30 ശതമാനം ടിക്കറ്റുകൾ യാദവേതര ഒബിസികൾക്ക്; ബിജെപിയെ വെട്ടാൻ ഇറങ്ങിക്കളിച്ച് എസ്പി
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ കൂടെനിന്ന ഒബിസി വോട്ടുബാങ്കിനെ ലക്ഷ്യമിട്ടുള്ള സ്ഥാനാർത്ഥി പട്ടികയാണ് ഇത്തവണ എസ്പിയുടേത്
ലഖ്‌നൗ: യുപിയിൽ എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിരിക്കുകയാണ്. വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന ജാതി സമവാക്യങ്ങൾ മനസ്സിൽ വച്ചുള്ള പട്ടികയാണ് എല്ലാവരും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഇതിൽ എടുത്തു പറയേണ്ട പട്ടിക മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയുടേതു തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ കൂടെനിന്ന ഒബിസി വോട്ടുബാങ്കിനെ ലക്ഷ്യമിട്ടുള്ള സ്ഥാനാർത്ഥി പട്ടികയാണ് ഇത്തവണ എസ്പിയുടേത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
യാദവന്മാരുടെ പാർട്ടി എന്നറിയപ്പെടുന്ന എസ്പി, ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ 30 ശതമാനം യാദവേതര ഒബിസികൾക്ക് സീറ്റു നൽകിയിട്ടുണ്ട്. ഫെബ്രുവരി 10,14,20 തിയ്യതികളിൽ നടക്കുന്ന മൂന്നു ഘട്ട വോട്ടെടുപ്പുകളിലേക്ക് ഇതുവരെ 159 സ്ഥാനാർത്ഥികളെയാണ് അഖിലേഷിന്റെ പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിൽ 79 സീറ്റിൽ മത്സരിക്കുന്നത് ഒബിസി സമുദായാംഗങ്ങളാണ്. യാദവേതര വോട്ടുബാങ്കിൽ പാർട്ടി കണ്ണുവയ്ക്കുന്നുണ്ട് എന്നതിന്റെ കൃത്യമായ അടയാളമാണ് സ്ഥാനാർത്ഥി പട്ടിക. 48 യാദവേതര ഒബിസിക്കാരാണ് പട്ടികയിൽ ഇടം പിടിച്ചത്. 31 മുസ്‌ലിംകൾക്കും സീറ്റു നൽകി. 34 ദലിതുകൾ, 24 മേൽജാതിക്കാർ, ഒമ്പത് വനിതകൾ എന്നിങ്ങനെയാണ് പട്ടിക. 15 യാദവന്മാരും മത്സരരംഗത്തുണ്ട്.
ബിജെപിയിൽ നിന്നെത്തിയ ഏഴു പേർക്കും ബിഎസ്പിയിൽ നിന്നെത്തിയ ഒമ്പതു പേർക്കും കോൺഗ്രസിൽ നിന്നെത്തിയ രണ്ടു പേർക്കും ഇടം നൽകിയിട്ടുണ്ട്. ടിക്കറ്റു ലഭിച്ച മേൽജാതി സമുദായങ്ങളിൽ ഒമ്പതു പേർ ബ്രാഹ്‌മണ സമുദായാംഗങ്ങളാണ്. ഏഴു പേർ ഠാക്കൂറുകളും ഒമ്പതു പേർ വൈശ്യ സമുദായത്തിൽനിന്നുള്ളവരും.
പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കർഹാലിൽ നിന്നാണ് മത്സരിക്കുന്നത്. ജയിലിൽ കഴിയുന്ന നഹീദ് ഹസൻ കൈറാനയിൽ നിന്നും അസംഖാൻ റാംപൂരിൽ നിന്നും ജനവിധി തേടും. അസം ഖാന്റെ മകൻ അബ്ദുല്ല അസം സൗർ മണ്ഡലത്തിൽനിന്ന് മത്സരിക്കും. അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്പാൽ യാദവ് ഇറ്റാവ ജില്ലയിൽ നിന്നുള്ള ജസ്വന്ത് നഗറിൽ നിന്നാണ് മത്സരിക്കുക. ഈയിടെ ബിജെപിയിൽ നിന്ന് രാജി വച്ചെത്തിയ മുൻമന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മകൻ ഉൽകൃഷ്ടിന് സീറ്റു കിട്ടിയില്ല. ഡൽഹി ജമാ മസ്ജിദ് ഇമാം മൗലാനാ അഹ്‌മദ് ബുഖാരിയുടെ മരുമകൻ ഉമർ അലി ബേഹാതിൽ നിന്ന് ജനവിധി തേടും.
