Quantcast

സംഭൽ സംഘർഷം: മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്

സംഭൽ എംപി സിയാഉർ റഹ്മാൻ ബാർഖിനെ പ്രതി ചേർത്തിട്ടുള്ള അതേ കേസിലാണ് അഡ്വ. സഫർ അലിയുടെയും കസ്റ്റഡിയെന്ന് പൊലീസ് പറയുന്നു.

MediaOne Logo

Web Desk

  • Updated:

    23 March 2025 2:09 PM

Published:

23 March 2025 11:50 AM

Sambhal mosque chief arrested over Nov 24 violence after court-ordered survey
X

ലഖ്നൗ: ഉത്തർപ്രദേശിലെ സംഭലിൽ കോടതി ഉത്തരവിനെ തുടർന്നുണ്ടായ സർവേയ്ക്ക് പിന്നാലെയുണ്ടായ സംഘർഷത്തിൽ ഷാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കസ്റ്റഡിയിൽ. അഡ്വ. സഫർ അലിയെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നവംബർ 24നുണ്ടായ സംഘർത്തിൽ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്നും വ്യാജ തെളിവുകളുണ്ടാക്കിയെന്നുമാണ് സഫർ അലിക്കെതിരായ പൊലീസ് ആരോപണം. ഇതിൽ മൊഴിയെടുക്കാനാണ് കസ്റ്റഡിയെന്നാണ് പൊലീസ് പറയുന്നത്.

സഫർ അലിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തോ എന്ന ചോദ്യത്തിന്, നവംബർ 24ലെ സംഘർഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി എസ്ഐടി കസ്റ്റഡിയിലെടുത്തതാണെന്ന് സംഭൽ കോട്‌വാലി ഇൻചാർജ് അനുജ് കുമാർ തോമർ പ്രതികരിച്ചു. സംഭൽ എംപി സിയാഉർ റഹ്മാൻ ബാർഖിനെ പ്രതി ചേർത്തിട്ടുള്ള അതേ കേസിലാണ് അഡ്വ. സഫർ അലിയുടെയും കസ്റ്റഡിയെന്ന് പൊലീസ് പറയുന്നു.

പുരാതന ഹിന്ദു ക്ഷേത്രമായ ഹരിഹർമന്ദിർ തകർത്താണ് മുഗൾ കാലഘട്ടത്തിൽ പള്ളി നിർമിച്ചതെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശവാദത്തെ തുടർന്നാണ് തർക്കം രൂപപ്പെട്ടത്. പിന്നീട് സംഭൽ കോടതി സർവേയ്ക്ക് ഉത്തരവിടുകയായിരുന്നു. കോടതിവിധി വന്ന് മണിക്കൂറുകൾക്കകം തന്നെ മസ്ജിദിൽ പ്രാഥമിക സർവേ നടത്തി. തുടർന്ന് നവംബർ 24നും മസ്‌ജിദിൽ സർവേ നടത്തി. 24നുണ്ടായ സർവേയുടെ തുടക്കം മുതൽ ഉദ്യോഗസ്ഥ സംഘം പ്രകോപനങ്ങൾ സൃഷ്ടിച്ചിരുന്നു. സർവേയ്ക്കായി ഉദ്യോ​ഗസ്ഥരും അഭിഭാഷകരും ജയ് ശ്രീറാം വിളികളോടെയാണെത്തിയത്. തുടർന്ന് മസ്ജിദിനകത്തുണ്ടായിരുന്ന എല്ലാവരേയും പുറത്താക്കി.

ദീർഘ നേരത്തെ അഭ്യർഥനയ്ക്കൊടുവിലാണ് ഇമാമിനെ പള്ളിയിൽ തന്നെ തുടരാൻ അനുവദിച്ചത്. പള്ളിക്കു പുറത്ത് ധാരാളം വിശ്വാസികൾ തടിച്ചുകൂടിയിരുന്നു. ഇതിനിടെ, ഒരുകൂട്ടം ഹിന്ദുത്വവാദികൾ പ്രകോപനപരമായ രൂപത്തിൽ ജയ്ശ്രീറാം വിളിച്ചുവന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. പൊലീസ് പൊടുന്നനെ ലാത്തിവീശി. ടിയർ ഗ്യാസ് പ്രയോഗിച്ചു. തൊട്ടുപിന്നാലെ ജനക്കൂട്ടത്തിനു നേരെ നിറയൊഴിക്കുകയും ചെയ്തു. പൊലീസ് വെടിവെപ്പിൽ അ‍ഞ്ച് മുസ്‌ലിം ചെറുപ്പക്കാർ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പൊലീസ് വെടിവെപ്പ് നടത്തിയ സമയത്ത് മാർക്കറ്റിൽ പോയി വരികയായിരുന്ന മൂന്ന് യുവതികൾ ഉൾപ്പെടെ 40ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യാതൊരു പ്രകോനവുമില്ലാതെയാണ് യുപി പൊലീസ് അഞ്ചു പേരെ വെടിവെച്ച് കൊന്നതെന്ന് ഷാഹി മസ്ജിദ് ഇമാം ഹാഫിള് മുഹമ്മദ് ഫഹീം പറഞ്ഞിരുന്നു. ഇതിനിടെ ഡിസംബറിൽ മസ്ജിദിലെ പുരാതന കിണർ ജില്ലാ ഭരണകൂടം പിടിച്ചെടുത്തിരുന്നു. മസ്ജിദിന്റെ കിഴക്കേ മതിലിനോട് ചേർന്ന കിണറാണ് മുന്നറിയിപ്പില്ലാതെ പിടിച്ചെടുത്തത്.

തുടർന്ന്, ജനുവരി ഒമ്പതിന് സംഭൽ ഷാഹി മസ്ജിദുമായി ബന്ധപ്പട്ട് കീഴ്‌ക്കോടതിയുടെ എല്ലാ നടപടിക്രമങ്ങളും അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർവേ അടക്കമുള്ള നടപടികൾ ഫെബ്രുവരി 25 വരെയാണ് തടഞ്ഞത്. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ സിംഗിൾ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ഹിന്ദു സംഘടനകളുടെ ഹരജിയിൽ 2024 നവംബർ 19നാണ് സംഭൽ സിവിൽ കോടതി മസ്ജിദിൽ സർവേ നടത്താൻ ഉത്തരവിട്ടത്.

സർവേയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ബിജെപി​ക്കും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സമാജ് വാദി പാർട്ടിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് അനധികൃത ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും ഇത് നിരപരാധികളുടെ ജീവൻ നഷ്ടമാകാൻ കാരണ​മായെന്നും റിപ്പോർട്ടിൽ പറയുന്നു. മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ട് ബിജെപി മുൻകൂട്ടി പദ്ധതിയിട്ട ആക്രമണമാണിതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.






TAGS :

Next Story