വേണു രാജാമണിയുടെ സേവനങ്ങൾ വിശദീകരിച്ച് വിവരാവകാശരേഖ
വേണു രാജാമണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിനിധി സംഘവും നടത്തിയ യൂറോപ്പ് - യു. കെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ്, വിഷ്ണുപ്രതാപ് എന്ന വ്യക്തി പൊതുഭരണ വകുപ്പിനോട് വേണു രാജമാണിയുടെ സേവനങ്ങൾ ചോദിച്ച് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.
ഡൽഹി: ഡൽഹിയിലെ കേരള സർക്കാരിന്‍റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണിയുടെ സേവനങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള വിവരാവകാശരേഖ പുറത്തുവിട്ട് പൊതുഭരണ വകുപ്പ്. 2021 സെപ്റ്റംബർ 15നാണ് നെതർലൻഡ്സ് മുൻ അംബാസഡറും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണിയെ കേരള സർക്കാർ ഒരു വർഷ കാലയളവിലേക്ക് നിയമിച്ചത്.
2022 സെപ്തംബർ 17 മുതൽ ഒരു വർഷത്തേക്ക് കൂടി അദ്ദേഹത്തിന്റെ സേവന കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. വേണു രാജാമണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിനിധി സംഘവും നടത്തിയ യൂറോപ്പ് - യു. കെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ്, വിഷ്ണുപ്രതാപ് എന്ന വ്യക്തി പൊതുഭരണ വകുപ്പിനോട് വേണു രാജമാണിയുടെ സേവനങ്ങൾ ചോദിച്ചു കൊണ്ട് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.
ഡൽഹി കേരള ഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വേണു രാജാമണി പദവി ഏറ്റെടുത്തതിനു ശേഷം ഇന്ത്യയിലെ വിദേശരാജ്യങ്ങളുടെ പ്രതിനിധികളുമായി ഫലപ്രദമായ നിരവധി ചർച്ചകൾ നടത്തിയതിനെക്കുറിച്ച് വിവരാവകാശ രേഖയിൽ പറയുന്നുണ്ട്. ഒ.എസ്.ഡിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച 11 മാസത്തെ പ്രവർത്തന റിപ്പോർട്ട് വിവരാവകാശരേഖയിൽ അനുബന്ധമായി ചേർത്തിട്ടുമുണ്ട്. നെതർലൻഡ്സ്, നോർവെ, ക്യൂബ, സ്വിറ്റ്സർലൻഡ്, ജർമ്മനി, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ അംബാസഡറുമാരും യു.എസ്.എ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ചെന്നെയിലെ കോൺസൽ ജനറലുമാരും കേരളം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ കേരള ചീഫ് സെക്രട്ടറിയുമായി യു.കെയിലെ ഡെപ്യൂട്ടി ഹൈ കമ്മീഷണറും ആസ്ട്രേലിയയിലെ ഹൈകമ്മീഷനറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഓരോ രാജ്യങ്ങളുമായും മറ്റു അന്താരാഷ്ട്ര ഏജൻസികളുമായും നടന്നിട്ടുള്ള ചർച്ചകൾ പ്രവർത്തന റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടത് ഇവയാണ്-
1 യുക്രൈൻ പ്രതിസന്ധി- യുദ്ധ മേഖലകളിൽ ഒറ്റപ്പെട്ട് പോയ മലയാളി വിദ്യാർത്ഥികളുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. എംബസ്സികളിൽ നിന്നും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുമുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഫലപ്രദമായ ആശയവിനിമയത്തിലൂടെ ശേഖരിച്ച് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, നോർക്ക റൂട്ട്സ്, വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവരെ നേരിട്ട് അറിയിച്ചു. വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി ആവശ്യമായ ഫീഡ്ബാക്ക് വിദേശകാര്യ മന്ത്രാലയത്തിന് തിരികെ നൽകി.
2. യൂറോപ്യൻ ഇൻവസ്റ്റ്മെന്റ് ബാങ്ക്- യൂറോപ്യൻ ഇൻവസ്റ്റ്മെന്റ് ബാങ്ക് കിഫ്ബിയുമായി ബന്ധപ്പെട്ട് 300 മില്യൺ യൂറോയുടെ വായ്പ നൽകുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ.
