രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് മുന്നിൽ; കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം
ഇത്തവണ രാജസ്ഥാനിൽ കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്
ജയ്പൂർ: വോട്ടെണ്ണൽ പുരോഗമിക്കവെ രാജസ്ഥാനിൽ കോൺഗ്രസ് സ്ഥാനാർഥി സച്ചിൻ പൈലറ്റ് മുന്നിൽ. ടോങ്ക് മണ്ഡലത്തിലാണ് സച്ചിൻ പൈലറ്റ് ജനവിധി തേടുന്നത്.അതേസമയം, രാജസ്ഥാനില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോൾ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ആദ്യ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമുണ്ട്.
നവംബർ 25നാണ് രാജസ്ഥാനിലെ 199 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 75.45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് 2018 തെരഞ്ഞെടുപ്പ് പോളിങ് ശതമാനത്തേക്കാൾ കൂടുതലായിരുന്നു. 2018 ൽ 74.71 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്.
ഇത്തവണ രാജസ്ഥാനിൽ കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്. സംസ്ഥാനത്തെ അഴിമതിയും ക്രമസമാധാന പ്രശ്നങ്ങളും ആരോപിച്ച് ഭരണകക്ഷിയായ കോൺഗ്രസിനെ ലക്ഷ്യം വെച്ചായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കോൺഗ്രസിനെ ഇത്തവണ തറപറ്റിക്കാനാകുമെന്നും ബി.ജെ.പി വിശ്വസിക്കുന്നു.
രാജസ്ഥാനിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്നലെ പ്രതികരിച്ചിരുന്നു. ശനിയാഴ്ച ജയ്പൂരിലെ കോൺഗ്രസ് വാർ റൂമിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച് സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. താൻ സ്ഥാനാർത്ഥികളുമായി സംസാരിച്ചുവെന്നും ഗെഹ്ലോട്ട് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവ, പാർട്ടി മേധാവി ഗോവിന്ദ് സിംഗ് ദോട്ടസാര എന്നിവരും ഗെഹ്ലോട്ടുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Adjust Story Font
16