'സൽമാൻ ഖാൻ ലഹരി ഉപയോഗിക്കുന്നു; ആമിർ ഖാന്റെ കാര്യം ദൈവത്തിനറിയാം'; വിവാദ പരാമർശവുമായി ബാബാ രാംദേവ്
ബോളിവുഡിലും രാഷ്ട്രീയത്തിലുമൊക്കെ മയക്കുമരുന്നാണെന്നും രാംദേവ് പറഞ്ഞു.
ലഖ്നൗ: ബോളിവുഡ് നടന്മാർക്കെതിരെ വിവാദ പരാമർശവുമായി യോഗ ഗുരു ബാബാ രാംദേവ്. ബോളിവുഡ് ആകെ ലഹരിമയമാണെന്നും സൽമാൻ ഖാൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്നുമാണ് രാംദേവിന്റെ ആരോപണം. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിലാണ് വിവാദ പരാമർശം.
'ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരി പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായി. ജയിലിലുമായി. സൽമാൻ ഖാനും ലഹരി ഉപയോഗിക്കുന്നു. ആമിർ ഖാന്റെ കാര്യം എനിക്കറിയില്ല. അതൊക്കെ ദൈവത്തിന് മാത്രമേ അറിയൂ'- രാംദേവ് പറഞ്ഞു.
'എത്ര സിനിമാ താരങ്ങൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആർക്കറിയാം. നടിമാർ പോലും അത്യന്തം കൂടിയ അളവിൽ ലഹരി ഉപയോഗിക്കുന്നവരാണ്. സിനിമാ മേഖലയാകെ ലഹരിയിൽ മുങ്ങിയിരിക്കുകയാണ്. ബോളിവുഡിലും രാഷ്ട്രീയത്തിലുമൊക്കെ മയക്കുമരുന്നാണ്'- രാംദേവ് ആരോപണം തുടർന്നു.
'തെരഞ്ഞെടുപ്പിനിടെ ലഹരിമരുന്ന് വിതരണം ചെയ്യുന്നു. ഇന്ത്യ എല്ലാ ലഹരിയിൽ നിന്നും മുക്തമാകണമെന്ന് നാം പ്രതിജ്ഞയെടുക്കണം. ഇതിനായി ഞങ്ങൾ ഒരു പ്രസ്ഥാനം ആരംഭിക്കും'- രാംദേവ് പറഞ്ഞു.
അതേസമയം, യാതൊരു തെളിവുമില്ലാതെയുള്ള രാംദേവിന്റെ ആരോപണത്തിനെതിരെ ആരോപണ വിധേയരായ സെലിബ്രിറ്റികൾ പ്രതികരിച്ചിട്ടില്ല. ലഹരിമരുന്ന് കേസിൽ കഴിഞ്ഞ വർഷം അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ തെളിവുകളുടെ അഭാവത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റവിമുക്തനാക്കിയിരുന്നു എന്നിരിക്കെയാണ് രാംദേവിന്റെ വിവാദ പരാമർശം.
26 ദിവസത്തോളം ജയിലിലായിരുന്ന ആര്യന് പിന്നീട് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആര്യന്റെ കൈയിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും തെളിവില്ലെന്നും എൻ.സി.ബി വ്യക്തമാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 30നാണ് ആര്യൻ ജയിൽ മോചിതനായത്.
Adjust Story Font
16