Quantcast

''അവർ ഒരു പാവപ്പെട്ട കുടുംബമാണ്; ഞങ്ങളെല്ലാം സഹായിച്ചിട്ടാണ് അവൻ വിദേശത്ത് പോയത്''; കൊല്ലപ്പെട്ട വിദ്യാർഥിയുടെ ബന്ധു

കഴിഞ്ഞ ദിവസമാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വിവാദ പ്രസ്താവന.

MediaOne Logo

Web Desk

  • Published:

    2 March 2022 10:25 AM GMT

അവർ ഒരു പാവപ്പെട്ട കുടുംബമാണ്; ഞങ്ങളെല്ലാം സഹായിച്ചിട്ടാണ് അവൻ വിദേശത്ത് പോയത്; കൊല്ലപ്പെട്ട വിദ്യാർഥിയുടെ ബന്ധു
X

ഇന്ത്യയിലെ മത്സരപ്പരീക്ഷയിൽ തോൽക്കുന്നവരാണ് വിദേശത്ത് എം.ബി.ബി.എസ് പഠിക്കാൻ പോവുന്നതെന്ന കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവനക്ക് മറുപടിയുമായി കൊല്ലപ്പെട്ട നവീൻ ശേഖരപ്പയുടെ പിതാവ് ശേഖരപ്പ ഗ്യാനഗൗഡർ. നവീൻ ബുദ്ധിമാനായ വിദ്യാർഥിയായിരുന്നുവെന്നും ഇവിടത്തെ പഠനച്ചെലവ് താങ്ങാനാവാത്തതുകൊണ്ടാണ് തന്റെ മകൻ യുക്രൈനിൽ പോയതെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

''ഇവിടെ മെഡിസിൻ പഠിക്കണമെങ്കിൽ വലിയ തുക ഡൊണേഷൻ നൽകണം. ബുദ്ധിയുള്ള കുട്ടികൾ തന്നെയാണ് വിദേശത്ത് പോവുന്നത്. അവിടെ കർണാടകയെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ ചെലവിൽ മെഡിക്കൽ വിദ്യാഭ്യാസം നേടാനാവും. ഇവിടെ മാനേജ്‌മെന്റ് ക്വാട്ടയിൽ ഒരു മെഡിക്കൽ സീറ്റ് കിട്ടണമെങ്കിൽ കോടികൾ നൽകണം''-നവീന്റെ പിതാവ് പറഞ്ഞു.

സ്‌കൂൾ പരീക്ഷകളിൽ നവീൻ 97% മാർക്ക് നേടിയിരുന്നുവെന്ന് ഗ്യാനഗൗഡർ പറഞ്ഞു.

ഒരു മാനേജ്‌മെന്റ് ക്വാട്ട സീറ്റ് വാങ്ങാൻ നവീന്റെ കുടുംബം ആഗ്രഹിച്ചിരുന്നില്ലെന്ന് ബന്ധുവായ സിദ്ധപ്പ പറഞ്ഞു. ബന്ധുക്കൾ മുഴുവൻ സാമ്പത്തികമായി സഹായിച്ചിട്ടാണ് നവീന് വിദേശത്ത് പോയി പഠിക്കാനുള്ള പണം സ്വരൂപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

''വളരെ പിന്നോക്കമായ കുടുംബ പശ്ചാത്തലമാണ് അവരുടേത്. അവന്റെ പിതാവ് ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. നവീനിന്റെ മാതാപിതാക്കൾ അവനെയൊരു ഡോക്ടറാക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഞങ്ങളെല്ലാവരും സഹായിച്ചിട്ടാണ് അവന് യുക്രൈനിൽ പോയി പഠിക്കാനുള്ള പണം സമാഹരിച്ചത്''-സിദ്ധപ്പ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വിവാദ പ്രസ്താവന. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ 9000ൽ കൂടുതൽ വിദ്യാർഥികളാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇപ്പോഴും നിരവധി ഇന്ത്യൻ വിദ്യാർഥികൾ യുദ്ധഭൂമിയിൽ ബങ്കറുകളിൽ കഴിയുന്നുണ്ട്.

TAGS :

Next Story