3. നെതർലൻഡ്സ്- പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് രേഖകൾ ഉപയോഗിച്ച് കേരളത്തിന്റെ ചരിത്രം അന്വേഷിക്കുന്ന "കോസ്മോസ് മലബാറിക്കസ്" പദ്ധതിക്ക് തുടക്കം കുറിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ. നൈപുണ്യ വികസനത്തിനായി അക്സോ നോബൽ എന്ന ഡച്ച് കമ്പനിയും കേരള സർക്കാരിന്റെ ഏജൻസികളുമായി ചേർന്ന് പെയിന്റിങ് അക്കാദമികൾ സ്ഥാപിച്ച നടപടികൾ. ദുരന്ത നിവാരണം, വെള്ളപ്പൊക്കം, പ്രളയ നിവാരണം എന്നിവ പ്രതിരോധിക്കുന്നതിനായി ബന്ധപ്പെട്ട കേരള ഉദ്യോഗസ്ഥർക്ക് ഡച്ച് വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളും പരിശീലനവും. കൊച്ചിയിലെ വെള്ളക്കെട്ടിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും കൊച്ചി മേയറും ഡച്ച് വിദഗ്ദ്ധരുമായി ചർച്ചകൾ സംഘടിപ്പിച്ചു. കേരളത്തിലെ കോച്ചുമാർക്ക് നെതർലൻഡ്സിൽ നിന്നുള്ള അന്താരാഷ്ട്ര ഫുട്ബോള്, ഹോക്കി കോച്ചുമാരുടെ പരിശീലനം. പച്ചക്കറി പഴവർഗങ്ങൾക്കായി ഇന്തോ ഡച്ച് സെന്റർ ഓഫ് എക്സലൻസ് അടുത്ത് തന്നെ വയനാട്ടിൽ പ്രവർത്തനമാരംഭിക്കാൻ വേണ്ട ക്രമീകരണങ്ങൾ.
4. വിയറ്റ്നാം- കേരളവുമായി ഏറ്റവും സമാനതകളുള്ള വിയറ്റ്നാമുമായി മത്സ്യബന്ധനം, കൃഷി എന്നീ മേഖലകൾ കേന്ദ്രീകരിച്ച് നടന്ന "വിയറ്റ്നാം - കേരള" ശില്പശാലയിൽ വിയറ്റ്നാം അംബാസഡറും പ്രതിനിധി സംഘവും പങ്കെടുത്തു. അതിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ. 2022 ഓഗസ്റ്റിൽ വിയറ്റ്നാമിലെ ഏറ്റവും വലിയ മത്സ്യമേളയായ 'വിയറ്റ്ഫിഷ് ' പരിപാടിയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തെ അയക്കുകയും തുടർന്ന് വിയറ്റ്നാമിന്റെ പല പ്രവിശ്യകളിലെ നേതാക്കന്മാരുമായി ചർച്ചകൾ.
5. ജർമ്മനി- ജർമ്മനിയിലേക്ക് നഴ്സുമാരെ അയയ്ക്കുന്നതിന് ബാംഗ്ലൂരിലെ കൺസൽ ജനറലുമായി ചർച്ചകൾ നടത്തിയതിനെ തുടർന്ന് ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും, നോർക്ക റൂട്ട്സും തമ്മിൽ കരാർ.
6. യു.എസ്.എ - അമേരിക്കയിലെ അക്കാദമിക് മേഖലയിലുള്ളവരുമായി കേരളത്തിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സംവദിക്കാനും, അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും വേണ്ടി ഒരു "അമേരിക്കൻ സ്പേസ്" സ്ഥാപിക്കാനുള്ള നീക്കങ്ങൾ. ചെന്നൈയിലെ യു.എസ് കോൺസുലേറ്റ് കേരളത്തിനായി വികസിപ്പിച്ചെടുത്ത ദുരന്ത നിവാരണ പാഠ്യപദ്ധതി ബന്ധപ്പെട്ട കേരള അധികാരികൾക്ക് കൈമാറാൻ വേണ്ട നടപടികൾ. യു.എസ്.എ.ഐ.ഡി നിലവിൽ കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികൾ അവലോകനം ചെയ്യുകയും കൂടുതൽ സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു.
