Quantcast

'ഒന്നിനുപിറകെ ഒന്നായി നുണകൾ പറഞ്ഞ് യുവാക്കളുടെ മുറിവിൽ ഉപ്പു പുരട്ടുകയാണ്'; മോദിക്കെതിരെ വിമർശനവുമായി ഖാർ​ഗെ

'ആർ.ബി.ഐയെ ദുരുപയോഗം ചെയ്തും വ്യാജ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചും പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം മറച്ചുവെക്കരുത്'

MediaOne Logo

Web Desk

  • Updated:

    2024-07-19 15:27:46.0

Published:

19 July 2024 2:50 PM GMT

Kharge- Modi
X

ന്യൂഡൽഹി: എട്ട് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഒന്നിനുപുറകെ ഒന്നായി കള്ളങ്ങൾ പറഞ്ഞ് മോദി യുവാക്കളുടെ മുറിവിൽ ഉപ്പു പുരട്ടുകയാണെന്ന് ഖാർ​ഗെ ആരോപിച്ചു. കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ എട്ട് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചത് വ്യാജ വിവരണങ്ങൾ പ്രചരിപ്പിക്കുന്നവരെ നിശ്ശബ്ദരാക്കിയെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഖാർ​ഗെയുടെ വിമർശനം.

'എൻ.ഡി.എ സർക്കാർ സ്ഥിരതയ്ക്കും വളർച്ചയ്ക്കും മുൻഗണന നൽകി. ചെറുതും വലുതുമായ നിക്ഷേപകരെ മൂന്നാം എൻ.ഡി.എ സർക്കാർ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്.'- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല റിപ്പോർട്ട് ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.

'ഒന്നിനുപുറകെ ഒന്നായി നുണകൾ പറഞ്ഞു നിങ്ങൾ യുവാക്കളുടെ മുറിവിൽ ഉപ്പു പുരട്ടുകയാണ്. അതിനാൽ ഞങ്ങൾ നിങ്ങളോട് മൂന്ന് ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. 10 വർഷത്തിനുള്ളിൽ 20 കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടും നിങ്ങൾ 12 കോടിയിലധികം തൊഴിലവസരങ്ങൾ എടുത്തുകളഞ്ഞത് എന്തുകൊണ്ടാണ്, നോട്ട് നിരോധനം, ജിഎസ്ടി, കോവിഡ്-19 എന്നിവയുടെ ആഘാതം മൂലം ഏഴ് വർഷത്തിനിടെ 54 ലക്ഷം തൊഴിലവസരങ്ങൾ നിർമാണ മേഖലയിൽ നഷ്ടപ്പെട്ടു, സർക്കാർ പി.എൽ.എഫ്.എസ് ഡാറ്റ പ്രകാരം ജോലി ചെയ്യുന്ന സ്ത്രീകളിൽ 37 ശതമാനവും ശമ്പളമില്ലാത്തവരാണെന്നത് ശരിയല്ലേ-' ഖാർ​ഗെ എക്സിൽ കുറിച്ചു.

ആർ.ബി.ഐ റിപ്പോർട്ട് പ്രകാരം 2012നും 2019നും ഇടയിൽ തൊഴിലവസരങ്ങൾ 2.1 കോടി വർധിച്ചു. എന്നാൽ ഈ വർധന രണ്ട് ലക്ഷം മാത്രമാണെന്ന് ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട് പറയുന്നു. രണ്ട് റിപ്പോർട്ടുകളുടെയും പ്രധാന ഉറവിടം സർക്കാർ പി.എൽ.എഫ്.എസ് സർവേയാണ്. അങ്ങനെയിരിക്കെ ഇതിലേതാണ് സത്യമെന്ന് അദ്ദേഹം ചോദിച്ചു.

ആർ.ബി.ഐയെ ദുരുപയോഗം ചെയ്തും വ്യാജ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചും പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന മോദിയുടെ വാഗ്ദാനം മറച്ചുവെക്കരുതെന്ന് ഖാർ​ഗെ ആരോപിച്ചു.

TAGS :

Next Story