'ചരിത്ര സത്യങ്ങൾ പുറത്തുവരാൻ സമയമായി'; ഗ്യാൻവാപി മസ്ജിദ് കേസിൽ പ്രതികരിച്ച് ആർ.എസ്.എസ്
മസ്ജിദ് കോപ്ലക്‌സിൽ ശിവലിംഗം കണ്ടെത്തിയത് അറിഞ്ഞപ്പോൾ വികാരഭരിതനായെന്ന് കേന്ദ്രമന്ത്രി സൻജീവ് ബല്യാൻ
ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രം- ഗ്യാൻവാപി മസ്ജിദ് കേസിൽ പ്രതികരിച്ച് രാഷ്ട്രീയ സ്വയം സേവക് (ആർ.എസ്.എസ്). ചരിത്ര സത്യങ്ങൾ പുറത്തുവരാൻ സമയമായെന്നും അവ ഏറെ കാലം മൂടിവെക്കാനാകില്ലെന്നും ആർ.എസ്.എസ് പബ്ലിസിറ്റി ഇൻ ചാർജ് സുനിൽ അംബേദ്കർ പറഞ്ഞു. മാധ്യമപ്രവർത്തകരെ ആദരിക്കാൻ സംഘടന ഡൽഹിയിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ചില വസ്തുതകൾ പുറത്തുവരികയാണ്. അവ വെളിച്ചത്തുവരാൻ നാം അനുവദിക്കണം. ഏതു കേസിലും സത്യം പുറത്തുവരാനുള്ള വഴി കണ്ടെത്തും. എത്രകാലം മൂടിവെക്കാനാകും. ചരിത്രസത്യങ്ങൾ സമൂഹത്തിന്റെ മുമ്പിൽ യഥാർഥ രീതിയിൽ അവതരിപ്പിക്കപ്പെടാനുള്ള സമയമായെന്ന് ഞാൻ വിശ്വസിക്കുന്നു' ചടങ്ങിൽ സംസാരിക്കവേ സുനിൽ വ്യക്തമാക്കി.
മസ്ജിദ് കോപ്ലക്‌സിൽ ശിവലിംഗം കണ്ടെത്തിയത് അറിഞ്ഞപ്പോൾ വികാരഭരിതനായെന്ന് ചടങ്ങിൽ കേന്ദ്രമന്ത്രി സൻജീവ് ബല്യാൻ പറഞ്ഞു. ചരിത്രവസ്തുതകൾ പുറത്തു വരണമെന്ന വാദം അദ്ദേഹവുമുയർത്തി.
'സംഭവം നടക്കുമ്പോൾ ഞാൻ വാരണാസിയിലായിരുന്നു. ഞാൻ വികാരഭരിതനായി. നൂറ്റാണ്ടുകളായി 'നന്ദി' (ശിവൻ കയറുന്ന ഒരു വിശുദ്ധ കാള) കാത്തിരിക്കുകയാണെന്ന് ഒരു പത്രപ്രവർത്തകൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ കൂടുതൽ ആവേശഭരിതനായി. എന്റെ കണ്ണുകൾ ഈറനണിഞ്ഞു. അതുകൊണ്ട് തന്നെ പത്രപ്രവർത്തനം വളരെ പ്രധാനമാണ്. അത് ആളുകളെ വികാരഭരിതരാക്കും' ബല്യാൻ പറഞ്ഞു. 2019 നവംബർ ഒമ്പതിന് അയോധ്യയിലെ രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രിംകോടതി വിധി പറഞ്ഞപ്പോൾ രാമജന്മഭൂമി പ്രസ്ഥാനവുമായും ആർ.എസ്.എസ് ബന്ധപ്പെട്ടിരിക്കുകയാണെന്ന് മേധാവിയായ മോഹൻ ഭാഗവത് പറഞ്ഞിരുന്നു.
കോടതി നിർദേശപ്രകാരം നടന്ന വീഡിയോഗ്രാഫിക് സർവേയിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന പള്ളിയുടെ കുളത്തിന്റെ ഭാഗം സീൽ ചെയ്യണമെന്ന് വാരണാസി കോടതി ഉത്തരവിട്ടിരുന്നു. ഹിന്ദു ഹരജിക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു ഈ ഉത്തരവ്. എന്നാൽ ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വുദു ഖാനയിലെ ഫൗണ്ടയ്‌നാണ് ശിവലിംഗമെന്ന് ഇവർ അവതരിപ്പിക്കുന്നതെന്നായിരുന്നു മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നത്.
അതേസമയം, ഗ്യാൻവാപി കേസ് നാളെ പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. കേസ് നാളത്തേക്ക് മാറ്റണമെന്ന് ഹിന്ദു സേന ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ സമയം നൽകരുതെന്നാണ് മസ്ജിദ് സമിതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേസ് സുപ്രിംകോടതി പരിഗണിക്കുന്നത് വരെ വാരാണസി കോടതിയിലെ വിചാരണ നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.
Rss response to the Gyanwapi Masjid case
Adjust Story Font
16