Quantcast

ജയിച്ചുകയറി സച്ചിൻ പൈലറ്റ്: ബിജെപിയുടെ സ്ലീപ്പർ സെല്ലെന്ന് പരിഹാസം

സച്ചിൻ പൈലറ്റും ബിജെപി നേതാവ് അജിത് സിംഗ് മേത്തയും തമ്മിൽ കടുത്ത പോരാട്ടമായിരുന്നു നടന്നത്. ടോങ്കിൽ വികസനത്തിന്റെ കുതിപ്പ് തുടരുമെന്ന് വിജയത്തിന് പിന്നാലെ സച്ചിൻ പൈലറ്റ് പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    3 Dec 2023 11:18 AM GMT

sachin pilot
X

ഡൽഹി: രാജസ്ഥാനിലെ ടോങ്ക് അസംബ്ലി മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിന് ജയം. സംസ്ഥാനത്ത് 20-ാം റൗണ്ട് വോട്ടെണ്ണലിന് ശേഷം 29,237 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സച്ചിൻ പൈലറ്റ് വിജയിച്ചത്. മണ്ഡലത്തിലെ ദ്വികോണ മത്സരത്തിൽ സച്ചിൻ പൈലറ്റും ബിജെപി നേതാവ് അജിത് സിംഗ് മേത്തയും തമ്മിൽ കടുത്ത പോരാട്ടമായിരുന്നു നടന്നത്. രാജസ്ഥാനിൽ ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ടോങ്ക്.

എന്നാൽ, രാജസ്ഥാനിൽ ബിജെപിയേക്കാൾ ബഹുദൂരം പിന്നിലാണ് കോൺഗ്രസ്. സംസ്ഥാനത്ത് 108 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് ഭരണം നഷ്ടമാകുമെന്ന് ഉറപ്പായതോടെ സച്ചിൻ പൈലറ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കോൺഗ്രസിലെ ബിജെപി സ്ലീപ്പർ സെൽ എന്നടക്കം സച്ചിനെ പരിഹസിച്ച് സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റുകൾ ഉയരുന്നുണ്ട്.

ടോങ്കിൽ വികസനത്തിന്റെ കുതിപ്പ് തുടരുമെന്ന് വിജയത്തിന് പിന്നാലെ സച്ചിൻ പൈലറ്റ് പ്രതികരിച്ചു. ഒരിക്കൽ കൂടി പ്രദേശത്തെ വോട്ടർമാരുടെ അനുഗ്രഹം തനിക്ക് ലഭിച്ചു. ടോങ്കിൽ കോൺഗ്രസിന് വൻ വിജയമാണ് രേഖപ്പെടുത്തിയത്. ഈ വിജയം ടോങ്ക് അസംബ്ലിയിലെ ജനങ്ങൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു. പിന്തുണയ്ക്കും സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി എന്നും സച്ചിൻ എക്‌സിൽ കുറിച്ചു.

അതേസമയം, ഹിന്ദി ഹൃദയഭൂമിയായ മൂന്ന് സംസ്ഥാനങ്ങളിലും കോൺ​ഗ്രസിനേറ്റ പരാജയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. മുന്നണിയിലെ പ്രബല കക്ഷിയും നേതൃത്വം വഹിക്കുന്ന പാർട്ടിയുമാണെന്നിരിക്കെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്​ഗഢ് സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയം കോൺ​ഗ്രസിന് നാണക്കേടാവുകയും ചെയ്തു. ഇതോടെ, മുന്നണിയിൽ കോൺ​ഗ്രസിന്റെ നേതൃയോ​ഗ്യത തന്നെ ചോദ്യചിഹ്നമാവുകയും ചെയ്തിരിക്കുകയാണ്.

ഹിന്ദി ബെൽറ്റിലെ തിരിച്ചടിക്ക് പിന്നാലെ ഡിസംബർ ആറിന് കോൺ​ഗ്രസ് 'ഇൻഡ്യ' മുന്നണിയുടെ യോഗം വിളിച്ചിരിക്കുന്നതും ആ ആശങ്കയുടെ പുറത്താണ്. ഡൽഹിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ വസതിയിലാണ് മുന്നണി യോഗം. ഛത്തീസ്ഗഡും രാജസ്ഥാനും നിലനിർത്താമെന്നും മധ്യപ്രദേശിൽ വിജയിക്കാമെന്നും ഇന്ന് രാവിലെ വരെ പ്രതീക്ഷിച്ചിരുന്ന പാർട്ടി പിന്നീട് മൂന്നിടത്തും താഴെപ്പോവുകയായിരുന്നു.

TAGS :

Next Story