ജാതി വോട്ടുകൾ ഇങ്ങനെ
പരമ്പരാഗതമായ മേൽജാതി സമുദായ വോട്ടുകൾക്ക് ഒപ്പം യാദവേതര ഒബിസി, ജാദവ്, ദളിത് ഇതര വോട്ടുകൾ സ്വന്തമാക്കിയാണ് ബിജെപി 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം കൊയ്തത്. മുസ്‌ലിം വോട്ടുകൾ ഭിന്നിക്കപ്പെട്ടതും പാര്‍ട്ടിക്ക് സഹായകരമായി. 40 ശതമാനത്തോളം വോട്ടുവിഹിതത്തിൽ 312 സീറ്റാണ് ബിജെപി സ്വന്തമാക്കിയത്. രണ്ടു ദശാബ്ദത്തിനിടെ യുപിയിൽ ഒരു രാഷ്ട്രീയ കക്ഷി നേടുന്ന ഏറ്റവും വലിയ സീറ്റാണിത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ വോട്ടുബാങ്കുകൾ ബിജെപിയെ തുണച്ചു. ഏകദേശം അമ്പത് ശതമാനമായിരുന്നു പാർട്ടിയുടെ വോട്ടു വിഹിതം. എസ്പി-ബിഎസ്പി സഖ്യത്തിന് 38 ശതമാനം വോട്ടു മാത്രമേ കിട്ടിയുള്ളൂ. 2022ലെ തെരഞ്ഞെടുപ്പിൽ ബിഎസ്പിയും എസ്പിയും വെവ്വേറെയാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബിജെപിയിൽ നിന്നും ബിഎസ്പിയിൽ നിന്നും യാദവേതര ഒബിസി നേതാക്കൾ എസ്പിയിലേക്ക് ചേക്കേറിയതാണ് സംസ്ഥാനത്തെ പ്രവചനം അപ്രചനീയമാക്കിയത്. മന്ത്രിമാര്‍ അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടത് ബിജെപിയില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു.
സംസ്ഥാന ജനസംഖ്യയിൽ 25-27 ശതമാനമാണ് പൊതു ജാതികൾ. പത്തു ശതമാനം ബ്രാഹ്‌മണരും ഏഴു ശതമാനം ഠാക്കൂറുകളും ഇതിലുണ്ട്. ഠാക്കൂറുകൾ ഏഴു ശതമാനം, വൈശ്യർ അഞ്ചു ശതമാനം, മറ്റുള്ളവർ മൂന്നു ശതമാനം എന്നിങ്ങനെയാണ് പൊതുവിഭാഗത്തിലെ അനുപാതം.
ഒബിസി വിഭാഗക്കാർ 39-40 ശതമാനമാണ്. 7-9 ശതമാനം യാദവന്മാരും നാലു ശതമാനം നിഷാദുകളും ഇതിൽപ്പെടും. മൗര്യ അഞ്ചു ശതമാനം, കുർമി അഞ്ചു ശതമാനം, ലോധി രണ്ടു ശതമാനം, ജാട്ട് രണ്ടു ശതമാനം, മറ്റുള്ളവർ 13 ശതമാനം എന്നിങ്ങനെയാണ് ഒബിസിക്കു കീഴിൽ വരുന്നത്.
പത്തു ശതമാനം ജാദവന്മാർ ഉൾപ്പെടെ 20 ശതമാനത്തോളമാണ് എസ്.സി-എസ്.ടി വിഭാഗക്കാർ. പാസികൾ നാലു ശതമാനവും മറ്റു വിഭാഗക്കാർ ആറു ശതമാനവും ഈ വിഭാഗത്തിന് കീഴിൽ വരും. 16-19 ശതമാനം വരും മുസ്‌ലിം ജനസംഖ്യ.
Adjust Story Font
16