Quantcast

ബി.ജെ.പിക്കെതിരായ വിമർശനം; മലക്കം മറിഞ്ഞ് ആർ.എസ്. എസ് നേതാവ്

അഹങ്കാരമാണ് ബി.ജെ.പിയെ 240 സീറ്റിലൊതുക്കിയതെന്നായിരുന്നു കഴിഞ്ഞ ദിവസം ഇന്ദ്രേഷ് പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    15 Jun 2024 5:18 AM GMT

Indresh Kumar
X

ഇന്ദ്രേഷ് കുമാര്‍

ജയ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ബി.ജെ.പിക്കെതിരായ വിമർശനത്തിൽ മലക്കം മറിഞ്ഞ് ആർ.എസ്. എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ശ്രീരാമനെ എതിർത്തവരാണ് അധികാരത്തിന് പുറത്തു നിൽക്കുന്നതെന്നായിരുന്നു ഇത്തവണ കുമാറിന്‍റെ പരാമര്‍ശം. അഹങ്കാരമാണ് ബി.ജെ.പിയെ 240 സീറ്റിലൊതുക്കിയതെന്നായിരുന്നു കഴിഞ്ഞ ദിവസം ഇന്ദ്രേഷ് പറഞ്ഞത്.

രാമനെ എതിർത്തവരെല്ലാം അധികാരത്തിന് പുറത്താണെന്നും രാമനെ ഏറ്റെടുത്തവരാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. '' മോദിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും സർക്കാർ രൂപീകരിച്ചു.അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ രാജ്യം രാവും പകലും അതിവേഗം പുരോഗമിക്കുമെന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഈ വിശ്വാസം തഴച്ചുവളരുകയും ഫലം കായ്ക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ആശംസിക്കുന്നു'' ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍ഡ്യാ മുന്നണി ശ്രീരാമ വിരുദ്ധരെന്ന് അദ്ദേഹം ആക്ഷേപിക്കുകയും ചെയ്തു.

ജയ്പൂരിനടുത്തുള്ള കനോട്ടയിൽ നടന്ന ഒരു പരിപാടിയിലാണ് ഇന്ദ്രേഷ് ബി.ജെ.പിക്കെതിരെ വിമര്‍ശമുന്നയിച്ചത്. ''ഭഗവാനെ ആരാധിക്കുന്നവര്‍ ക്രമേണ അഹങ്കാരികളായി മാറി. ഏറ്റവും വലിയ പാര്‍ട്ടിയായിരുന്നെങ്കിലും അവരുടെ അഹങ്കാരം മൂലം രാമന്‍ അവരെ 240 സീറ്റില്‍ നിര്‍ത്തി'' ഇന്ദ്രേഷ് പറഞ്ഞു. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ഭരിക്കാനുള്ള മാന്ത്രിക സംഖ്യ ഒറ്റക്ക് നേടിയ ബി.ജെ.പി ഇത്തവണ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ആര്‍.എസ്.എസ് നേതാവിന്‍റെ പരിഹാസം. 2014ന് ശേഷമുള്ള പാർട്ടിയുടെ ഏറ്റവും മോശം പ്രകടനം കൂടിയായിരുന്നു 2024ലെ തെരഞ്ഞെടുപ്പ്.

ശ്രീരാമ വിരുദ്ധര്‍ എന്ന് ആക്ഷേപിച്ച് ഇന്ദ്രേഷ് കുമാര്‍ ഇന്‍ഡ്യാ മുന്നണിയെയും വെറുതെ വിട്ടില്ല. പ്രതിപക്ഷ സഖ്യത്തിൻ്റെ പേരെടുത്ത് പറയാതെ ആയിരുന്നു പരാമര്‍ശം. "രാമനിൽ വിശ്വാസമില്ലാത്തവരെ ഒരുമിച്ച് 234 ൽ നിർത്തി. ദൈവത്തിൻ്റെ നീതി സത്യവും ആസ്വാദ്യകരവുമാണ്." എന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണി 234 സീറ്റുകളാണ് നേടിയത്.

യഥാര്‍ഥ സേവകന് അഹങ്കാരമുണ്ടാകില്ലെന്നും ആരെയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുകയെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞതിനു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ദ്രേഷ് കുമാറിന്‍റെ പ്രസ്താവന. രേഷിംബാഗിലെ ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതിഭവനില്‍ സംഘടിപ്പിച്ച ആര്‍.എസ്.എസ്. പരിശീലനപരിപാടിയിലായിരുന്നു ഭാഗവത് ഇങ്ങനെ പറഞ്ഞത്. 'യഥാര്‍ഥ സേവകന്‍ പ്രവര്‍ത്തനത്തില്‍ എപ്പോഴും മാന്യതപുലര്‍ത്തും. അത്തരത്തിലുള്ളവര്‍ അവരുടെ ജോലിചെയ്യുമ്പോള്‍ തന്നെ അതില്‍ അഭിരമിക്കില്ല. താനത് ചെയ്തുവെന്ന് അഹങ്കരിക്കില്ല. അത്തരത്തിലുള്ള ആളുകള്‍ മാത്രമേ സേവകനെന്ന് വിളിക്കപ്പെടാന്‍ യോഗ്യനാകൂ', മോഹന്‍ ഭാഗവത് പറഞ്ഞു.

തെരഞ്ഞെടുപ്പെന്നാല്‍ മത്സരമാണ്, യുദ്ധമല്ല. ഇരുവിഭാഗവും തെരഞ്ഞെടുപ്പിനിടെ പരസ്പരം ആക്ഷേപം ചൊരിഞ്ഞു. അവരുടെ പ്രവൃത്തികളാല്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാകുമെന്ന് ആരും ചിന്തിച്ചില്ല. ഒരുകാരണവുമില്ലാതെ സംഘപരിവാറിനേയും ഇതിലേക്ക് വലിച്ചിഴച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ അസത്യങ്ങള്‍ പ്രചരിപ്പിച്ചു. ഇതിനാണോ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്? ഇങ്ങനെയെങ്കില്‍ രാജ്യം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പ്രതിപക്ഷം ശത്രുപക്ഷമല്ല. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് മനസിലാക്കിയാല്‍, തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട മര്യാദകള്‍ താനെ പാലിക്കപ്പെടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതുണ്ടായില്ലെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു.

TAGS :

Next Story