ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കാലത്ത് കുഞ്ഞ് ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ചുതന്നെ സംസ്‌കാരവും മൂല്യങ്ങളും പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സമഗ്രവും ശാസ്ത്രീയവുമായ സമീപനത്തോടെയാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. കുഞ്ഞിന് രണ്ട് വയസ്സാകുന്നതുവരെ ഈ പ്രക്രിയ തുടരും"- സംവർദ്ധിനി ന്യാസ് ഭാരവാഹി വാര്‍ത്താഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ആർ.എസ്.എസിന്‍റെ വനിതാ സംഘടനയായ രാഷ്ട്ര സേവികാ സംഘിന്റെ ഭാഗമായ സംവർദ്ധിനി ന്യാസ് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടർമാരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
രാജ്യത്തെ അഞ്ച് മേഖലകളായി തിരിച്ച് 10 ഡോക്ടർമാരുടെ സംഘമാണ് പദ്ധതി നടപ്പിലാക്കുകയെന്ന് സംഘടന അറിയിച്ചു. ഓരോ ഡോക്ടറും അവരവരുടെ പ്രദേശങ്ങളിൽ 20 ഗർഭധാരണ കേസുകൾ ഏറ്റെടുക്കും. മേല്‍നോട്ടത്തിന് എട്ടംഗ കേന്ദ്ര സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആയുർവേദ, ഹോമിയോപ്പതി, അലോപ്പതി ഡോക്ടർമാര്‍ അടങ്ങുന്നതാണ് ഈ സംഘം.
"ജനിക്കുന്ന ഓരോ കുട്ടിയും അത് ആൺകുട്ടിയോ പെൺകുട്ടിയോ ആകട്ടെ, നല്ല സംസ്‌കാരത്തോടെയും നല്ല ചിന്തകളോടെയും ദേശഭക്തിയോടെയും ജനിക്കണം. നമ്മുടെ ഭാവി തലമുറ സേവന സന്നദ്ധരായി, സംസ്കാരസമ്പന്നരായി, സ്ത്രീകളോട് ബഹുമാനമുള്ളവരായി ഈ ലോകത്തേക്ക് വരണം. മാതാപിതാക്കൾ സംസ്കൃത മന്ത്രങ്ങൾ ചൊല്ലുന്നത് ഗർഭസ്ഥശിശുക്കളുടെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കും. ഇത് കുഞ്ഞിന് പോസിറ്റിവ് വൈബ്രേഷൻ നൽകും. നാലാം മാസം മുതൽ കുഞ്ഞിന് ഗര്‍ഭപാത്രത്തിനുള്ളില്‍ കേള്‍ക്കാനാവും. ഭാരതത്തെക്കുറിച്ചും കുടുംബാംഗങ്ങളെ ഇന്ത്യയിലെ മഹാന്മാരെ കുറിച്ചും കുഞ്ഞിനോട് പറയണം"- സംഘാടകര്‍ പറഞ്ഞു. സാധാരണ പ്രസവം സാധ്യമാകാൻ അമ്മയെ യോഗ അഭ്യസിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
Adjust Story Font
16