Quantcast

'ഷാരൂഖ് ഖാന്റെ ചാറ്റ് ചോര്‍ത്തല്‍; ആര്യന്‍ ഖാനെ വെറുതെവിടാന്‍ 25 കോടി കൈക്കൂലി'; ആരോപണങ്ങളില്‍ പ്രതികരിച്ച് സമീര്‍ വാങ്കെഡെ

'ആര്യൻ ഖാൻ കുട്ടിയല്ല. 23-ാം വയസിലാണ് ഭഗത് സിങ് രാജ്യത്തിനു വേണ്ടി ജീവൻ ബലിനൽകിയത്.'

MediaOne Logo

Web Desk

  • Published:

    2 Jan 2025 7:33 AM GMT

Sameer Wankhede on Shah Rukh Khan and Aryan Khan case, Aryan Khan drug case
X

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനുമായുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) മുൻ സോണൽ ഡയരക്ടർ സമീർ വാങ്കെഡെ. 2021ലെ ആഡംബരക്കപ്പലിലെ ലഹരി പാർട്ടി കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മോചിപ്പിക്കാൻ വേണ്ടി 25 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു.

ദേശീയ വിനോദ പോർട്ടലായ 'ന്യൂജെ'യ്ക്കു നൽകിയ അഭിമുഖത്തിലാണ് ലഹരി പാർട്ടി കേസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. മകനെതിരായ കേസ് ഒഴിവാക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള ഷാരൂഖ് ഖാന്റെ രഹസ്യ ചാറ്റ് പുറത്തുവിട്ടത് താങ്കളാണോ എന്ന ചോദ്യത്തോട് ആദ്യം സമീർ വാങ്കെഡെ പ്രതികരിച്ചില്ല. പിന്നീട്, ഇത്തരത്തിൽ വിവരങ്ങൾ ചോർത്താൻ മാത്രം ദുർബലനല്ല താനെന്നു വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ആര് ചെയ്തതാണെങ്കിലും ഒന്നുകൂടി ആഞ്ഞു ശ്രമിക്കണമെന്നേ അവരോട് പറയാനുള്ളൂവെന്നും സമീർ വാങ്കെഡെ പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതിനാൽ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

ആര്യൻ ഖാനെ വെറുതെവിടാൻ 25 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങളെയും സമീർ പൂർണമായി നിഷേധിച്ചു. 'ഞാൻ ആര്യൻ ഖാനെ മോചിപ്പിച്ചിട്ടില്ല. അവനെ അറസ്റ്റ് ചെയ്യുകയാണ് ഞാൻ ചെയ്തത്. കേസ് കോടതിക്കു മുന്നിലാണുള്ളത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് പൂർണമായ വിശ്വാസമുണ്ട്.'-അദ്ദേഹം പറഞ്ഞു.

ഷാരൂഖ് ഖാൻ ചിത്രം 'ജവാനി'ലെ ഡയലോഗുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സമീർ വാങ്കെഡെ നിലപാട് പറഞ്ഞു. 'ആ ഡയലോഗിന്റെ ഉന്നം ഞാനാണോ എന്ന് അറിയില്ല. ആ സിനിമ ഞാൻ കണ്ടിട്ടില്ല. സിനിമ ഹിറ്റാകാൻ വേണ്ടി എന്റെ പേര് ഉപയോഗിക്കാൻ മാത്രം വലിയ ആളല്ല ഞാൻ.'-അദ്ദേഹം പറഞ്ഞു. 'ബേട്ടെ കോ ഹാഥ് ലഗാനെ സേ പഹ്ലേ, ബാപ് സെ ബാത് കർ'(മകനെ തൊടുംമുൻപ് തന്തയെ നേരിടാൻ തയാറാകൂ) എന്നായിരുന്നു സിനിമയിലെ ഡയലോഗ്. ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി പാർട്ടി കേസിൽ അന്വേഷണത്തിനു നേതൃത്വം നൽകിയ സമീർ വാങ്കെഡെയെ ലക്ഷ്യമിട്ടായിരുന്നു ഈ ഡയലോഗ് എന്ന തരത്തിൽ ചർച്ചകളുണ്ടായിരുന്നു. സിനിമയിൽ ഇത്തരത്തിലുള്ള 'ബാപ്-ബേട്ട' പ്രയോഗം ശരിയല്ലെന്നും മൂന്നാംകിട പരിപാടിയാണെന്ന് സമീർ അഭിമുഖത്തിൽ വിമർശിച്ചു.

ഗ്രേറ്റർ മുംബൈയിൽ ഡിസിപി ആയിരുന്ന സമയത്ത് ഷാരൂഖ് ഖാനുമായി നല്ല സൗഹൃദമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആദരവോടെയാണു പരസ്പരം പെരുമാറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആര്യൻ ഖാനെ കുട്ടിയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളെ സമീർ വിമർശിച്ചു. 'ഞാൻ ഒരു കുട്ടിയെയല്ല അറസ്റ്റ് ചെയ്തത്. 23-ാമത്തെ വയസിലാണ് ഭഗത് സിങ് രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയയാളാണ്. അവനെ(ആര്യൻ) ഒരു കുട്ടിയെന്നു വിളിക്കാൻ പറ്റില്ല.'-സമീർ വാങ്കെഡെ ചൂണ്ടിക്കാട്ടി.

2021 ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാനടക്കം 20 പേരുമായി ഗോവയിലേക്കു പുറപ്പെട്ട കോർഡെലിയ ആഡംബരക്കപ്പലിൽ എൻബിസിയുടെ മിന്നൽ റെയ്ഡ് നടന്നത്. സമീർ വാങ്കെഡെയായിരുന്നു റെയ്ഡിനു നേതൃത്വം നൽകിയത്. കപ്പലിൽ ലഹരി പാർട്ടി നടന്നെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും അവകാശപ്പെട്ട് എൻബിസി ആര്യൻ ഖാൻ അടക്കം 15 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് മതിയായ തെളിവുകളില്ലെന്നും അന്വേഷണത്തിൽ അപാകതയുണ്ടെന്നും കാണിച്ച് ആര്യൻ ഖാൻ അടക്കം ആറു പ്രതികൾക്ക് അന്വേഷണസംഘം ക്ലീൻചിറ്റ് നൽകി. 26 ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് ആര്യൻ ഖാൻ പുറത്തിറങ്ങിയത്.

Summary: Former Mumbai Zonal Director of the Narcotics Control Bureau (NCB) Sameer Wankhede denies leaking Shah Rukh Khan’s chats and Rs 25 crore bribe to release Aryan Khan

TAGS :

Next Story