ബ്രിജ് ഭൂഷന്റെ ഗുണ്ടകൾ സജീവം; തന്റെ അമ്മയ്ക്ക് ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് സാക്ഷി മാലിക്ക്
ഞങ്ങളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സാക്ഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ ഗുണ്ടകൾ ഇപ്പോഴും സജീവമാണെന്നും തന്റെ അമ്മയ്ക്ക് നിരവധി ഭീഷണി കോളുകൾ വരുന്നുണ്ടെന്നും ഗുസ്തി അവസാനിപ്പിച്ച വനിതാ താരം സാക്ഷി മാലിക്ക്. ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് സാക്ഷി മാലിക്ക് ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷൺ പ്രതിയായ ലൈംഗികാതിക്രമ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം.
ഞങ്ങളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സാക്ഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ബ്രിജ് ഭൂഷൺ സ്വാധീനമുള്ളയാളാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഇപ്പോൾ ഞങ്ങൾ ജൂനിയർ താരങ്ങളുടെ ഗുസ്തി കരിയർ നശിപ്പിക്കുന്നുവെന്നാണ് ആരോപണം. ഞാൻ ഗുസ്തിയിൽ നിന്ന് വിരമിച്ചു. എനിക്ക് കഴിയാത്തത് ജൂനിയർ പെൺകുട്ടികൾ നിറവേറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ രാജ്യത്തിനായി വെള്ളിയും സ്വർണവും നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു ജൂനിയറും ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല'- സാക്ഷി മാലിക് പറഞ്ഞു.
'ഫെഡറേഷന്റെ പുതിയ അഡ്-ഹോക്ക് കമ്മിറ്റിയുമായി ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. ബ്രിജ് ഭൂഷന്റെ വലംകൈയായ സഞ്ജയ് സിങ്ങുമായിട്ട് മാത്രമാണ് പ്രശ്നം. കഴിഞ്ഞ ഒരു വർഷമായി ഞാൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു. ബ്രിജ് ഭൂഷന്റെ സഹായി സഞ്ജയ് സിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല'- സാക്ഷി മാലിക് കൂട്ടിച്ചേർത്തു. നേരത്തെ, സാക്ഷി മാലിക്കിനെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ കേന്ദ്രങ്ങൾ രംഗത്തെത്തിയിരുന്നു.
സാക്ഷി മാലിക്ക് വിരമിച്ചതിനു പിന്നാലെ, പുരുഷ താരങ്ങളായ ബജ്രംഗ് പുനിയ പത്മശ്രീയും വിനേഷ് ഫോഗട്ട് അർജുന അവാർഡും ഖേൽ രത്ന പുരസ്കാരവും തിരിച്ചുനൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോവാനുള്ള നീക്കം തടഞ്ഞതിനെ തുടർന്ന് പുരസ്കാരങ്ങൾ റോഡിൽ വച്ച് മടങ്ങുകയായിരുന്നു ഇരുവരും. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച ശേഷമായിരുന്നു ഇത്.
സഞ്ജയ് സിങ്ങിനെ ഫെഡറേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ഈ കമ്മിറ്റിയെ കേന്ദ്ര കായികമന്ത്രാലയം പിരിച്ചുവിടുകയും മൂന്നംഗ അഡ്-ഹോക്ക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കമ്മിറ്റിയെ അംഗീകരിക്കില്ലെന്നാണ് സഞ്ജയ് സിങ്ങിന്റെ നിലപാട്. സംസ്ഥാന അസോസിയേഷനുകൾ ടീമുകളെ അയച്ചില്ലെങ്കിൽ അഡ്-ഹോക്ക് പാനൽ എങ്ങനെ ദേശീയ ടീമുകളെ സംഘടിപ്പിക്കും? ഞങ്ങൾ ബദൽ ദേശീയ ചാമ്പ്യൻഷിപ്പ് ഉടൻ സംഘടിപ്പിക്കും. ഉടൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിക്കും- എന്നാണ് സഞ്ജയ് സിങ് പറഞ്ഞത്.
ഈ മാസം 21നായിരുന്നു ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതിലാണ് മുന്‍ അധ്യക്ഷനും ലൈംഗികാതിക്രമ കേസില്‍ പ്രതിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിന്‍റെ വിശ്വസ്തൻ സഞ്ജയ് സിങ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് പ്രതിഷേധം അറിയിച്ച് ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയത്. പ്രതിഷേധം കടുത്തതോടെ, 24നാണ് ദേശീയ ഗുസ്തി ഫെഡറേഷനെ കേന്ദ്ര സർക്കാർ സസ്പെൻഡ് ചെയ്തത്.
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും റദ്ദാക്കി. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടർന്ന്, ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഗുസ്തി ഫെഡ്‌റേഷൻ വിഷയങ്ങളിൽ ഇടപെടരുതെന്ന് മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് ബിജെപി താക്കീതും നൽകിയിരുന്നു. എം.പിയുടെ ഇടപെടൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുവെന്നും ഇടപെട്ടാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ മുന്നറിയിപ്പ്.
പീഡനപരാതികൾക്കു പിന്നാലെ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ വലിയ പ്രതിഷേധമുയരുകയും തുടർന്ന് ഇയാളുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ കായികമന്ത്രാലയം തൽക്കാലത്തേക്ക് മരവിപ്പിക്കുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തുകയുമായിരുന്നു. ഇതാണ് വിവാദമായത്.
Adjust Story Font
16