Quantcast

പശ്ചാത്തലത്തിൽ ഖുർആൻ സൂക്തങ്ങൾ; പ്രിയങ്കയുടെ കാശി റാലിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച് ബി.ജെ.പി

ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം എന്ന ആരോപണവുമായി വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി ബി.ജെ.പി പ്രവർത്തകരാണ് ഇവരുടെ ട്വീറ്റ് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    16 Oct 2021 12:46 PM GMT

പശ്ചാത്തലത്തിൽ ഖുർആൻ സൂക്തങ്ങൾ; പ്രിയങ്കയുടെ കാശി റാലിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച് ബി.ജെ.പി
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ വാരാണസിയിൽ പ്രിയങ്കാ ഗാന്ധി നടത്തിയ കർഷക റാലിയുടെ പേരിൽ വ്യാജപ്രചാരണവുമായി ബി.ജെ.പി. പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് നേതാക്കളും വേദിയിൽ നിൽക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് ഖുർആൻ സൂക്തങ്ങൾ കൂട്ടിച്ചേർത്താണ് പ്രചരിപ്പിക്കുന്നത്. ബി.ജെ.പി വക്താവ് സാംബിത് പത്ര അടക്കമുള്ളവർ വീഡിയോ ട്വീറ്റ് ചെയ്തു.

മുസ്‌ലിംകളെ പ്രീണിപ്പിക്കാനാണ് പ്രിയങ്കയും കോൺഗ്രസും ശ്രമിക്കുന്നതെന്ന തലക്കെട്ടിലാണ് സാംബിത് പത്ര വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്തതിൽ അതൃപ്തിയുണ്ടെന്ന് പറയുന്ന ഒരാളുടെ വീഡിയോയും സാംബിത് പത്ര ടീറ്റ് ചെയ്തിട്ടുണ്ട്.

പ്രിയങ്കാ വാദ്രയും കോൺഗ്രസും...ഒക്‌ടോബർ 14ന് അവരുടെ വാരാണസി റാലിയിൽ ചിലരെ പ്രീണിപ്പിക്കാൻ ചെയ്തതാണ്...ഇതായിരുന്നു സാംബിത് പത്രയുടെ ആദ്യ ട്വീറ്റ്. പിന്നീട് തിയ്യതി എഡിറ്റ് ചെയ്ത് ഒക്‌ടോബർ 10 ആക്കി.

ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം എന്ന ആരോപണവുമായി വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി ബി.ജെ.പി പ്രവർത്തകരാണ് ഇവരുടെ ട്വീറ്റ് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്.

പ്രിയങ്കയുടെ റാലി കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ പേജിൽ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. പരിപാടിയുടെ തുടക്കത്തിൽ ഒരാൾ വേദിയിൽ വന്ന് ഓരോ മതക്കാരും അവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാർഥനകൾ ഉരുവിടാൻ ആവശ്യപ്പെടുന്നുണ്ട്.

വീഡിയോയുടെ 01:50-05:03 മിനിറ്റിൽ ശബ്ദത്തിന് പ്രശ്‌നങ്ങളുണ്ട്. 05:43-08:33 വരെയുള്ള സമയത്താണ് ഖുർആൻ സൂക്തങ്ങൾ കേൾക്കുന്നത്. തുടർന്ന് 08:40-09:35 മിനിറ്റിൽ സിഖ് പ്രാർഥനാ വചനങ്ങളും വീഡിയോയിലുണ്ട്. പിന്നീട് പ്രിയങ്കാ ഗാന്ധി റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിക്കുന്നത് ദുർഗാ സ്തുതി മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടാണ്.

റാലിയിൽ എല്ലാ മതങ്ങളുടെയും പ്രാർഥനാ വചനങ്ങൾ ഉരുവിട്ടതായി പരിപാടി തത്സമയം റിപ്പോർട്ട് ചെയ്ത ചന്ദൻ പാണ്ഡെ എന്ന റിപ്പോർട്ടറെ ഉദ്ധരിച്ച് 'ദി ക്വിന്റ്' റിപ്പോർട്ട് ചെയ്തു. എല്ലാ മതങ്ങളുടെ പ്രാർഥനാ വചനങ്ങൾ ഉരുവിട്ടുകൊണ്ട് ആരംഭിച്ച ഒരു പരിപാടിയിൽ ഖുർആൻ വചനങ്ങൾ മാത്രം അടർത്തിയെടുത്ത് വിദ്വേഷ പ്രചാരണം നടത്തുകയാണ് ബി.ജെ.പി ചെയ്തത്.

TAGS :

Next Story