ഗെഹ്ലോട്ടിന്‍റെ നിര്‍ദേശങ്ങള്‍ തള്ളി ഹൈക്കമാന്റ്; സച്ചിൻ രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിലേക്ക്
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മനീഷ് തിവാരിയും നാമനിർദേശ പത്രിക സമർപ്പിച്ചേക്കും
ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണയോടെ സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിലേക്ക്. അശോക് ഗെഹ്ലോട്ട് നിരവധി പേരുകൾ മുന്നോട്ട് വെച്ചെങ്കിലും വ്യക്തി പ്രഭാവം സച്ചിൻ പൈലറ്റിനാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. അശോക് ഗെഹ്ലോട്ട് പിൻവാങ്ങിയാൽ ദിഗ് വിജയ് സിങിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കും. ജി23 ൽ നിന്ന് ശശി തരൂരിന് പുറമെ മനീഷ് തിവാരിയും നാമനിർദേശ പത്രിക നൽകിയേക്കും.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ നിലപാടുകൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം. അതിനാലാണ് അശോക് ഗെഹ്ലോട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് ഒരാൾക്ക് ഒരു പദവി എന്ന നയം പാലിക്കപ്പെടേണ്ടതാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം സച്ചിൻ പൈലറ്റിന് നൽകാനാണ് ഹൈക്കമാൻഡ് തീരുമാന. തന്റെ വിശ്വസ്തരായ സിപി ജോഷി, ശാന്തി ധരിവാൾ,ഗോവിന്ദ് സിങ് ദൊതാശ്ര എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗെഹ്ലോട്ട് നിർദേശിച്ചിരുന്നു. സച്ചിൻ പൈലറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇവർക്ക് വ്യക്തി പ്രഭാവം കുറവാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തി.
മുഖ്യമന്ത്രി പദത്തിൽ സമവായം ഉണ്ടാകാതെ വന്നാൽ ഗെഹ്ലോട്ട് പിന്മാറിയേക്കും. മുതിർന്ന നേതാക്കളായ ദിഗ് വിജയ് സിങ്, കമൽനാഥ് തുടങ്ങിയവരുടെ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പരിഗണിക്കും. അതേസമയം, അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി 23 ൽ ആശയക്കുഴപ്പം തുടരുന്നു. ശശി തരൂരിന് പുറമെ മനീഷ് തിവാരിയും നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. നെഹ്‌റു കുടുംബത്തിൽ നിന്ന് സ്ഥാനാർത്ഥി വന്നാൽ പിന്മാറും എന്ന തരൂരിന്റെ നിലപാട് ജി 23 ൽ വിള്ളൽ ഉണ്ടാക്കി എന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16