Quantcast

സന്ദേശ്ഖാലിയും ഫലിച്ചില്ല, ബിജെപിയുടെ രേഖ പത്ര പരാജയപ്പെട്ടത് 3 ലക്ഷത്തിലധികം വോട്ടുകൾക്ക്

വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങിയത് ബിജെപിയാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും സന്ദേശ്ഖാലിയിലെ ഒരു യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    4 Jun 2024 6:16 PM GMT

sandeshkhali
X

സന്ദേശ്ഖാലി കേസിനെ തൃണമൂല്‍ കോണ്‍ഗ്രസിനും ഇൻഡ്യ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കുമെതിരെ ആയുധമാക്കിയാണ് ബിജെപി പശ്ചിമ ബംഗാളിൽ ഇറങ്ങിയത്. എന്നാൽ, സന്ദേശ്ഖാലിയിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളയുന്ന കാഴ്ചയാണ് പശ്ചിമ ബംഗാളിൽ കണ്ടത്.

ബസിർഹട്ടിലെ ബിജെപി സ്ഥാനാർത്ഥി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 3.3 ലക്ഷത്തിലധികം വോട്ടുകൾക്ക് തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ടു. ബസിർഹത്ത് ലോക്‌സഭാ സീറ്റിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ ഒന്നാണ് സന്ദേശ്ഖാലി. സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ്റെയും അദ്ദേഹത്തിൻ്റെ സഹായികളുടെയും പീഡനത്തിനിരയായ രേഖ പത്രയെന്ന 27കാരിയായിരുന്നു ബിജെപിയുടെ തുറുപ്പുചീട്ട്.

ശക്തിയുടെ ആൾരൂപം എന്നുവിളിച്ചുകൊണ്ടാണ് മാർച്ചിൽ രേഖ പത്രയെ പ്രധാനമന്ത്രി നരേന്ദ്രമോദി ബസിർഹട്ടിൽ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത്. തൃണമൂൽ കോൺഗ്രസിൻ്റെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും വിജയത്തിന് പ്രധാന കാരണങ്ങളിലൊനായ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ബിജെപിയുടെ പ്രചാരണം. ഷെയ്ഖ് ഷാജഹാനെതിരെ ആരോപണങ്ങൾ അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസിനെതിരെ പ്രചാരണങ്ങൾ കൊഴുപ്പിക്കുകയാണുണ്ടായത്. ഷാജഹാനെ മമത ബാനർജി സംരക്ഷിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.

ഇതിനിടെ കഴിഞ്ഞ മാസം സന്ദേശ്ഖാലിയിൽ ബലാത്സംഗമോ ലൈംഗികാതിക്രമമോ നടന്നിട്ടില്ലെന്ന് സമ്മതിക്കുന്ന ഒരു ബി.ജെ.പി നേതാവിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നുത് പാർട്ടിക്ക് കനത്ത തിരിച്ചടിയായി. പശ്ചിമ ബംഗാളിലെ മുതിർന്ന പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ നിർദ്ദേശപ്രകാരമാണ് സ്ത്രീകൾ അത്തരം പരാതികൾ നൽകാൻ തയ്യാറായതെന്നതടക്കം വീഡിയോയിൽ ബിജെപി നേതാവ് പറഞ്ഞിരുന്നു.

ഷാജഹാനും സഹായികളും ഗ്രാമത്തിൽ നടത്തിയ ഭൂമി കൈയേറ്റത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ ലൈംഗികാതിക്രമ പരാതി നൽകാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ബിജെപിയുടെ മണ്ഡൽ സഭാപതി ഗംഗാധർ കായൽ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. നേരത്തെ തൃണമൂൽ കോൺഗ്രസിനൊപ്പമുണ്ടായിരുന്ന പശ്ചിമ ബംഗാൾ നിയമസഭയിലെ ബിജെപിയുടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ഇതിനുള്ള നിർദ്ദേശങ്ങൾ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി.യുമായി ബന്ധമുള്ളവർ ഒഴിഞ്ഞ വെള്ളപേപ്പറിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ച ശേഷം തൻ്റെ പേരിൽ വ്യാജ ബലാത്സംഗ പരാതി എഴുതി നൽകിയെന്ന ആരോപണവുമായി സന്ദേശ്ഖാലിയിലെ ഒരു സ്ത്രീയും രംഗത്തെത്തിയിരുന്നു. തുറന്നുസംസാരിക്കാൻ ധൈര്യം കാണിച്ചതിന്റെ പേരിൽ സന്ദേശ്ഖാലിയിലെ സ്ത്രീകളെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്ന് തൃണമൂൽ എംപി സുസ്മിത ദേവും ആരോപിച്ചിരുന്നു.

സിറ്റിംഗ് എംപി നുസ്രത്ത് ജഹാന് പകരം പാർട്ടി നാമനിർദ്ദേശം ചെയ്ത തൃണമൂലിൻ്റെ ഹാജി നൂറുലാണ് ബസിർഹട്ടിൽ നിന്ന് വിജയിച്ച സ്ഥാനാർഥി. മമത ബാനർജിയുടെ മാജിക്കാണ് കണ്ടതെന്ന് ഹാജി നൂറുൽ പ്രതികരിച്ചു. ജനങ്ങൾക്ക് മമതയിൽ പൂർണ വിശ്വാസമുണ്ട്. ഗൂഢാലോചനയിലൂടെ മാത്രം അവരെ പരാജയപ്പെടുത്തുന്നത് അത്ര എളുപ്പമല്ലെന്നും ഹാജി നൂറുൽ കൂട്ടിച്ചേർത്തു.

TAGS :

Next Story