രാജ്യത്ത് ക്ഷേത്ര - പള്ളി തർക്കങ്ങൾ കൂടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്എസ് തലവൻ
"രാമക്ഷേത്രം പോലുള്ള പ്രശ്‌നങ്ങൾ മറ്റൊരിടത്തും ഉന്നയിക്കരുത്, തെറ്റുകളിൽ നിന്ന് പഠിച്ച് മുന്നേറണം"; മോഹൻ ഭഗവത്
പുനെ: രാജ്യത്ത് ക്ഷേത്രം - പള്ളി തർക്കങ്ങൾ കൂടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. രാമക്ഷേത്രം പോലുള്ള സംഭവങ്ങൾ സൃഷ്ടിച്ചും ഇവ മുതലെടുത്തും ചിലർ ഹിന്ദുക്കളുടെ നേതാക്കളാകാൻ ശ്രമിക്കുന്നുവെന്നാണ് മോഹൻ ഭഗവത് പറഞ്ഞത്.
വ്യത്യസ്ത വിശ്വാസങ്ങൾക്കും ആശയങ്ങൾക്കും ഒരുമയോടെ ജീവിക്കാനുള്ള ഒരു മാതൃകയാവണം ഇന്ത്യ എന്നും ഭഗവത് പറഞ്ഞു. യുപി സംഭലിലെ ശാഹി ജമ മസ്ജിദിനെക്കുറിച്ചും രാജസ്ഥാനിലെ അജ്മീർ ശരീഫിനെക്കുറിച്ചും തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആരോപണങ്ങളുയരുന്നതിനെ അനുബന്ധിച്ചാണ് മോഹൻ ഭഗവത് സംസാരിച്ചത്.
ഇന്ത്യക്കാർ തങ്ങളുടെ കഴിഞ്ഞ കാലത്തെ തെറ്റുകളിൽ നിന്ന് പഠിക്കുകയും ലോകത്തിന് ഒരു മാതൃകയാവുകയും വേണമെന്ന് പറഞ്ഞ ഭഗവത് തർക്കവിഷയങ്ങളെ അവഗണിച്ച് മുന്നേറുന്നതിനെക്കുറിച്ചും സംസാരിച്ചു.
'രാമക്ഷേത്രം വിശ്വാസത്തിന്റെ വിഷയമായിരുന്നു, ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമിക്കണമെന്ന് തോന്നി, എന്നാൽ പുതിയ വിഷയങ്ങൾ കുത്തിപ്പൊക്കി വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല' - എന്ന് ഭഗവത് പറഞ്ഞു.
സമൂഹത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായ പുരാതന സംസ്‌കാരത്തിലേക്ക് മടങ്ങുകയാണ് പരിഹാരമെന്ന് പറഞ്ഞ ഭഗവത്, തീവ്രവാദം, ആക്രമണോത്സുകത, ബലപ്രയോഗം, മറ്റുള്ളവരുടെ വിശ്വാസത്തെയും ദൈവത്തെയും അപമാനിക്കൽ എന്നിവ തങ്ങളുടെ സംസ്‌കാരമല്ലെന്നും കൂട്ടിച്ചേർത്തു.
രാജ്യത്ത് ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല, എല്ലാവരും ഒന്നാണ്, ഓരോരുത്തരുത്തർക്കും അവരുടെ ഇഷ്ടമുള്ള ആരാധനാരീതി രാജ്യത്ത് പിന്തുടരാൻ അവസരമുണ്ടാകണം എന്നും മോഹൻ ഭഗവത് പറഞ്ഞു. 'വിശ്വഗുരു ഭാരത്' എന്ന വിഷയത്തെ അനുബന്ധിച്ച് പുനെയിലെ സംസാരിക്കവെയാണ് ആർഎസ്എസ് തലവൻ വിഷയങ്ങളിൽ പ്രതികരിച്ചത്.
മോഹൻ ഭഗവതിന്റെ പ്രസ്താവനയ്ക്കിടയിലും സംഭലിലെ ശാഹി മസ്ജിദിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുകയാണ് ജില്ലാ ഭരണകൂടം. പുതുതായി മസ്ജിദിലെ പുരാതന കിണർ പിടിച്ചെടുത്താണ് നടപടി. മസ്ജിദിന്റെ കിഴക്കേ മതിലിനോട് ചേർന്ന കിണറാണ് മുന്നറിയിപ്പില്ലാതെ പിടിച്ചെടുത്തത്. വിശ്വാസികൾ പ്രാർത്ഥനയ്ക്കായി അംഗശുദ്ധി വരുത്തിയിരുന്നത് ഈ കിണറിലെ വെള്ളം ഉപയോഗിച്ചായിരുന്നു. കിണറിൽ ജില്ലാ ഭരണകൂടം മോട്ടർ സ്ഥാപിക്കുകയും പൊലീസിനെ വിന്യസിക്കുകയും ചെയ്തു. സമീപത്തെ കിണറിൽനിന്ന് വിഗ്രഹങ്ങൾ ലഭിച്ചെന്ന് പൊലീസ് അവകാശപ്പെട്ടതിന് പിന്നാലെയാണ് നടപടി. കിണറിൽ പൊലീസ് പരിശോധന നടത്തിയേക്കും.
ദിവസങ്ങൾക്ക് മുമ്പ് ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർ ദർഗയിലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടന രംഗത്തുവന്നിരുന്നു. ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു സേനയാണ് ജില്ലാ കോടതിയെ സമീപിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ദർഗ കമ്മിറ്റിക്ക് നോട്ടീസ് അയച്ചിരുന്നു. അജ്മീർ ദർഗയുടെമേലുള്ള ഹിന്ദുസേനയുടെ അവകാശവാദം 1911ലെ പുസ്തകം ഉദ്ധരിച്ച് മാത്രമായിരുന്നു. 'അജ്മീർ: ഹിസ്റ്റോറിക്കൽ ആൻഡ് ഡിസ്‌ക്രിപ്റ്റീവ്' എന്ന പുസ്തകമാണ് ആരോപണത്തിൽ തെളിവായി കോടതിയിൽ സമർപ്പിച്ചത്. ജഡ്ജിയായി വിരമിച്ച ഹർ ബിലാസ് സർദയാണ് പുസ്തകം എഴുതിയത്.
സംഭൽ ശാഹി മസ്ജിദ് ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ സർവേ നടപടികൾ സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നും കോടതികൾക്ക് സുപ്രിംകോടതി നിർദേശം നൽകി. എന്നാൽ, ഈ നിർദേശങ്ങൾ ലംഘിച്ച് സംഭലിൽ അധികൃതർ നടപടി തുടരുകയാണ്. കഴിഞ്ഞ നവംബർ 24ന് ഒരു മുന്നറിയിപ്പുമില്ലാതെ നടന്ന സർവേ നടപടികളിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Adjust Story Font
16