ഇത് 'സാഹിബി'ന്റെ 'സൈക്കോളജിക്കൽ മൂവ്'; വീണുപോകരുത്-മോദിയുടെ തെരഞ്ഞെടുപ്പ് ഫല പ്രതികരണത്തെക്കുറിച്ച് പ്രശാന്ത് കിഷോർ
തെരഞ്ഞെടുപ്പ് ഫലം 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയാണെന്നാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതിനു പിറകെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതു പോലെ ഇത് 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സൂചനയല്ലെന്ന് പ്രശാന്ത് അഭിപ്രായപ്പെട്ടു. മോദിയുടെ പ്രസ്താവന മനശ്ശാസ്ത്രപരമായ ഒരു നീക്കമാണെന്നും അതിൽ വീണുപോകരുതെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്കു വേണ്ടിയുള്ള യുദ്ധം 2024ലാണ് നടക്കാൻ പോകുന്നത്. അന്നായിരിക്കും അക്കാര്യത്തിൽ തീരുമാനവും വരുന്നത്. അല്ലാതെ ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലല്ല. സാഹിബിന്(പ്രധാനമന്ത്രി നരേന്ദ്ര മോദി) ഇത് അറിയാം. സംസ്ഥാനങ്ങളിലെ ഈ ഫലങ്ങൾ നിർണായകമാണെന്ന് വരുത്തിത്തീർത്ത് പ്രതിപക്ഷത്തിനുമേൽ മനശ്ശാസ്ത്രപരമായ മേൽക്കൈ നേടാനുള്ള ബുദ്ധിപരമായ നീക്കമാണിത്. ഈ തെറ്റായ ആഖ്യാനത്തിൽ വീണുപോകുകയോ ഭാഗമാകുകയോ ചെയ്യരുത്- പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
ഇന്നലെ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷ ചടങ്ങിലാണ് ഫലം 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ നാലുഭാഗത്തുനിന്നുമുള്ള അനുഗ്രഹം ബി.ജെ.പിക്ക് ലഭിച്ചതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും മോദി പറഞ്ഞു.
Battle for India will be fought and decided in 2024 & not in any state #elections
— Prashant Kishor (@PrashantKishor) March 11, 2022
Saheb knows this! Hence this clever attempt to create frenzy around state results to establish a decisive psychological advantage over opposition.
Don't fall or be part of this false narrative.
യു.പിയിൽ വീണ്ടും ജനങ്ങൾ തെരഞ്ഞെടുത്തു. ഗോവയെ സേവിക്കാൻ മൂന്നാംവട്ടവും എൻ.ഡി.എയ്ക്ക് ജനങ്ങൾ അവസരം നൽകി. ഉത്തരാഖണ്ഡിലും പുതിയ ചരിത്രം സൃഷ്ടിക്കപ്പെട്ടു. പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. സർക്കാർ സേവനങ്ങൾക്കായി ജനങ്ങൾ ഓഫീസുകളിൽ കാത്തുനിൽക്കേണ്ടി വന്നിരുന്നു. കൈക്കൂലി നൽകേണ്ടി വന്നിരുന്നു. മുൻകാലങ്ങളിൽ പാവങ്ങൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും അവകാശികളുടെ കൈയിൽ എത്തിയിരുന്നില്ല. അതിന് മികച്ച ഭരണനിർവഹണം ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Summary: Saheb knows this! This is clever attempt to get psychological advantage over opposition, Says Prashant Kishor about Modi's election statement
Adjust Story Font
16