സനാതന ധർമ വിവാദം: ശക്തമായ മറുപടി നൽകാൻ മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ നിർദേശം
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും സനാതന ധർമ വിവാദം ഉയർത്തി പ്രചാരണം നടത്താനാണ് ബി.ജെ.പിയുടെ നീക്കം.
ന്യൂഡൽഹി: സനാതന ധർമ വിവാദത്തിൽ ശക്തമായ മറുപടി നൽകാൻ മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് മോദിയുടെ നിർദേശം. ഭരണഘടന ഉറപ്പ് നൽകുന്ന വിശ്വാസ സ്വാതന്ത്ര്യം ഉൾപ്പടെ വിശദീകരിക്കണം എന്നും പ്രധാനമന്ത്രി നിർദേശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഈ വിഷയം ഉയർത്തി പ്രചാരണം നടത്താനാണ് ബി.ജെ.പിയുടെ നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും ഉദയനിധിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.
തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരെ നടത്തിയ പ്രസ്താവനയാണ് ദേശീയതലത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അവ ഇല്ലാതാക്കാൻ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിർക്കാൻ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധർമത്തെയും നമുക്ക് തുടച്ചുനീക്കണം എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷൻ ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദയനിധിയുടെ പരാമർശം.
Adjust Story Font
16