7. നോർവെ- നോർവീജിയൻ എംബസിയും TERIയും കേരള ഗവൺമെന്‍റിന്‍റെ പിന്തുണയോടെ സംഘടിപ്പിച്ച ഗ്രീൻ ഹൈഡ്രജൻ സംബന്ധിച്ച ശില്പശാലക്ക് വേണ്ട സഹകരണം.
8. യൂറോപ്യൻ യൂണിയൻ- കൊച്ചി നഗരത്തെ യൂറോപ്പിലെ ഒരു നഗരവുമായി ബന്ധിപ്പിച്ചുള്ള "ട്വിൻ സിറ്റി" പദ്ധതിയുടെ ചർച്ചകൾക്ക് മുൻകൈ എടുത്തു.
9. ഫിൻലൻഡ്- ഫിൻലൻഡുമായി വിദ്യാഭ്യാസ മേഖലയിൽ സഹകരണം ലക്ഷ്യം വച്ച് ഫിൻലൻഡ് അംബാസിഡറുമായ മറ്റ് ഉദ്യോഗസ്ഥരുമായി പല തവണ ചർച്ചകൾ.
10. യു.എ.ഇ- യു.എ.ഇ വാണിജ്യ വകുപ്പ് മന്ത്രിയുടെ കേരള സന്ദർശനത്തിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ.
11. സ്വിറ്റ്സർലാൻഡ്- ഇന്തോ-സ്വിസ്സ് പദ്ധതിയുടെ മുപ്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്വിസ്സ് അംബാസഡറുടെ കേരള സന്ദർശനത്തിനും മലബാർ മിൽമയുടെ പുതിയ സമുച്ചയ ഉദ്ഘാടനത്തിനു വേണ്ടിയുള്ള സഹായങ്ങൾ.
12. ജപ്പാന്‍- കേരളത്തിൽ നടക്കാനിരിക്കുന്ന ഡിസ്കവർ ജപ്പാൻ, ജപ്പാൻ മേള എന്നീ പ്രോഗ്രാമുകൾക്ക് പിന്തുണയും ജാപ്പനീസ് എംബസിയും കോൺസുലേറ്റുമായുള്ള ഏകോപനവും.
13. കേന്ദ്ര വിദേശകാര്യ മന്ത്രാലയം- കേന്ദ്ര വിദേശ കാര്യ മന്ത്രാലയവുമായി അടുത്ത ബന്ധം പുലർത്തുകയും ഔദ്യോഗിക കാര്യങ്ങളിൽ ചീഫ് സെക്രട്ടറിയും മറ്റ് അധികാരികളും വിവിധ വിഷയങ്ങളിൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടുമ്പോഴുള്ള ഇടപെടലുകൾ. ഒ. എസ്. ഡിയുടെ ചുമതലകളും വിവരാവകാശ രേഖയിൽ കൃത്യമായി എഴുതിയിട്ടുണ്ട്. കേരളത്തിന്റെ വളർച്ചയ്ക്കായി വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ നിന്നും, ഇന്ത്യയിലെ വിദേശ എംബസികളിൽ നിന്നും സഹകരണ സാധ്യതകൾ തേടി അവരുമായി ചർച്ച നടത്തുക, വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലുകളിലും പ്രവാസി വിഷയങ്ങളിലും സർക്കാരിന് നിർദേശങ്ങൾ നൽകുക, കേരളം സന്ദർശിക്കുന്ന വിദേശ ഉദ്യോഗസ്ഥരുമായും ബിസിനസ് പ്രതിനിധികളുമായുള്ള ആശയവിനിമയം നടത്തുക, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശ യാത്രകളുടെ തുടർ നടപടികൾ സ്വീകരിക്കുക എന്നിവയാണ് പ്രധാനപ്പെട്ടത്.
പാർട്ട് ടൈം അടിസ്ഥാനത്തിലാണ് വേണു രാജാമണി ജോലി ചെയ്യുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കേരള ഹൗസിലെ ഔദ്യോഗിക വാഹനങ്ങളിലൊന്നാണ് ഓഫീസ് ആവശ്യത്തിനനുസരിച്ച് ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിൽ കേരള ഹൗസ് റസിഡന്റ് കമ്മീഷനറുടെ ഓഫീസിൽ നിന്നും വർക്കിങ്ങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സ്റ്റാഫ് ആണ് അദ്ദേഹത്തെ സഹായിക്കുന്നത്.
Adjust Story Font
16