ജാതി സെൻസസിനെ എതിർക്കുമെന്ന് ആർ.എസ്.എസ്
ജാതി സെൻസസിൽ നേട്ടങ്ങളൊന്നും ഞങ്ങൾ കാണുന്നില്ലെന്നും എന്നാൽ, ഇതിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും മുതിർന്ന ആർ.എസ്.എസ് പ്രചാരക് ശ്രീധർ ഗാഡ്‌ഗെ പറഞ്ഞു.
നാഗ്പൂർ: ജാതി സെൻസസിനെ എതിർക്കുമെന്ന് ആർ.എസ്.എസ്. ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തുന്നത് രാജ്യത്ത് സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കുമെന്ന് ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു. മുതിർന്ന ആർ.എസ്.എസ് നേതാക്കളാണ് ജാതി സെൻസസിൽ സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.
മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലെയും കൗൺസിലിലെയും ബി.ജെ.പി, ശിവസേന (ഷിൻഡെ വിഭാഗം) എം.എൽ.എമാർ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു സംഘടന നിലപാട് വ്യക്തമാക്കിയത്.
ജാതി സെൻസസിൽ നേട്ടങ്ങളൊന്നും ഞങ്ങൾ കാണുന്നില്ലെന്നും എന്നാൽ, ഇതിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും മുതിർന്ന ആർ.എസ്.എസ് പ്രചാരക് ശ്രീധർ ഗാഡ്‌ഗെ പറഞ്ഞു. ബി.ജെ.പിയുടെയും ശിവസേനയുടെയും നേതാക്കൾ സന്ദർശനം നടത്തുമ്പോൾ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ആർ.എസ്.എസ് ആസ്ഥാനത്തുണ്ടായിരുന്നില്ല.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആർ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തിയ സംഘത്തിലുണ്ടായിരുന്നില്ല. എൻ.സി.പി അംഗങ്ങളും ആർ.എസ്.എസ് ആസ്ഥാനത്തെ സന്ദർശനത്തിന് എത്തിയിരുന്നില്ല. ബി.ജെ.പി നേതാക്കൾ ക്ഷണിച്ചിരുന്നെങ്കിലും എൻ.സി.പി പ്രതിനിധികൾ നിരസിക്കുകയായിരുന്നു. എതെങ്കിലും സ്ഥലം സന്ദർശിക്കണോ എന്നത് ഓരോ പാർട്ടിയുടെയും വിവേചനാധികാരത്തിൽപ്പെട്ട കാര്യമാണെന്ന് എൻ.സി.പി നേതാവ് അമോൽ മിത്കരി പറഞ്ഞു.
Adjust Story Font
16