ദുരന്തത്തിന് ശേഷം മൃതദേഹങ്ങള്‍ എടുക്കാന്‍ പോലും ആളുണ്ടായിരുന്നില്ല; മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ അപകടത്തെക്കുറിച്ച് ദൃക്സാക്ഷി
ഭക്തജനങ്ങളുടെ തിരക്കിനൊപ്പം അധികാരികളുടെ മേല്‍നോട്ടക്കുറവും അപകടത്തിന് കാരണമായെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു
ജമ്മുകശ്മീരിലെ കത്ര മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചുവെന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് പുതുവര്‍ഷത്തില്‍ രാജ്യം ഉറക്കമുണര്‍ന്നത്. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഭക്തജനങ്ങളുടെ തിരക്കിനൊപ്പം അധികാരികളുടെ മേല്‍നോട്ടക്കുറവും അപകടത്തിന് കാരണമായെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു.
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നിരവധി ഭക്തരുണ്ടായിരുന്നതായി ഹരിയാനയില്‍ നിന്നുള്ള ഭക്തന്‍ പറഞ്ഞു. ആളുകള്‍ ഉന്തും തള്ളും തുടങ്ങിയപ്പോള്‍ ചിലര്‍ നിലത്തുവീണു, നിലത്തുവീണവരെ ചവിട്ടിയാണ് മറ്റുള്ളവര്‍ കടന്നുപോയത്. ഇതാണ് തിക്കിലും തിരക്കിലും കലാശിച്ചെതെന്നും അദ്ദേഹം പറഞ്ഞു. ''ആളുകള്‍ നടക്കുന്ന ഭാഗത്ത് ഒരു ചരിവുണ്ടായിരുന്നു. ആരോ പിറകില്‍ നിന്നും തള്ളിയതു പോലെയാണ് തോന്നിയത്. പിന്നാലെ ആളുകള്‍ വീഴുന്നതും കണ്ടു. ചെറിയ കുട്ടികളും സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ആളുകള്‍ ഓടിയപ്പോള്‍ അവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ കയറി നിന്നതുകൊണ്ടു മാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്'' ദൃക്സാക്ഷി പറഞ്ഞു.
തിരക്ക് നിയന്ത്രിക്കാൻ പരിശോധനകളൊന്നും ഉണ്ടായിരുന്നില്ലെന്നും യാത്രാ ടിക്കറ്റില്ലാത്തവരെ ആരാധനാലയത്തിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചെന്നും ദൃക്സാക്ഷി പറഞ്ഞു. മൂന്നാം ഗേറ്റിന് സമീപം ആളുകളുടെ തിരക്കായിരുന്നുവെന്നും ദൃക്സാക്ഷി കൂട്ടിച്ചേര്‍ത്തു. ഇ-ടിക്കറ്റുകളോ കോവിഡ് സര്‍ട്ടിഫിക്കറ്റുകളോ പരിശോധിക്കാന്‍ ആളുണ്ടായിരുന്നില്ല. ആംബുലന്‍സോ വീല്‍ചെയറുകളോ പോലുള്ള മെഡിക്കല്‍ സൌകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷി പറഞ്ഞു. അധികൃതര്‍ ജനക്കൂട്ടത്തെ മോശമായ രീതിയിൽ കൈകാര്യം ചെയ്തതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് നോയിഡയിലെ സെക്ടർ 76 ൽ താമസിക്കുന്ന യോഗേഷ് വിശ്വകർമ പറഞ്ഞു. തിരക്കിനിടയില്‍ വേര്‍പെട്ടു പോയ ഭാര്യയെും 9 വയസുള്ള മകനെയും തിരയുകയാണ് അമൃത്‌സറിൽ നിന്നുള്ള സന്ദീപ് കുമാർ. സന്ദീപിനെ പോലെ നിരവധി പേരാണ് ഉറ്റവരെയും സുഹൃത്തുക്കളെയും ദുരന്തസ്ഥലത്ത് തിരയുന്നത്.
സംഭവത്തിന് ശേഷം മൃതദേഹങ്ങൾ എടുക്കാൻ ആളുണ്ടായിരുന്നില്ലെന്നും അടിയന്തര സഹായം നൽകിയില്ലെന്നും ദൃക്‌സാക്ഷിയായ ഒരു സ്ത്രീ പറഞ്ഞു. എന്നാല്‍ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വേണ്ടി രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റമാണ് അപകടത്തിൽ കലാശിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Adjust Story Font
16